ഇസ്രയേലിലേക്ക് ഇറാനിൽ നിന്ന് മിസൈൽ വർഷം; ടെല്‍ അവീവിലും ജെറുസലേമിലും ഉഗ്രസ്ഫോടനങ്ങൾ

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇസ്രയേലിലെ 10 സ്ഥലങ്ങളിലാണ് ഇറാൻ്റെ റോക്കറ്റുകള്‍ പതിച്ചത്
ടെല്‍ അവീവ്
ടെല്‍ അവീവ്Source: X
Published on

യുഎസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ കടന്നാക്രമിച്ച് ഇറാന്‍. ഇറാനിൽ നിന്ന് ടെല്‍ അവീവിലേക്ക് മിസൈൽ വർഷമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. ജെറുസലേമിലും ടെൽ അവീവിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതിനു പിന്നാലെ ഇസ്രയേലിൻ്റെ പല ഭാഗങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേലിലെ 10 സ്ഥലങ്ങളിലാണ് ഇറാന്‍ റോക്കറ്റുകള്‍ പതിച്ചത്. കാർമൽ, ഹൈഫ, ടെൽ അവീവ് , വടക്കൻ തീരദേശ സമതലം എന്നിവിടങ്ങളില്‍ ഇറാന്റെ ആക്രമണം നടന്നതായാണ് സൂചന. കൂടുതൽ ഇറാനിയൻ മിസൈലുകൾ രാജ്യത്തെ ലക്ഷ്യമാക്കി വരുന്നതായാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണം നടക്കുന്ന സ്ഥലങ്ങളും അവയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പങ്കുവയ്ക്കരുതെന്ന് ജനങ്ങളോടും മാധ്യമങ്ങളോടും അധികൃതർ വീണ്ടും ആവർത്തിച്ചു.

ടെല്‍ അവീവ്
"ഇറാൻ ഭീകരതയുടെ നമ്പർ വൺ സ്പോൺസർ, യുഎസിൻ്റേത് മികവുറ്റ സൈനിക വിജയം"; കൂടുതല്‍ ഭീഷണികളുമായി ട്രംപ്

ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിലേക്കുള്ള പ്രത്യാക്രമണം കടുപ്പിച്ചിരിക്കുന്നത്. ബി -2 ബോംബർ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇറാനിലെ യുഎസ് ആക്രമണം. യുഎസ് ആക്രമണങ്ങള്‍ സ്ഥിരീകരിച്ച ഇറാന്‍ നാശനഷ്ടങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോർദോ ഒഴിപ്പിച്ചെന്നും സാരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മാത്രമാണ് ഇറാന്‍ പുറത്തുവിടുന്ന വിവരം. ഫോർദോ‌യ്‌ക്കെതിരായ യുഎസ് ആക്രമണം ഇറാൻ മുൻകൂട്ടി കണ്ടിരുന്നു എന്നാണ് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറയുന്നത്.

ഇറാനിലെ ആക്രമണങ്ങൾ 'അതിശയകരമായ സൈനിക വിജയമായിരുന്നു' എന്നാണ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ പ്രസ്താവന. യുഎസ് ജനതയെ അഭിസംബോധന ചെയ്ത ട്രംപ് ഇറാനെതിരെ കൂടുതൽ ഭീഷണികള്‍ ഉയർത്താനും മറന്നില്ല. ഒന്നുകിൽ സമാധാനം ഉണ്ടാകും, അല്ലെങ്കിൽ കഴിഞ്ഞ എട്ട് ദിവസമായി കാണുന്നതിനേക്കാൾ വളരെ വലിയ ദുരന്തം ഇറാന് ഉണ്ടാകുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.

യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന പക്വമായ ഇടപെടലെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം. ഇറാനെ ആക്രമിച്ചതിന് ഇസ്രയേല്‍ ജനതയുടെ പേരിൽ നെതന്യാഹു യുഎസ് പ്രസിഡൻ്റിന് നന്ദി അറിയിച്ചു. എന്നാല്‍ തക്കതായ തിരിച്ചടി നല്‍കും എന്ന സൂചന നല്‍കുന്നതായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം. ഇസ്രയേലിനൊപ്പം ചേർന്ന് യുഎസ് നാശത്തിലേക്കുള്ള വഴി തുറന്നുവെന്നായിരുന്നു ഖമേനിയുടെ പ്രസ്താവന. ഇതിനു പിന്നാലെയാണ് ഇറാന്‍ പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചത്.

ടെല്‍ അവീവ്
"ട്രംപും യുഎസും കരുത്ത് കാട്ടി"; ഇസ്രയേല്‍ ജനതയുടെ നന്ദി അറിയിച്ച് നെതന്യാഹു

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നും ഇറാനില്‍ നിന്നുള്ള യുഎന്‍ ദൗത്യസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ബോംബാക്രമണത്തെ "പ്രകടനരഹിതവും നിയമവിരുദ്ധവുമായ ആക്രമണം" എന്ന് വിശേഷിപ്പിച്ച ദൗത്യസംഘം ശക്തമായി അപലപിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com