
2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ഇത് സംബന്ധിച്ച പ്രമേയം ഇന്ന് ചേർന്ന ടിവികെ എക്സിക്യൂട്ടീവ് യോഗത്തിൽ പാസാക്കി. ബിജെപിയുമായും ഡിഎംകെയുമായും സഖ്യമില്ലെന്നും ടിവികെ പ്രഖ്യാപിച്ചു. പ്രത്യയശാസ്ത്ര എതിരാളികളോടും ഭിന്നിപ്പിക്കുന്ന ശക്തികളോടും സഖ്യത്തിനില്ലെന്ന പ്രമേയം യോഗത്തില്‍ വിജയ് അവതരിപ്പിച്ചു.
ചെന്നൈ, പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ഇന്ന് നടന്ന ടിവികെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് വിജയ് ആണ് നേതൃത്വം നൽകിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിർണായക യോഗത്തില്‍ നിരവധി സുപ്രധാന പ്രമേയങ്ങള്‍ പാസാക്കി. സെപ്റ്റംബർ മുതൽ ഡിസംബർ വരെ തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന യാത്ര നടക്കുമെന്നും ടിവികെ യോഗത്തിനു ശേഷം അറിയിച്ചു.
ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര അമിത് ഷായുടെ സമീപകാല പരാമർശങ്ങൾ "ദുരുദ്ദേശ്യപരവും" തമിഴ്‌നാടിന്റെ ദ്വിഭാഷാ നയത്തിനെതിരെ "നേരിട്ടുള്ള" ആക്രമണവുമാണെന്ന് ടിവികെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കുന്നത് പാർട്ടി ഒരിക്കലും അംഗീകരിക്കില്ല. തിരഞ്ഞെടുപ്പ് പരിഷ്‌കരണം നടത്താനുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെയും പാർട്ടി അപലപിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും പാർട്ടി പ്രസ്താവിച്ചു. ജനാധിപത്യത്തിന് വിരുദ്ധമായ ബിജെപി അനുകൂല വോട്ടുകൾ വർധിപ്പിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് പരിഷ്‌കരണം നടത്തുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
അടുത്ത മാസം വിപുലമായ തോതിൽ സംസ്ഥാന സമ്മേളനം നടത്താനും യോഗത്തില്‍ തീരുമാനമായി. പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി ഗ്രാമങ്ങളിൽ പൊതുയോഗങ്ങൾ നടത്താനും ടിവികെ തീരുമാനിച്ചു. ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ ജനസമ്പർക്ക പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് നിരവധി തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടു.