
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ധർമ ചക്രവർത്തി' പദവി. ജൈന മുനി ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾക്കിടെയാണ് ആദരം. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റും സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മോദി ആദരം ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി തന്നെയാണ് ഒരു വർഷം നീണ്ടു നില്‍ക്കുന്ന ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി തന്നെയാണ് ഒരു വർഷം നീണ്ടു നില്‍ക്കുന്ന ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. തുടർന്ന്, ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന് ആദരസൂചകമായി 100 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കി. തനിക്ക് ലഭിച്ച ആദരം വിനയപൂർവം സ്വീകരിക്കുന്നതായും നരേന്ദ്ര മോദി അറിയിച്ചു.
1925 ഏപ്രിൽ 22ന് ബെലഗാവിയിലെ (കർണാടക) ഷെഡ്ബാലിൽ ആണ് വിദ്യാനന്ദ് ജി മഹാരാജിന്റെ ജനനം. 8,000ത്തിലധികം ജൈന ആഗമിക് ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കിയ വിദ്യാനന്ദ് ജി ആധുനിക കാലത്തെ ഏറ്റവും പ്രഗത്ഭരായ ജൈന പണ്ഡിതന്മാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.
ജൈന ധാർമികത, പ്രാകൃത് സാഹിത്യം, ക്ലാസിക്കൽ ഇന്ത്യൻ ചിന്താധാര എന്നിവയെപ്പറ്റി 50-ലധികം പണ്ഡിത ഗ്രന്ഥങ്ങൾ രചിച്ച വ്യക്തിയാണ് ആചാര്യ വിദ്യാനന്ദ് മഹാരാജ്. നിരവധി ചരിത്രപരമായ ജൈന ക്ഷേത്രങ്ങളുടെ പുനരുജ്ജീവനത്തിലും പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനത്തിലും നിർണായക പങ്കുവഹിച്ചു. ജൈന പൈതൃകത്തിന്റെ സംരക്ഷണത്തിനും പുരാതന ഇന്ത്യൻ ഭാഷകളുടെ പുനരുജ്ജീവനത്തിനും അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഗണ്യമായി സഹായിച്ചു. 'രാഷ്ട്രസന്ത്' എന്ന പദവി ലഭിച്ച ആദ്യത്തെ ജൈന സന്യാസി കൂടിയാണ് ആചാര്യ വിദ്യാനന്ദ് മഹാരാജ്.
അഹിംസ, ആത്മീയ പരിഷ്കരണം, ജൈന തത്ത്വചിന്തയുടെ പ്രചാരണം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട ആചാര്യ വിദ്യാനന്ദ് മഹാരാജിന്റെ ജീവിതം, സംഭാവനകൾ എന്നിവയെ ആദരിക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം സാംസ്കാരിക പ്രദർശനങ്ങൾ, അക്കാദമിക സെമിനാറുകൾ, വിദ്യാഭ്യാസ ഡ്രൈവുകൾ, മതാന്തര സംവാദങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ശതാബ്ദി പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൈന ആദർശങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനും ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പരിപാടികൾ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറയുന്നു.