

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ 260 പേരുടെ ജീവനെടുത്ത വിമാനാപകടത്തില്‍ ഒരാള്‍ക്കും ചീഫ് പൈലറ്റിനെ മാത്രം കുറ്റം പറയാനാകില്ലെന്ന് സുപ്രീം കോടതി. പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കരാജ് സബര്‍വാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. വിഷയത്തില്‍ കേന്ദ്രത്തിനും ഡിജിസിഎയ്ക്കും സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്തവും പൈലറ്റുമാര്‍ക്ക് മേല്‍ ചാരുകയാണെന്നും വിഷയത്തില്‍ സുതാര്യമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബര്‍വാളും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സും സുപ്രീം കോടതിയെ സമീച്ചത്.
വിമാന ദുരന്തം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. എന്നു കരുതി നിങ്ങളുടെ മകനെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നതിന്റെ ഭാരം ചുമന്ന് ജീവിക്കേണ്ടതില്ലെന്ന് പിതാവ് പുഷ്‌കരാജിനോട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
'ഇന്ത്യയിലെ ആരും തന്നെ അത് പൈലറ്റിന്റെ തെറ്റാണെന്ന് കരുതുന്നില്ല. പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പൈലറ്റിനെതിരെ ഇതുവരെ ഒരു കുറ്റവുമില്ല. ഇന്ധനം നിര്‍ത്തിയത് നിങ്ങളാണോ എന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിച്ചപ്പോള്‍ അല്ലെന്നാണ് മറുപടി വന്നത്,' സൂര്യകാന്ത് പറഞ്ഞു.
വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പൈലറ്റിനെ കുറ്റക്കാരനാക്കിക്കൊണ്ട് വന്ന റിപ്പോര്‍ട്ട് പിതാവിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അത്തരത്തില്‍ ഒരു വിദേശ റിപ്പോര്‍ട്ടിനെയും നമ്മള്‍ കാര്യമാക്കേണ്ടതില്ലെന്ന് ജസ്റ്റിസ് മറുപടി നല്‍കി. അതൊരു തെറ്റായ റിപ്പോര്‍ട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്ന നിലയ്ക്കാണ് വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് വന്നതെന്നും അതില്‍ തനിക്ക് ആശങ്കയുണ്ട്. എഎഐബി റിപ്പോര്‍ട്ട് സ്വതന്ത്രമല്ല. സംഭവത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുപ്രീം കോടതിയോട് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ജൂണിലാണ് ലണ്ടണിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. അപകടം മാനുഷിക ദുരന്തമാണെന്നായിരുന്നു എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്തിനാണെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ 'ഞാന്‍ ഓഫ് ചെയ്തിട്ടില്ല' എന്നാണ് അടുത്ത പൈലറ്റിന്റെ മറുപടി. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അപകടത്തിനു കാരണം പൈലറ്റിന്റെ പിഴവാണെന്ന തരത്തില്‍ പ്രചരണമുണ്ടായത്.