

ടെഹ്റാൻ: ലെബനനിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഇസ്രയേൽ ആക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്. നടന്നത് സമാധാന കരാറിന്‍റെ ലംഘനമെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. ഇനിയും പ്രകോപനം തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസ് ഇസ്രയേലിനോട് നിർദേശിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. യുഎസ് - ഇറാൻ സമാധാന കരാർ നിലവിൽ വന്ന് ഏതാനും ദിവസങ്ങൾക്കകമാണ് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നത്. ഇസ്രയേലും യുഎസും വെടിനിർത്തൽ ലംഘിച്ചുവെന്നും നടപടിയിൽ പ്രതിഷേധിച്ച് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിർത്തിവയ്ക്കുന്നു എന്നുമാണ് ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചത്.
അതേ സമയം വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രയേലിൻ്റെ വ്യോമ-ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമാകുകയാണ്. ആക്രമണത്തിൽ ഇതിനോടകം 32 പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു. നബാത്തിഹ് മേഖലയിൽ ഉടനീളം ഇസ്രായേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയിരുന്നു. ഇസ്രായേൽ- ഹിസ്ബുള്ള വെടിനിർത്തൽ കഴിഞ്ഞ ദിവസം ധാരണയായതിന് പിറകേയാണ് ഇസ്രേയേൽ കരാർലംഘനം നടത്തിയത്.