ഭൂരിപക്ഷം നേടാനായില്ല; വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാത്തത് നിര്‍ഭാഗ്യകരമെന്ന് കിരണ്‍ റിജിജു പറഞ്ഞു
ഭൂരിപക്ഷം നേടാനായില്ല; വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
Published on
Updated on

ഡല്‍ഹി: മൂന്നില്‍ രണ്ട് ഭൂരിപക്ഷ നേടാനാവാതെ വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത് 298 പേരാണ്. 230 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാത്തത് നിര്‍ഭാഗ്യകരമാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. അതേസമയം ലോക്‌സഭ നാളെ 11 മണി വരെ പിരിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ കൊണ്ടുവരുന്നത് 2023ലെ വനിതാ സംവരണ ബില്‍ അല്ലെന്നും വനിതകളെ മറയാക്കി രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ബിജെപിയുടെ നാണംകെട്ട ശ്രമമാണെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതികരിച്ചിരുന്നു.

ഭൂരിപക്ഷം നേടാനായില്ല; വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
ഇരട്ട പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം

'ഇതൊരു പാനിക് റിയാക്ഷനാണ്. രാജ്യത്തിന്റെ അധികാരം നിലനിര്‍ത്താനുള്ള ശ്രമമാണ്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരം നേടാനുള്ള ശ്രമമാണ്. ബിജെപിയുടേത് തെക്കന്‍ സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ശ്രമമാണ്. പുതിയ ഭേദഗതി ബില്ലിന് സ്ത്രീ ശാക്തീകരണവുമായി ബന്ധമില്ല. ഈ ബില്‍ വനിതകളെ പ്രതിനിധാനം ചെയ്യുന്നില്ല. പഴയ ബില്‍ അവതരിപ്പിച്ചാല്‍ പാസാക്കാം. ഇത് ജാതി സെന്‍സസ് നടത്താതിരിക്കാനുള്ള ശ്രമമാണ്,' രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഭൂരിപക്ഷം നേടാനായില്ല; വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
"മോദി തോറ്റ മജീഷ്യൻ, ബിൽ ഭേദഗതി പാനിക് റിയാക്ഷൻ"; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ, പിന്നാലെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് | വീഡിയോ

എന്നാല്‍ ലോക്‌സഭയെ അഭിസംബോധന ചെയ്യവെ അമിത് ഷാ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്‍ഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും സ്ത്രീ സംവരണ ബില്ലിനെ എതിര്‍ക്കുന്നു. ബില്‍ നടപ്പാക്കാതാരിക്കാന്‍ പ്രതിപക്ഷ തൊടുന്യായം പറയുന്നുവെന്നും അമിത് ഷാ ലോക്‌സഭയില്‍ വിമര്‍ശിച്ചു.

പ്രതിപക്ഷം ബില്ലിനല്ല, സ്ത്രീകള്‍ക്കെതിരാണ്. മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നത് എസ്‌സി/എസ്ടി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനെയാണ്. ബില്‍ നിയമാനുസൃതമായി നടപ്പാക്കുമെന്നും ഇത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

1971ന് ശേഷം ഒരോ മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. 127 സീറ്റുകളിലെങ്കിലും 20 ലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ഈ സാഹചര്യത്തില്‍ എംപിമാര്‍ക്ക് എങ്ങനെ മണ്ഡലം കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നും അമിത് ഷാ ചോദിച്ചു.

മണ്ഡലം 543 ആക്കിയത് ഇന്ധിര ഗാന്ധിയുടെ കാലത്താണ്. പിന്നീട് ഇത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 50 വര്‍ഷമായി ജനസഖ്യാ അനുപാതത്തിലല്ല സീറ്റുകള്‍. 2026 കണക്കെടുപ്പ് തുടങ്ങിയാല്‍ 2029ലും തീരില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു വ്യക്തി, ഒരു വോട്ട് ഒരു മൂല്യം എന്ന തത്വം നടപ്പിലാക്കാന്‍ മണ്ഡല പുനര്‍ നിര്‍ണയം അനിവാര്യം

രാഹുല്‍ ഗാന്ധിയെയും അമിത് ഷാ വിമര്‍ശിച്ചു. രാഹുല്‍ പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി. മതം അടിസ്ഥാനപ്പെടുത്തി ക്വാട്ട നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. അത്തരം ക്വാട്ടകള്‍ തങ്ങള്‍ നല്‍കില്ലെന്നും മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം സംബന്ധിച്ച് ഒരു നഷ്ടവും നേരിടേണ്ടി വരില്ല. ലക്ഷദ്വീപ് ആയാലും ഉത്തര്‍പ്രദേശ് ആയാലും പാര്‍ലമെന്റില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പ്രാതിനിധ്യം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

News Malayalam 24x7
newsmalayalam.com