Evin prison
എവിൻ ജയിൽSource: Wikipedia

ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; IRGCയുടെ ബസീജ് അസ്ഥാനത്തും എവിന്‍ ജയിലിലും മിസൈല്‍ ആക്രമണം

മറ്റു രാജ്യങ്ങളുമായി കൈമാറ്റം നടത്തുന്നതിനായുള്ള ഇരട്ട പൗരത്വമുള്ള രാഷ്ട്രീയ തടവുകാരടക്കം എവിൻ ജയിലിൽ ഉണ്ട്.
Published on

തെഹ്‌റാനില്‍ ആക്രമണം കടുപ്പിക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്‍റെ ബസീജിലെ ആസ്ഥാനം, എവിന്‍ ജയില്‍ എന്നിവിടങ്ങളില്‍ അടക്കമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.

ഷാഹിദ് ബഹെഷ്ടി സര്‍വകലാശാലയിലും ആക്രമണം നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തുന്നതെന്നും ഇതിനെതിരെ കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

Evin prison
ഇറാനെ ആക്രമിച്ച് യുഎസ്; ഇനി സമാധാനത്തിനുള്ള സമയമെന്ന് ട്രംപ്

എവിന്‍ ജയിലില്‍ നേരെ നടത്തിയ ആക്രമണത്തിലും ഇറാന്‍ പ്രതികരിച്ചു. കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടെന്ന് ഇറാന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുമായി കൈമാറ്റം നടത്തുന്നതിനായുള്ള ഇരട്ട പൗരത്വമുള്ള നിരവധി രാഷ്ട്രീയ തടവുകാരടക്കം ഇവിടെയുണ്ട്. എന്നാല്‍ എവിന്‍ ജയിലില്‍ നടന്ന ആക്രമണത്തിന് പിന്നാലെ സ്ഥലത്ത് ആശങ്കയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ ഇറാന്‍ നീതിന്യായ വകുപ്പ് തള്ളി. ഇത്തരം ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഇറാന്‍ പ്രതികരണം. ജയിലുകളെ ടാര്‍ഗറ്റ് ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാന്‍ നീതിന്യായ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഇറാനിലെ ആണവ നിലയങ്ങള്‍ കേന്ദ്രീകരിച്ച് യുഎസ് മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ ഇസ്രയേലിനെ ആക്രമണം നടത്തിയിരുന്നു. ഫോര്‍ദോ, നാതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് യുഎസ് കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ചത്. ബി-2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പസഫിക്കിലെ ഗുവാം ദ്വീപില്‍ നിന്നായിരുന്നു യുഎസിന്റെ സൈനിക നീക്കം. ആക്രമണം പൂര്‍ത്തിയാക്കിയ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ഥി വിട്ട് മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമെന്നും യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

'ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഞങ്ങള്‍ വളരെ വിജയകരമായി ആക്രമണം പൂര്‍ത്തിയാക്കി. ഇപ്പോള്‍ എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമാതിര്‍ത്തിക്ക് പുറത്താണ്. പ്രൈമറി സൈറ്റായ ഫോര്‍ദോയില്‍ ബോംബുകളുടെ ഒരു പൂര്‍ണ പേലോഡ് തന്നെ വര്‍ഷിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുകയാണ്,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം, യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടാതെയാണ് ട്രംപിന്റെ നീക്കം. യുഎസ് ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനും സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുമുള്ള അധികാരം കോണ്‍ഗ്രസിനാണ്. ഇത് മറികടന്നാണ് ഇറാനിലെ ട്രംപിന്റെ സൈനിക നീക്കം. ചെലവേറിയ വിദേശ സംഘര്‍ഷങ്ങളില്‍ നിന്ന് യുഎസിനെ അകറ്റി നിര്‍ത്തുമെന്ന സ്വന്തം നയത്തില്‍ നിന്ന് തന്നെയുള്ള ട്രംപിന്റെ വ്യതിയാനമാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു.

News Malayalam 24x7
newsmalayalam.com