ഉപതെരഞ്ഞെടുപ്പ് കാലത്ത് പാലക്കാട്ടെ കോൺഗ്രസിന് തലവേദന; പിരായിരി പഞ്ചായത്തിൽ ഷാഫി പറമ്പിലിനെതിരെ പ്രതിഷേധം

പാർട്ടി വിടില്ലെന്നും എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് സജീവമാകില്ലെന്നുമാണ് മണ്ഡലം സെക്രട്ടറി പറയുന്നത്
ഉപതെരഞ്ഞെടുപ്പ് കാലത്ത് പാലക്കാട്ടെ കോൺഗ്രസിന് തലവേദന; പിരായിരി പഞ്ചായത്തിൽ ഷാഫി പറമ്പിലിനെതിരെ പ്രതിഷേധം
Published on: 
Updated on: 

പാലക്കാട്ടെ കോൺഗ്രസിന് തലവേദനയായി പാർട്ടിയിലെ പ്രദേശിക പൊട്ടിത്തെറി. കോൺഗ്രസ്സിന്റെയും യൂഡിഫിന്റേയും ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തിലാണ് ഷാഫി പറമ്പിലിനെതിരെ പ്രതിഷേധം. ഒന്നാം വാർഡിന് ആവശ്യമായ എംഎൽഎ ഫണ്ട് നൽകാതെ അവഗണന കാട്ടിയെന്നാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെയും ഭാര്യയും പഞ്ചായത്ത് അംഗവുമായ സിത്താരയുടെയും ആരോപണം.

പാർട്ടി വിടില്ലെന്നും എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് സജീവമാകില്ലെന്നുമാണ് മണ്ഡലം സെക്രട്ടറി പറയുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് ഒപ്പമുള്ളവരുടെയും തീരുമാനം.

കോൺഗ്രസും മുസ്ലീം ലീഗും ചേർന്നാണ് പിരായിരി പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് ഭരണത്തിലെ ഒരു വർഷം അധ്യക്ഷസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് സിത്താരയുടെ പ്രതിഷേധം എന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നു.