17-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിൽ തുടക്കം. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തെയും, ഭീകരർക്ക് സുരക്ഷിത താവളങ്ങളൊരുക്കുന്നതിനെയും എതിർക്കുമെന്നാണ് പ്രഖ്യാപനം. ഇറാനിലെ ഇസ്രയേൽ-അമേരിക്ക ആക്രമണങ്ങളെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. മാനവരാശിക്കെതിരായ ആക്രമണമാണ് പഹൽഗാമിലുണ്ടായത്. ഇന്ത്യക്കൊപ്പം നിന്ന എല്ലാ രാജ്യങ്ങൾക്കും മോദി നന്ദി അറിയിച്ചു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിൽ പാകിസ്താനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നായിരുന്നു മോദിയുടെ വിമർശനം. ഭീകരരെ പിന്തുണയ്ക്കുന്നവരെയും, ഭീകരവാദത്തിൻ്റെ ഇരയെയും ഒരുപോലെ കാണരുത്. എവിടെയാണ് ഭീകരാക്രമണം നടന്നതെന്നത് നോക്കി നയം സ്വീകരിക്കുന്നത് മാനവരാശിക്കാകെ എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ യുദ്ധങ്ങൾക്കെതിരെന്നും മോദി വ്യക്തമാക്കി. ഗാസയിലെ മാനുഷിക സ്ഥിതി ആശങ്കാജനകമാണ്. ഗാസയിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ ഇന്ത്യൻ നിലപാടിന് പിന്തുണ അറിയിച്ചാണ് ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദത്തിനെതിരായ നിലപാടിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തെയും, ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നതിനെയും എതിർക്കുമെന്നാണ് ബ്രിക്സിൻ്റെ പ്രഖ്യാപനം.
മധ്യേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും സംഘർഷങ്ങളിൽ ബ്രിക്സ് ആശങ്ക രേഖപ്പെടുത്തി. ഇറാനിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു. ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷങ്ങളിൽ നയതന്ത്രപരമായ സമീപനങ്ങൾക്ക് പിന്തുണ ഉറപ്പാക്കുമെന്നും ബ്രിക്സ് ഉച്ചകോടി വ്യക്തമാക്കി. ഏകപക്ഷീയമായ താരിഫ് വർധനയിലും ബ്രിക്സ് ആശങ്ക രേഖപ്പെടുത്തി. ന്യായവും, സുതാര്യവും, നിയമാനുസൃതവും, വിവേചന രഹിതവുമായ ബഹുമുഖ വ്യാപാര സംവിധാനത്തിന് പിന്തുണ ആവർത്തിച്ചു.
ആഗോള സംഘടനകളുടെ ഭരണഘടനയിൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 21-ാം നൂറ്റാണ്ടിൻ്റെ സോഫ്റ്റ്‌വേറിന് 20-ാം നൂറ്റാണ്ടിലെ ടൈപ്പ് റൈറ്ററിൽ പ്രവർത്തിക്കാനാകില്ല. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.ഇന്ത്യക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. 2026-ൽ ഇന്ത്യയാണ് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.