
യെമനിലേക്ക് കടുത്ത വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ. മൂന്ന് തുറമുഖങ്ങള്‍ക്കും ഒരു ഊർജനിലയത്തിനും നേരെയായിരുന്നു ആക്രമണം. യെമനിലെ ഹൂതികളുടെ ആവർത്തിച്ചുള്ള ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
ഹൊദൈദ, റാസ് ഇസ, സാലിഫ് എന്നിവയുൾപ്പെടെയുള്ള തുറമുഖങ്ങളും റാസ് ഖാന്റിബ് പവർ പ്ലാന്റും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. തങ്ങളുടെ യുദ്ധവിമാനങ്ങൾ 'ഹൂതികളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ച് നശിപ്പിച്ചു' എന്നാണ് ഇസ്രയേലിന്റെ പ്രസ്താവനയില്‍ പറയുന്നത്. മൂന്ന് പ്രധാന യെമൻ തുറമുഖങ്ങളിലെയും സാധാരണക്കാർക്ക് ഇസ്രയേൽ ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
എന്നാല്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേല്‍ ആക്രമണം എന്നാണ് ഹൂതികളുടെ വാദം. ആഭ്യന്തരമായി നിർമിച്ച ഉപരിതല-വ്യോമ മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേല്‍ ആക്രമണത്തെ നേരിട്ടതായും ഹൂതി സൈനിക വക്താവ് പറഞ്ഞു. ചെങ്കടലിലെ തുറമുഖ നഗരമായ ഹൊദൈദയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രധാന വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചതായും നഗരം ഇരുട്ടിലാണെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്. വ്യോമ ആക്രമണത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാന്‍ പിന്തുണയോടെയാണ് യെമനില്‍ ഹൂതികള്‍ പ്രവർത്തിക്കുന്നത്. 2023 ഒക്ടോബറിൽ ഗാസയില്‍ സംഘർഷങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഹൂതികള്‍ ഇസ്രയേലിനും ചെങ്കടലിലെ കപ്പലുകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തിവരികയാണ്. പലസ്തീനുള്ള ഐക്യദാർഢ്യമായിട്ടാണ് ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതെന്നാണ് ഹൂതികള്‍ പറയുന്നത്. ഇറാന് നേരെ ഇസ്രയേലും യുഎസും ആക്രമണം നടത്തിയപ്പോഴും ഹൂതികള്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.