

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍ നടത്തിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് ഖേലോ ഇന്ത്യ മിഷനായിരുന്നു. കായിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിന് ഒരു പദ്ധതി ആരംഭിക്കുമെന്നതടക്കമാണ് ഖേലോ ഇന്ത്യ മിഷനിലൂടെ ഉന്നംവയ്ക്കുന്നതെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞത്.
ഉപകരണ രൂപകല്‍പ്പനയിലും മെറ്റീരിയല്‍ സയന്‍സുകളിലും ഉല്‍പ്പാദനം, ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്പോര്‍ട്സ് ഉപകരണ സംരംഭത്തിന്റെ ലക്ഷ്യം.
ഖേലോ ഇന്ത്യ പദ്ധതിയിലൂടെ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന പ്രക്രിയ കൂടുതല്‍ ശക്തമാക്കുന്നതിനായി, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കായിക മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒരു 'ഖേലോ ഇന്ത്യ മിഷന്‍' (Khelo India Mission) ആരംഭിക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞത്. ബജറ്റില്‍ മൂന്ന് പ്രധാന കര്‍ത്തവ്യങ്ങളാണ് ധനമന്ത്രി പറഞ്ഞിരുന്നത്. അതില്‍ രണ്ടാമത്തെ കര്‍ത്തവ്യമായാണ് 'ഖേലോ ഇന്ത്യ മിഷ'നെ കണ്ടത്.
അടിത്തറ (Foundational), ഇടത്തരം (Intermediate), ഉന്നത (Elite) തലങ്ങളിലെ പരിശീലന കേന്ദ്രങ്ങളുടെ പിന്തുണയോടെയുള്ള സംയോജിത പ്രതിഭ വികസന പാത, പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും വ്യവസ്ഥാപിതമായ വികസനം, സ്‌പോര്‍ട്‌സ് സയന്‍സിന്റെയും സാങ്കേതികവിദ്യയുടെയും സംയോജനം, കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും അവസരങ്ങള്‍ നല്‍കുന്നതിനുമായി മത്സരങ്ങളും ലീഗുകളും സംഘടിപ്പിക്കല്‍, പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി കായിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയാണ് ഖേലോ ഇന്ത്യ വഴി നടപ്പാക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നത്.