

പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് തടസമുണ്ടാകുന്നുണ്ടെന്നും അതോടൊപ്പം സഹായ വസ്തുക്കളുമായി നിരവധി ആളുകൾ എത്തിച്ചേരുന്നത് സുഗമമായ രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സഹായ വസ്തുക്കൾ ഓരോ ജില്ലയിലെയും കളക്ടറേറ്റിൽ സജ്ജീകരിച്ച കളക്ഷൻ സെൻ്ററുകളിൽ എത്തിച്ചാൽ മതിയെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഇന്നത്തെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ജീവൻ ഒരു തരിയെങ്കിലും ഉണ്ടെങ്കിൽ അവരെ രക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ബെയ്‌ലി പാലത്തിൻ്റെ നിർമാണം പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ബെയ്‌ലി പാലത്തിന്റെ പണി പൂർത്തിയാവുകയും കാലാവസ്ഥ അനൂകൂലമാവുകയും കൂടി ചെയ്താൽ രക്ഷാപ്രവർത്തനം പൂർണതോതിലാവും," എ.കെ. ശശീന്ദ്രൻ പറഞ്ഞു. മൂന്നാം ദിനമായ ഇന്ന് ദുരന്തബാധിത പ്രദേശങ്ങളെ കൃത്യമായി സെക്ടറുകൾ തിരിച്ചുള്ള രക്ഷാദൗത്യമായിരിക്കും ഉണ്ടാകുകയെന്ന് മന്ത്രി കെ. രാജൻ നേരത്തെ പ്രതികരിച്ചിരുന്നു.
ദുരന്തത്തില്‍ 284 പേര്‍ മരിച്ചുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. രണ്ട് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 1,592 പേരെയാണ് ദുരന്തഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.