ഗാസയിലും ഇറാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യ മൗനം പാലിക്കുന്നതിൽ വിമർശനവുമായി കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇന്ത്യയുടെ ശബ്‌ദം മാത്രമല്ല, മൂല്യങ്ങളും നഷ്ടപ്പെട്ടുവെന്നാണ് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടത്. 'ദി ഹിന്ദു'വിലെ ലേഖനത്തിലാണ് സോണിയാ ഗാന്ധി തൻ്റെ അഭിപ്രായം പങ്കുവെച്ചത്.
"പ്രതികരിക്കാൻ ഇനിയും വൈകിയിട്ടില്ല. വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്ത് പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ലഘൂകരിക്കാനും വേണ്ട എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കണം", സോണിയാ ഗാന്ധി പറഞ്ഞു.
ഇറാനിയൻ മണ്ണിൽ നടന്ന ബോംബാക്രമണങ്ങളെയും കൊലപാതകങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിച്ചിട്ടുണ്ടെന്നും ഇത് ഗുരുതരമായ പ്രാദേശിക,ആഗോള പ്രത്യാഘാതങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിൽ ഉൾപ്പെടെ നിർണായക ഘട്ടങ്ങളിൽ ഇറാൻ ഉറച്ച പിന്തുണ നൽകിയ ചരിത്രമുണ്ട്. 1994-ൽ, കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ത്യയെ വിമർശിക്കുന്ന ഒരു പ്രമേയം തടയാൻ ഇറാൻ സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
55,000-ത്തിലധികം പലസ്തീനികളുടെ ജീവൻ നഷ്ടപ്പെട്ടു. ആശുപത്രികൾ പോലും നശിപ്പിക്കപ്പെട്ടു. ഗാസ ക്ഷാമത്തിൻ്റെ വക്കിലാണ്. അവിടുത്തെ സാധാരണ ജനങ്ങൾ പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.