
യുറോപ്യന്‍ പ്രതിനിധികളുമായുള്ള നിർണായക നയതന്ത്ര കൂടിക്കാഴ്ചകള്‍ക്കിപ്പുറവും ഇസ്രയേല്‍- ഇറാന്‍ സംഘർഷത്തിന് അറുതിയില്ല. ഒൻപതാം ദിനവും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങള്‍ തുടരുകയാണ്. ടെൽ അവീവ് ഉൾപ്പെടുന്ന മധ്യ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും പുലർച്ചെ അപായ സെെെറണുകള്‍ മുഴങ്ങി. ഇറാനിലെ മിസൈൽ സംഭരണ, വിക്ഷേപണകേന്ദ്രങ്ങൾക്ക് നേരെ പുതിയ ആക്രമണ പരമ്പര ആരംഭിച്ചതായി ഇസ്രയേലി സെെന്യം അറിയിച്ചു. ഇതിനിടെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തില്‍ വീണ്ടും ഇസ്രയേലി ആക്രമണമുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇസ്രയേൽ ആക്രമണം നിർത്താതെ ആണവകരാറിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് സ്വിറ്റ്സ്സർലാൻഡിലെ ജനീവയിൽ യൂറോപ്യൻ മന്ത്രിമാരുമായി നടന്ന ചർച്ചയിൽ ഇറാൻ സ്വീകരിച്ചത്. യുകെ, ഫ്രാൻസ്, ജർമനി രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ഡിയാണ് നിലപാട് വ്യക്തമാക്കിയത്. സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമം തുടരുമെന്ന് E3 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.
അതേസമയം, ജെനീവയിലെ ചർച്ചകളില്‍ ഗുണം കാണില്ലെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇറാന്‍ യുഎസുമായി ചർച്ച നടത്താനാണ് താത്പര്യപ്പെടുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. സംഘർഷം ഒൻപതാം ദിനത്തിലെത്തുമ്പോള്‍ ഇറാനില്‍ ഇതുവരെ 400ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ അറിയിച്ചു. 3000ലേറെ പേർക്ക് പരിക്കേറ്റതായും സർക്കാർ വ്യക്തമാക്കി.
ഇസ്രയേലിന്‍റെ നെവാറ്റിം, ഹത്സെരിം സൈനിക താവളങ്ങൾക്ക് നേരെ ഇറാന്‍ സാല്‍വോ മിസെെലുകള്‍ പ്രയോഗിച്ചതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സി അവകാശപ്പെട്ടു. ഇതിന്‍റെ തുടർച്ചയായി ടെൽ അവീവ് ഉൾപ്പെടുന്ന മധ്യ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ഇന്ന് പുലർച്ചെ അപായ സെെറണുകള്‍ മുഴങ്ങി. തിരിച്ചടിയുടെ ഭാഗമായി ഇറാനിലെ മിസൈൽ സംഭരണ, വിക്ഷേപണകേന്ദ്രങ്ങൾക്ക് നേരെ പുതിയ ആക്രമണ പരമ്പര ആരംഭിച്ചതായി ഇസ്രയേലി സെെന്യം അറിയിച്ചു.
ഇറാനിയന്‍ റെവല്യൂഷണിറി ഗാർഡ് കോർപ്സിന്‍റെ ഡ്രോണ്‍ സംഭരണകേന്ദ്രം ആക്രമിച്ചതായും ഐആർജിസിയുടെ ഇന്‍റലിജന്‍സ് മേധാവിയെ വധിച്ചെന്നും ഐഡിഎഫ് അവകാശപ്പെടുന്നു. ഇറാന്‍റെ ഇസ്ഫഹാൻ ആണവ കേന്ദ്രം ഇസ്രയേല്‍ വീണ്ടും ആക്രമിച്ചതായാണ് റിപ്പോർട്ട്. ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ഇസ്രയേലിന് യുഎൻ ആണവോർജ ഏജൻസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണത്തിന്‍റെ റിപ്പോർട്ട് പുറത്തുവരുന്നത്. ഇസ്രയേല്‍ ആക്രമണത്തിന് വലിയ കേടുപാടുകളുണ്ടായ ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തില്‍ ഐഎഇഎ ആണവ വികിരണ ഭീഷണി റിപ്പോർട്ട് ചെയ്തിരുന്നു.