കത്തുന്ന ചാനൽ കെട്ടിടത്തിന് മുന്നിൽ നിന്ന് ലൈവ് റിപ്പോർട്ട് ചെയ്ത് മാധ്യമ പ്രവർത്തകൻ; ആദ്യം പരിഭ്രമിച്ച് ഓടിയും പിന്നീട് തിരിച്ചെത്തിയും സഹർ ഇമാമി

ചാനലിൽ തത്സമയ സംപ്രേഷണത്തിനിടെ മിസൈൽ വന്ന് പതിക്കുന്നതിൻ്റെ ദൃശ്യം പുറത്തുവന്നിരുന്നു
IRIB Channel Attack
ഇറാനിലെ ദേശീയ ചാനൽ ഓഫീസിന് നേരെയുണ്ടായ മിസൈലാക്രമണത്തിൻ്റെ ദൃശ്യങ്ങൾSource: X/ OSINTdefender, Screengrab
Published on

ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇറാനിലെ ദേശീയ ചാനൽ ഓഫീസിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. ഐആർഐബി ദേശീയ ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. തത്സമയ ചാനൽ സംപ്രേഷണത്തിനിടയിൽ ഓഫീസിന് നേരെ വ്യോമാക്രമണം നടക്കുകയായിരുന്നു.

ചാനലിൽ തത്സമയ സംപ്രേഷണത്തിനിടെ മിസൈൽ വന്ന് പതിക്കുന്നതിൻ്റെ ദൃശ്യം പുറത്തുവന്നിരുന്നു. മിസൈലിന്റെ ആഘാതത്തിൽ സ്റ്റുഡിയോ മുഴുവൻ തരിച്ചു. മിസൈൽ ആക്രമണത്തിൽ അവതാരക സഹർ ഇമാമി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ നിന്ന് അവതാരക കുതറി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തെ തുടർന്നുള്ള വലിയ ശബ്ദവും പൊടിപടലങ്ങളുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു. കുറച്ച് സമയത്തേക്ക് ഐആർഐബി ചാനൽ സംപ്രേഷണം നിർത്തിവെച്ചു. പിന്നീട് സംപ്രേഷണം പുനരാരംഭിച്ചു. സഹർ ഇമാമി തന്നെ എത്തി ഇസ്രയേൽ ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ചു.

IRIB Channel Attack
Israel-Iran Attack News Live Updates | തെഹ്റാനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഇറാൻ്റെ ദേശീയ ടെലിവിഷൻ ചാനലിൽ മിസൈലാക്രമണം, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

അതേസമയം, ഐആർഐബി കെട്ടിടത്തിന് പുറത്തുനിന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു മാധ്യമപ്രവർത്തകൻ യൂനെസ് ഷാഡ്‌ലൗ തൻ്റെ എത്ര സഹപ്രവർത്തകർ ഇപ്പോഴും ജീവനോടെയുണ്ടെന്ന് അറിയില്ലെന്ന് റിപ്പോർട്ടിങ്ങിനിടെ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ നിരവധി സഹപ്രവർത്തകർ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. ഞങ്ങൾക്ക് പലായനം ചെയ്യാനുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു, പക്ഷേ സയണിസ്റ്റ് ഭരണകൂടത്തിന്റെ യഥാർഥ മുഖം ലോകത്തിന് മുന്നിൽ കാണിക്കാൻ എല്ലാവരും അവസാന നിമിഷം വരെ അവിടെ നിന്നുവെന്നും യൂനെസ് ഷാഡ്‌ലൗ പ്രതികരിച്ചു.

ആക്രമണത്തിന് പിന്നാലെ, സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന്റെ ഓഫീസ് ഇറാനിയൻ സായുധ സേനയുടെ കേന്ദ്രമായി ഉപയോഗിക്കുന്നുവെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇറാനിയൻ സൈന്യം അറിയിച്ചു. ഇസ്രയേൽ മാധ്യമങ്ങളായ ചാനൽ 12നും 14നും ഇറാനിയൻ സൈന്യം മുന്നറിയിപ്പ് നൽകി. ചാനൽ കെട്ടിടങ്ങൾ ഒഴിയണമെന്നും കെട്ടിടത്തിന്റെ 500 മീറ്റർ വരെ അകലത്തിലേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകി.

തെഹ്റാന് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം ശക്തമാക്കുമെന്നും ഇന്ന് രാത്രി ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാനിയൻ സൈന്യം എക്സിൽ കുറിച്ചു. ടെൽ അവീവിൽ നിന്നും ജനങ്ങൾ പിൻമാറണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com