
പശ്ചിമേഷ്യയിലെ ബദ്ധവൈരികള്‍ തമ്മിലുള്ള പോരാട്ടം ലോകത്തിന് ഒരു തരത്തിലുള്ള സമാധാനവും കൊണ്ടുവരില്ലെന്ന് റഷ്യയും ചൈനയും. ഇറാനെതിരായ സൈനിക നടപടിയെ ഇരു രാജ്യങ്ങളും അപലപിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതും, മേഖലയെ അസ്ഥിരമാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ഇസ്രയേല്‍ എത്രയും വേഗം വെടിനിര്‍ത്തണം. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമത്തിലെ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ സൈനിക നടപടിയെന്നും ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു പ്രതികരണം.
പശ്ചിമേഷ്യ അസ്ഥിരമായാല്‍ ലോകത്തിന് സമാധാനമുണ്ടാവില്ലെന്ന് ഷി ജിന്‍പിങ് പറഞ്ഞു. സംഘര്‍ഷം രൂക്ഷമാകുന്നത് ഇരുപക്ഷത്തുമുള്ളവര്‍ക്ക് മാത്രമല്ല നഷ്ടമുണ്ടാക്കുക. മേഖലയിലെ രാജ്യങ്ങള്‍ക്കെല്ലാം അത് വലിയ നഷ്ടമുണ്ടാക്കും. ഇരുപക്ഷവും, പ്രത്യേകിച്ച് ഇസ്രയേല്‍ എത്രയും വേഗം വെടിനിര്‍ത്തണം. സംഘര്‍ഷം രൂക്ഷമാകുന്നത് തടയുകയും, സംഘര്‍ഷവ്യാപനം ഒഴിവാക്കുകയും വേണമെന്നും ഷി പറഞ്ഞു. യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമത്തിലെ മറ്റ് പ്രതിബദ്ധതകളും ലംഘിക്കുന്നതാണ് ഇസ്രയേല്‍ സൈനിക നടപടിയെന്ന അഭിപ്രായമാണ് പുടിനും പങ്കുവെച്ചത്. ഇരു നേതാക്കളും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതായും ചൈനീസ് വിദേശ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തില്‍നിന്ന് ലോകത്തെ 'മില്ലിമീറ്ററുകള്‍' മാത്രമാണ് അകറ്റിയിരിക്കുന്നത് എന്നായിരുന്നു ആക്രമണത്തിനു പിന്നാലെ റഷ്യ പ്രതികരിച്ചത്. ഇരുപക്ഷത്തും നിരവധിപ്പേരുടെ മരണത്തിന് കാരണമായ സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പുടിന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെയും പ്രതിബദ്ധതകളെയും ലംഘിച്ചാണ് ഇസ്രയേല്‍ ആക്രമണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇസ്രയേല്‍ എത്രയും വേഗം വെടിനിര്‍ത്തണമെന്ന് ചൈന യുഎന്നിലും ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ചൈനീസ് പ്രതിനിധി ഫു കോങ് പറഞ്ഞു. വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള അപകടകരമായ കീഴ്‌വഴക്കം എന്നാണ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങളെ കോങ് വിശേഷിപ്പിച്ചത്. ആണവ പ്രശ്നം സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഇസ്രയേല്‍ സൈനിക നടപടി അവസാനിപ്പിക്കാതെ, ആണവ ചര്‍ച്ചകള്‍ തുടരില്ലെന്നാണ് ഇറാന്റെ പക്ഷം. ലോകരാജ്യങ്ങളുടെ മുന്നറിയിപ്പും, വിലക്കുമൊക്കെ മറികടന്നാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ആണവ ഭീഷണി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് ഇസ്രയേല്‍ വാദം. എന്നാല്‍, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രയേല്‍ സൈനിക നടപടി വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണം. ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് രാജ്യത്തിന് മാത്രമല്ല, മേഖലയ്ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്.