ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിപർവതം മൗണ്ട് ലെവറ്റോബി പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് ബാലിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്. ബാലിയിൽ നിന്ന് ഓസ്‌ട്രേലിയ, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഇന്ന് ഷെഡ്യൂൾ പ്രകാരം പുറപ്പെട്ടതായി ബാലി വിമാനത്താവളം അറിയിച്ചു.
സ്ഫോടനം 66 അന്താരാഷ്ട്ര വിമാന സർവീസുകളും 21 ആഭ്യന്തര വിമാന സർവീസുകളും ഉൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള 87 വിമാന സർവീസുകളെ ബാധിച്ചിരുന്നു. ഓസ്‌ട്രേലിയ, സിംഗപ്പൂർ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ബുധനാഴ്ച മുതൽ റദ്ദാക്കിയിരുന്ന ബാലി, ലോംബോക്ക്, ലാബുവാൻ ബാജോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർ ഏഷ്യ മലേഷ്യ, എയർ ഏഷ്യ ഇന്തോനേഷ്യ വിമാന സർവീസുകൾ പുനരാരംഭിച്ചതായും എയർലൈൻ അറിയിച്ചു. താൽക്കാലികമായി അടച്ച കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ രണ്ട് വിമാനത്താവളങ്ങളും തുറന്നതായി അധികൃതർ അറിയിച്ചു.
കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവറ്റോബി ലക്കി-ലാക്കി ചൊവ്വാഴ്ചയാണ് പൊട്ടിത്തെറിച്ചത്. 11 കിലോമീറ്റർ ദൂര വ്യാപ്തിയിലേക്ക് ചൂടും പുകയും ഉയർന്നതിനാൽ അഗ്നിപർവ്വതത്തിന് സമീപമുള്ള മൂന്ന് ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിച്ചതായി പ്രാദേശിക ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
ഇന്തോനേഷ്യയിലെ അഗ്നിപർവ്വത ശാസ്ത്ര ഏജൻസിയുടെ കണക്കനുസരിച്ച്, ഈ വർഷം 427 തവണയാണ് ലെവോട്ടോബി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ നവംബറിൽ ലക്കി-ലാക്കി പുകഞ്ഞ് 9 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമുള്ള ഏറ്റവും വലിയ പൊട്ടിത്തെറിയായിരുന്നു ചൊവ്വാഴ്ചത്തേത്.