അഹമ്മദാബാദ് വിമാനാപകടത്തിന്റെ മുറിവുണങ്ങും മുമ്പ് എയർ ഇന്ത്യാ ഓഫീസില്‍ പാർട്ടി; നാല് മുതിർന്ന ജീവനക്കാരെ പിരിച്ചുവിട്ട് ടാറ്റ

ഓഫീസ് പാർട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ജീവനക്കാരോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു
എയർ ഇന്ത്യ സാറ്റ്സ് ഓഫീസില്‍ നടന്ന പാർട്ടി
എയർ ഇന്ത്യ സാറ്റ്സ് ഓഫീസില്‍ നടന്ന പാർട്ടിSource: X
Published on

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ ഓഫീസില്‍ പാർട്ടി നടത്തിയ നാല് മുതിർന്ന എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിട്ട് ടാറ്റാ ഗ്രൂപ്പ്. വിമാനത്താവള ഗേറ്റ്‌വേ സേവന ദാതാവായ എയർഇന്ത്യ സാറ്റ്സ് (SATS) ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എയർ ഇന്ത്യ വിമാനാപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം നടന്ന ഓഫീസ് പാർട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ജീവനക്കാരോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അഹമ്മദാബാദിൽ 275 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഗുരുഗ്രാമിലെ AISATSന്റെ ഓഫീസിൽ പാർട്ടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകള്‍. വിമാനാപകടത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ആഘോഷങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത സമയത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും AISATS വക്താവ് അറിയിച്ചു.

എയർ ഇന്ത്യ സാറ്റ്സ് ഓഫീസില്‍ നടന്ന പാർട്ടി
"ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു, ബലാത്സംഗം ചെയ്യുന്നത് മറ്റ് രണ്ടുപേർ നോക്കി നിന്നു"; കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരപീഡനം

"ഈ പെരുമാറ്റം ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല, സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്," AISATS വക്താവ് പറഞ്ഞു. നാല് പേരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെന്നും മറ്റ് പലർക്കും താക്കീത് നല്‍കിയതായും കമ്പനി വ്യക്തമാക്കി.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്. 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

ജൂണ്‍ 12ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ, താഴേക്ക് പതിച്ച് സമീപത്തെ ബി.ജെ. മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിലെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com