ഗാസയില്‍ മുജാഹിദീൻ ബ്രിഗേഡ്സ് കമാൻഡർ കൊല്ലപ്പെട്ടു; ഒക്ടോബർ ഏഴ് ആക്രമണങ്ങളില്‍ പങ്കാളിയെന്ന് ഐഡിഎഫ്

മുജാഹിദീൻ ബ്രിഗേഡ്സിന്റെ തെക്കൻ ഗാസ യൂണിറ്റിന്റെ തലവനായിരുന്നു അൽ-ആഘ
മുജാഹിദീന്‍ ബ്രിഗേഡ്സ് കമാന്‍ഡർ കൊല്ലപ്പെട്ടു
മുജാഹിദീന്‍ ബ്രിഗേഡ്സ് കമാന്‍ഡർ കൊല്ലപ്പെട്ടുSource: X. Israel War Room
Published on

ഗാസയിൽ മുജാഹിദീൻ ബ്രിഗേഡ്സ് കമാൻഡർ അലി സാദി വസ്‌ഫി അൽ ആഘ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ പങ്കുള്ളയാളാണ് അൽ ആഘ. തട്ടിക്കൊണ്ടു പോകൽ, ബന്ദിയാക്കൽ, ബന്ദികളെ കൊലപ്പെടുത്തൽ തുടങ്ങിയവയിൽ അൽ ആഘ പങ്കാളിയായിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

ഈ ആഴ്ച മധ്യ ഗാസയിലെ ഒളിത്താവളം ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് അൽ ആഘ കൊല്ലപ്പെട്ടതെന്നാണ് ഐഡിഫ് പുറത്തുവിടുന്ന വിവരം. മുജാഹിദീൻ ബ്രിഗേഡ്സിന്റെ തെക്കൻ ഗാസ യൂണിറ്റിന്റെ തലവനായിരുന്നു അൽ-ആഘ. ഈ മാസം ആദ്യം നടന്ന ഇസ്രയേല്‍ ആക്രമണത്തിൽ മുജാഹിദീൻ ബ്രിഗേഡ്സ് തലവന്‍ അസദ് അബു ശരീഅ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാനിരിക്കെയാണ് അൽ ആഘയെ വധിച്ചതെന്ന് പ്രതിരോധ സേന അറിയിച്ചു.

മുജാഹിദീന്‍ ബ്രിഗേഡ്സ് കമാന്‍ഡർ കൊല്ലപ്പെട്ടു
Israel-Iran Conflict Live | ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെന്ന് ട്രംപ്; നയതന്ത്ര സഹായം തേടാൻ ഇറാൻ

2023 ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ നടന്ന അതിർത്തി കടന്നുള്ള ആക്രമണത്തില്‍ അൽ ആഘയും പങ്കാളിയായിരുന്നതായാണ് ഐഡിഎഫ് പറയുന്നത്. മുജാഹിദീൻ ബ്രിഗേഡ്സിലെ മുതിർന്ന അംഗങ്ങൾക്കൊപ്പം, ഇസ്രയേൽ സിവിലിയന്മാരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തടവിൽ പാർപ്പിക്കൽ എന്നിവയ്ക്ക് ഇയാള്‍ നേതൃത്വം നൽകിയതായും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും "ഇറാനിയൻ മാർഗനിർദേശപ്രകാരം ഭീകര പ്രവർത്തനങ്ങൾ നയിക്കുന്നതിലും", പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിലും, ഗാസയിലെ സൈനികർക്കെതിരെ ആക്രമണം നടത്തുന്നതിലും അൽ-ആഘ പങ്കാളിയായിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷത്തിനിടയിൽ, ഐഡിഎഫ് ഗാസയിലെ ഏകദേശം 300 "ഭീകര കേന്ദ്രങ്ങള്‍" ആക്രമിച്ചതായാണ് പ്രതിരോധ സേന പുറത്തുവിടുന്ന കണക്കുകള്‍. അതില്‍ "ഭീകര ഗ്രൂപ്പുകൾ" ഉപയോഗിക്കുന്ന കെട്ടിടങ്ങൾ, ആയുധ ഡിപ്പോകൾ, മിസൈൽ, സ്നിപ്പർ പോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ എന്ന് ഇസ്രയേല്‍ ആവർത്തിക്കുമ്പോഴും നിരവധി സാധാരണക്കാരാണ് ഗാസയില്‍ ദിനംപ്രതി കൊല്ലപ്പെടുന്നത്. വ്യാഴാഴ്ച മാത്രം സഹായ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ ശ്രമിച്ച 16 പലസ്തീനികളെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. 29 പലസ്തീനികളാണ് സമാനമായ രീതിയില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച, ഖാൻ യൂനിസിലെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തിന് സമീപം ഒത്തുകൂടിയ 70 പലസ്തീനികളെയെങ്കിലും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com