mamata Banerjee SIR

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കറുപ്പുടുത്ത് വാദിച്ച് മമതാ ബാനർജി, തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച കോടതി തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാനും നിർദേശിച്ചു.
Published on

ഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നേരിട്ടെത്തി ശക്തമായ വാദങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് കമ്മീഷൻ വാട്‌സ്ആപ്പ് കമ്മീഷനാണെന്നും, നീതി വാതിലിനപ്പുറം നിലവിളിക്കുകയാണെന്നും മമത കോടതിയിൽ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് നിരവധി പേർ പുറത്താണ്. താൻ പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് കോടതിയിൽ എത്തിയതെന്നും മമതാ ബാനർജി വിശദീകരിച്ചു. ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വെളുത്ത വസ്ത്രവും കഴുത്തിൽ കറുത്ത സ്കാർഫും ധരിച്ചാണ് മമതാ ബാനർജി സുപ്രീം കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെ തൻ്റെ ഉറച്ച വാദങ്ങൾ മമത നിരത്തി. പല ഘട്ടത്തിലും എതിർഭാഗം അഭിഭാഷകരുടെ വാദത്തേയും മമത എതിർക്കുകയും ചെയ്തു. അഞ്ച് മിനിറ്റ് അനുവദിക്കണമെന്ന് മമത ആവശ്യപ്പെട്ടപ്പോൾ 15 മിനിറ്റ് തരാമെന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ മറുപടി.

mamata Banerjee SIR
നരവനെയുടെ പുസ്തകവുമായി ലോക്‌സഭയിലെത്തി രാഹുൽ ഗാന്ധി; വായിക്കാൻ അനുവദിക്കാതെ സ്പീക്കർ, ഒടുവിൽ വെളിപ്പെടുത്തിയത് മാധ്യമങ്ങളിലൂടെ

താൻ പശ്ചിമ ബംഗാൾ സംസ്ഥാനത്തിൽ നിന്നുള്ള ആളാണെന്ന മുഖവുരയോടെയാണ് മമത വാദം തുടങ്ങിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ല. അടച്ചിട്ട വാതിലിനപ്പുറത്ത് മോചനം തേടി നീതി കരയുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് കത്തുകൾ നല്‍കിയിട്ടും നടപടിയുണ്ടായില്ല. എസ്‌ഐആറിന്റെ ഹിയറിങ് പൂര്‍ത്തിയാക്കാന്‍ നാലുദിവസം മാത്രമാണ് ബാക്കിയുള്ളത്. നിരവധി പേർ പട്ടികയ്ക്ക് പുറത്താണ്. വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് തീവ്ര പരിഷ്‌കരണം.

കേവലം വോട്ടര്‍ പട്ടികയിലെ പേരുകളില്‍ മാത്രമല്ല വ്യത്യാസം. വിവാഹ ശേഷം ഭര്‍ത്താവിൻ്റെ വീടുകളിലേക്ക് പോയ യുവതികളുടെയും പേര് പോലും ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കമ്മീഷൻ്റെ തീവ്ര പരിഷ്‌കരണ നടപടി. 24 വര്‍ഷത്തിന് ശേഷം എന്തിനാണ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം. മൂന്ന് മാസം കൊണ്ട് വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ എന്തിനാണ് തിടുക്കം കാട്ടുന്നതെന്നും മമത ചോദിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും സൂക്ഷ്മ നിരീക്ഷകരെ കൊണ്ടുവന്നാണ് വോട്ടർമാരെ ഒഴിവാക്കുന്നത്. ബിഎല്‍ഒമാരടക്കം നൂറിലധികം പേര്‍ മരിച്ചു. എന്തുകൊണ്ട് അസമില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം നടപ്പാക്കുന്നില്ല എന്നും മമത ബാനര്‍ജി കോടതിയിൽ ചോദിച്ചു.

mamata Banerjee SIR
കൊറിയൻ ഗെയിം അഡിക്ഷൻ: പെൺകുട്ടികൾ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ട്വിസ്റ്റ്!

സംസ്ഥാനം എസ്‌ഐആറുമായി സഹകരിക്കുന്നില്ല എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുവാദം. മമതാ ബാനര്‍ജിയുടെ ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച കോടതി തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാനും നിർദേശിച്ചു. എസ്‌ഐആറിന് നിയോഗിച്ച ബി വിഭാഗം ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

News Malayalam 24x7
newsmalayalam.com