വിദ്യാര്‍ഥികളെ രണ്ട് ദിവസത്തെ ഹാജര്‍ നല്‍കി പ്രധാനമന്ത്രിയുടെ പരിപാടിക്ക് വിട്ടു, പക്ഷെ റീല്‍സ് ചതിച്ചു: ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി വീണ്ടും വിവാദത്തില്‍!

പുതിയ വിവാദം കഴിഞ്ഞ ശനിയാഴ്ച നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഗ്രേറ്റർ നോയിഡയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ടാണ്.
Universities requiring students to attend airport inauguration triggers debate
Universities requiring students to attend airport inauguration triggers debateNews Malayalam
Published on
Updated on

നോയിഡ: ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദില്ലിയിലെ എഐ ഉച്ചകോടിയില്‍ ചൈനീസ് ഡോഗ് റോബോട്ടിനെ പ്രദര്‍ശിപ്പിച്ച് യൂണിവേഴ്സിറ്റി വികസിപ്പിച്ചതാണ് എന്ന അവകാശവാദമാണ് ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയെ കുപ്രശസ്തരാക്കിയത്. എന്നാല്‍ പുതിയ വിവാദം കഴിഞ്ഞ ശനിയാഴ്ച നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഗ്രേറ്റർ നോയിഡയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ടാണ്.

ഗ്രേറ്റർ നോയിഡയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം ബുദ്ധ നഗറിലെ ഗൽഗോട്ടിയാസ് അടക്കം സർവകലാശാലകൾ സന്ദേശങ്ങള്‍ അയച്ചെന്നും അതിന് പ്രത്യേക ഗതാഗത സംവിധാനം അടക്കം ഒരുക്കിയെന്നാണ് വിമര്‍ശനം. രസകരമായ കാര്യം ഈ പരിപാടിയില്‍ പങ്കെടുത്ത ചില വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിക്ക് പോകാന്‍ യൂണിവേഴ്സിറ്റി നിര്‍ദേശിക്കുന്ന സന്ദേശങ്ങള്‍ അടക്കം ചേര്‍ത്ത് റീലുകള്‍ ഇറക്കിയതോടെയാണ് ഈ സംഭവം പുറത്തെത്തിയത് എന്നതാണ്.

ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി, ശാരദ യൂണിവേഴ്സിറ്റി, ജെഎസ്എസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ഥികള്‍ മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത വിമാനത്താവള ഉദ്ഘാടനത്തിന് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവധി ദിവസമാണോ ക്ലാസ്സുള്ള ദിവസമാണോ എന്ന് പരിഗണിക്കാതെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി ഒന്നിലധികം സന്ദേശങ്ങൾ അയച്ചതായി ഒരു വിദ്യാർഥി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട റീലില്‍ വെളിപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് രണ്ട് ദിവസത്തെ ഹാജർ അധികമായി നൽകുമെന്നും വാഗ്ദാനവും യൂണിവേഴ്സിറ്റി നല്‍കിയിരുന്നു എന്നാണ് ആരോപണം. സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി നേഹ സിംഗ് അയച്ചതെന്ന് പറയപ്പെടുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയോ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ക്ഷണം ലഭിച്ച 1,200 വിദ്യാര്‍ഥികള്ളിൽ 1000 പേർ പങ്കെടുത്തതായി ശാരദ യൂണിവേഴ്സിറ്റി സർവകലാശാല വക്താവ് അറിയിച്ചു. 20 ബസുകൾ യാത്രാ സൗകര്യത്തിനായി നൽകിയിരുന്നു എന്നും ഇവര്‍ വ്യക്തമാക്കി. എന്നാൽ ഇവിടെ പങ്കാളിത്തം നിർബന്ധമായിരുന്നില്ലെന്നും മറ്റ് ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നുമാണ് ശാരദ യൂണിവേഴ്സിറ്റി പറയുന്നത്.

ജെഎസ്എസ് അക്കാദമിയും ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് രണ്ട് ദിവസത്തെ ഹാജരും പ്രശംസാ പത്രവും വാഗ്ദാനം ചെയ്തിരുന്നു എന്നാണ് ആരോപണം. എന്നാല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഇത് സമ്മതിച്ചില്ല. ഏകദേശം 1,000 വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തുവെന്ന് പറയുന്ന ഇവര്‍ അവരെ പ്രത്യേകം തിരഞ്ഞെടുത്താണ് അയച്ചതെന്ന് പറയുന്നു.

പല ഹിന്ദി യൂട്യൂബേര്‍സും ഇതിന്‍റെ വീഡിയോയും മറ്റും ചെയ്യുന്നുണ്ട്. ഈ നടപടിക്കെതിരെ രാഷ്ട്രീയ രംഗത്തുനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ ജനതാദൾ നേതാവും രാജ്യസഭാ എംപിയുമായ മനോജ് ഝാ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. "ഇതൊരു പ്രധാനപ്പെട്ട ഉദ്ഘാടന ചടങ്ങാണ്. പക്ഷേ, കോളേജുകളിലേക്കും സ്കൂളുകളിലേക്കും ഇത്തരത്തിൽ നോട്ടീസ് അയക്കുന്നതും ആളുകളെ ബസ്സുകളിൽ കൂട്ടത്തോടെ എത്തിക്കുന്നതും ശരിയായ രീതിയല്ല. ഇത് അംഗീകരിക്കാനാവില്ല," എന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com