"മാണി സി. കാപ്പൻ രാജിവയ്ക്കണം"; ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ്‌ എം

ഇന്നത്തെ പ്രധാന വാർത്തകൾ
"മാണി സി. കാപ്പൻ രാജിവയ്ക്കണം"; ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ്‌ എം

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് കെ.ടി.ജലീല്‍

സിപിഐഎമ്മിന്റെ പൊതുനിലപാട് തള്ളി കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച് കെ.ടി.ജലീല്‍. മറയില്ലാത്ത ന്യായീകരണം മുസ്ലീംലീഗില്‍ പഴി ചാരി. കാന്തപുരം വിമര്‍ശിക്കാന്‍ കാരണം, വനിതാ ലീഗുകാരുടെ പെരുമാറ്റത്തിലും ഹരിതക്കാരുടെ നിലപാടിലും ലീഗ് പുലര്‍ത്തിയ മൗനം. മത പണ്ഡിതന്മാര്‍ സംസാരിക്കുക, സമൂഹത്തിന്റെ ധാര്‍മിക ഉന്നതിക്ക് വേണ്ടി എന്നും ജലീലിന്റെ എഫ്ബി പോസ്റ്റ്.

പ്രകാശ് രാജ് കസ്റ്റഡിയില്‍

എസ്‌ഐആറിനെതിരായ പ്രതിഷേധത്തില്‍ നടന്‍ പ്രകാശ് രാജ് കസ്റ്റഡിയില്‍. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റങ്ങള്‍; താത്കാലികമായി നിര്‍ത്തിവെച്ചു

ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ച് ഉത്തരവ്. ഭരണപരമായ കാരണങ്ങളെന്നാണ് വിശദീകരണം. ഇഷ്ടാനുസരണമുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് കളമൊരുക്കാന്‍ എന്നാണ് പ്രതിപക്ഷ ആരോപണം. ജനറല്‍ ട്രാന്‍സ്ഫര്‍ വഴിയാണെങ്കില്‍ മാനദണ്ഡപ്രകാരം അപേക്ഷിച്ച് ചെയ്ത് സ്ഥലം മാറ്റം നേടാം. ഇനി സര്‍ക്കാര്‍ തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും സ്ഥലം മാറ്റം നടക്കുക.

എം.പി സ്ഥാനം രാജിവെക്കാന്‍ സ്റ്റാര്‍മര്‍

പ്രധാനമന്ത്രി പദവിക്കു പിന്നാലെ എംപി സ്ഥാനം കൂടി രാജിവെക്കാന്‍ കെയര്‍ സ്റ്റാര്‍മര്‍. അന്താരാഷ്ട്ര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് തീരുമാനമെന്നാണ് വിശദീകരണം. ഹോബണ്‍ ആന്‍ഡ് പാങ്ക്രാസില്‍ നിന്നുള്ള എംപിയാണ് സ്റ്റാര്‍മര്‍. ഇതോടെ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങും

കേരള ബാങ്കിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരത്തെ കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന.

കേരളാ ബാങ്കിന്റെ ശാഖകളിൽ സിസിടിവികളും സുരക്ഷാ അലാറവും സ്ഥാപിക്കുന്നതിന് വിളിച്ച ടെൻഡറിൽ അഴിമതി ഉണ്ടെന്ന പരാതിയിലാണ് നടപടി. വിജിലൻസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി പ്രാഥമിക പരിശോധന നടത്തി. ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്നും റിസർവ് ബാങ്കിന്റെ നടപടിക്രമങ്ങൾ പാലിച്ചാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്നും കേരള ബാങ്ക് പ്രസിഡന്റ് പി മോഹനൻ അറിയിച്ചു.

സര്‍ക്കാരിനെതിരെ കെ.കെ ശൈലജ

പാലത്തായി കേസില്‍ ബിജെപി നേതാവായ പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍ സഹായിച്ചതിനാലാണ് എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.

ശൈലജ. സൂര്യനെല്ലി കേസില്‍ ഉള്‍പെടെ പ്രതിയെ രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരാണ് ഇടപെട്ടത്. ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാണ് പാലത്തായി കേസിലും കാണാന്‍ കഴിഞ്ഞതെന്നും കെ.കെ ശൈലജ പറഞ്ഞു. ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം എന്നാവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പാനൂരില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശൈലജ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രന്‍ അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്തു.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ദുരവസ്ഥയില്‍ ഹൈക്കോടതി

സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രങ്ങളുടെ ദുരവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രങ്ങള്‍ സ്വാതന്ത്ര്യം തൊട്ടുതീണ്ടാത്ത ഇടങ്ങളാണ്. രോഗികളുടെ സ്വകാര്യതയുടെ പേര് പറഞ്ഞ് എല്ലാം രഹസ്യമാക്കുന്നു. വിസര്‍ജ്യവും ഭക്ഷണാവശിഷ്ടവും കലര്‍ന്ന സെല്ലുകള്‍ യുദ്ധത്തടവറകളേക്കാള്‍ ഭീകരമാണ്. ജഡ്ജിമാര്‍ സന്ദര്‍ശിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. കണ്ണടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു.

പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമം

ലഹരി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരെ കാര്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഡാന്‍സാഫ് സംഘാംഗങ്ങളായ വിനീത്, റോജിന്‍ എന്നിവര്‍ക്കെതിരെയാണ് വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ വച്ച് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ വലിയതുറ സ്വദേശി ടോം ഫെര്‍ണാണ്ടസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് ബൈക്കില്‍ സഞ്ചരിച്ച ഇരുവരെയും പ്രതി കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നിര്‍ത്തിയ കാര്‍ പിന്നോട്ട് എടുത്ത് ഇരുവരുടെയും ദേഹത്ത് കയറ്റിയിറക്കി. റോജിന്റെ കാലിനും തോളെല്ലിനും പൊട്ടലുണ്ട്.

ചെക്ക് കേസില്‍ മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് തടവുശിക്ഷ

ചെക്ക് കേസില്‍ മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് തടവ് ശിക്ഷയും പിഴയും. നാല് കേസുകളില്‍ ഒരു വര്‍ഷ വീതമാണ് തടവ് ശിക്ഷ. മുംബൈ ബോര്‍വെല്ലി കോടതിയുടേതാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാ?ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്. ആകെ അഞ്ച് കോടി മുപ്പത് ലക്ഷം രൂപ പിഴയും നല്‍കണം. സ്വദേശി ദിനേശ് മേനോന്‍ നല്‍കിയ കേസിലാണ് വിധി.

"ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സര്‍ക്കാരും കരുതേണ്ട"

എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിദ്യാര്‍ഥികള്‍ക്ക് നേരെ അന്യായമായി ലാത്തി ചാര്‍ജ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

പ്രളയജലത്തിലെ മീന്‍ കഴിക്കരുത്; ബിഹാറില്‍ ജാഗ്രതാ നിര്‍ദേശം

നേപ്പാളിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ മീനുകള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ബീഹാര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ പ്രളയജലത്തില്‍ നിന്ന് മീന്‍ പിടിക്കാനോ വില്‍ക്കാനോ കഴിക്കാനോ പാടില്ലെന്ന് മൃഗസംരക്ഷണ-മത്സ്യബന്ധന വകുപ്പ് നിര്‍ദേശം നല്‍കി.

നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ത്രിശൂലി നദിയിലെ ജലം ബീഹാറിലെ ഗന്ധക്, കോശി നദികളിലൂടെ വടക്കന്‍ മേഖലകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇതോടൊപ്പം അപരിചിതമായ മീനുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രളയജലത്തില്‍ നിന്നുള്ള മീന്‍ കഴിച്ച ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

സീവേജ് മാലിന്യങ്ങള്‍, ബാക്ടീരിയ, വൈറസ്, മാരക രോഗാണുക്കള്‍ എന്നിവ മീനുകളില്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നേപ്പാള്‍ പോലീസും പ്രദേശവാസികള്‍ക്ക് സമാനമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓടിക്കൊണ്ടിരിക്കെ കാർ കത്തി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം ഈഞ്ചക്കലിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിലാണ് അപകടം. പുക ഉയർന്നതിന് പിന്നാലെ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. മാർത്താണ്ഡത്ത് പോയി മടങ്ങി വരും വഴിയായിരുന്നു അപകടം.

പ്രതി പിടിയിൽ

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്തിയേഴുകാരൻ പിടിയിൽ. ആലുവാ എടത്തല സ്വദേശിയായ സൈദ് മുഹമ്മദാണ് പിടിയിലായത്. ഓഗസ്റ്റ് മുപ്പതിനുണ്ടായ സംഭവത്തിലാണ് വാഴക്കുളം പുത്തുക്കാടൻ വീട്ടിൽ സൈദ് മുഹമ്മദിനെ പിടികൂടിയത്.

"മാണി സി. കാപ്പൻ രാജിവയ്ക്കണം"

ചെക്ക് കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ മാണി സി. കാപ്പൻ്റെ രാജി ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ്‌ എം. സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങാതെ മാണി സി. കാപ്പൻ എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവച്ചൊഴിയണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. സർക്കാരിന് ഇങ്ങനൊരു വഞ്ചകൻ്റെ പിന്തുണ വേണ്ടെന്ന് യുഡിഎഫ് പ്രഖ്യാപിക്കണമെന്ന് കേരളാ യൂത്ത്‌ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴിക്കാടൻ പറഞ്ഞു. മാണി സി. കാപ്പൻ നഗ്നമായ വഞ്ചന നടത്തി. കേരള ചരിത്രത്തിൽ ആദ്യമാണ് വഞ്ചനാകേസിൽ ഒരു എംഎൽഎ ശിക്ഷിക്കപ്പെടുന്നത്. ഇത്തരമൊരു ജനപ്രതിനിധിയെ പാലാ എന്നല്ല കേരളത്തിലെ ഒരു നിയോജകമണ്ഡലവും അർഹിക്കുന്നില്ലെന്നും സിറിയക് ചാഴിക്കാടൻ വ്യക്തമാക്കി.

നാളെ എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ച്

കേരള സര്‍വകലാശാല മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധത്തില്‍ എസ്എഫ്‌ഐ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ മാര്‍ച്ച് ആക്രമാസക്തമാകാന്‍ സാധ്യതയുണ്ട്. ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സര്‍വകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപ്പിച്ചിരുന്നു. ഗവര്‍ണറും മന്ത്രിമാരും പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതിനെതിരെയായിരുന്നു എസ്എഫ്‌ഐ സര്‍വകലാശാല മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രവര്‍ത്തകരെ ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞ പൊലീസ് ലാത്തി ചാര്‍ജും നടത്തി. പിന്നാലെ വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇന്‍ചാര്‍ജ് ജീവനൊടുക്കിയ നിലയില്‍. ആര്യനാട് തോളൂര്‍ കളഭത്തില്‍ രാജേഷ് (46) ആണ് മരിച്ചത്. വീടിന്റെ രണ്ടാമത്തെ നിലയിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

ഈഞ്ചക്കലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം ഈഞ്ചക്കലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആറ്റിങ്ങല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. പുക ഉയര്‍ന്നതിന് തൊട്ടുപിന്നാലെ യാത്രക്കാര്‍ കാറില്‍ നിന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂര്‍ കൊരട്ടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അസം സ്വദേശി ഹക്കീം (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 19 കാരനായ പ്രതിയെ പൊലീസ് പിടികൂടി. കൊരട്ടി പോളിടെക്‌നികിന് സമീപം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലാണ് സംഘര്‍ഷമുണ്ടായത്.

കൃതിക റോങ് വേയിലാണ്

നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ച് 'കൃതിക' ബസ്. കഴിഞ്ഞ ദിവസം കോഴിക്കോട് തിക്കോടിയില്‍ സ്ത്രീയെ ഉയരപ്പാതയില്‍ ഇറക്കിവിട്ട ബസ് വീണ്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നു. കോഴിക്കോട്-വടകര ദേശീയപാതയില്‍ നിയമം തെറ്റിച്ച് ബസ് എതിര്‍ദിശയിലൂടെ ഓടിച്ചു പോയി. എതിര്‍ ദിശയിലൂടെ ബസ് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടി സ്വീകരിച്ചു. ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

News Malayalam 24x7
newsmalayalam.com