
ഇറ്റലിയിലെ പ്രശസ്തമായ പലാസോ മഫെ മ്യൂസിയം അധികൃതർ കഴിഞ്ഞദിവസം ലോകത്തിലെ കലാസ്വാദകരോടും സന്ദർശകരോടുമായി ഒരഭ്യർത്ഥന നടത്തി. കലയെ ബഹുമാനിക്കൂ എന്നായിരുന്നു അധികൃതരുടെ ആദ്യ വാചകം. ചിത്രമെടുക്കാനുള്ള വ്യഗ്രതയിൽ പലപ്പോഴും സന്ദർശകർക്ക് തലച്ചോർ നഷ്ടപ്പെടുന്നുവെന്നായിരുന്നു മറ്റൊരു വാചകം. സംഭവം എന്തെന്നല്ലേ. പറയാം..
വിഖ്യാത കലാകാരൻ വിൻസെന്റ് വാൻഗോഗിനോടുള്ള ആദരസൂചകമായി ഇറ്റലിയിലെ വെറോണയിലുള്ള പലാസോ മഫെ മ്യൂസിയത്തിൽ വിലപിടിച്ച ഒരു കലാസൃഷ്ടിയുണ്ട്. നൂറുകണക്കിന് ക്രിസ്റ്റലുകൾ പതിപ്പിച്ച് സൃഷ്ടിച്ച ഒരു അപൂർവ കലാസൃഷ്ടി. വാൻഗോഗ് ചെയർ എന്നാണ് പേര്. പക്ഷേ, മ്യൂസിയം കാണാനെത്തിയ ഏതോ ദമ്പതികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അത് തകർത്തു.
ചിത്രങ്ങളെടുക്കുന്നവർക്ക് പലപ്പോഴും തലച്ചോർ നഷ്ടപ്പെടുന്നു. അനന്തരഫലം പലരും ചിന്തിക്കാറില്ല. അബദ്ധം പറ്റിയതാവാം, പക്ഷേ കലാസൃഷ്ടി നശിപ്പിച്ചവർ അത് അറിയിക്കാതെ സ്ഥലംവിട്ടു, അത് അബദ്ധമല്ല, - മ്യൂസിയം ഡയറക്ടർ വനേസ കർലോൺ പറഞ്ഞു. ഏതൊരു മ്യൂസിയത്തിന്റേയും പേടി സ്വപ്നമാണിതെന്നും വനേസ പറഞ്ഞു.
ചെയറിൽ ഇരിക്കുന്ന പോലെ ശ്രമിച്ച് ഫോട്ടോയെടുക്കാനാണ് സന്ദർശകർ ശ്രമിച്ചത്. പക്ഷേ ആ ശ്രമത്തിൽ കസേരയിലേക്ക് വീഴുകയും അത് ഒടിയുകയുമായിരുന്നു. മ്യൂസിയം ജീവനക്കാർ അറിയും മുൻപേ രണ്ടുപേരും രക്ഷപ്പെട്ടു. കലാസൃഷ്ടി നശിപ്പിച്ചതിൽ പൊലീസിൽ പരാതി നൽകിയ, മ്യൂസിയം അധികൃതർ ഒപ്പം സിസിടിവി ദൃശ്യം സഹിതം, കലയെ സ്നേഹിക്കൂ എന്ന അഭ്യർത്ഥനയും നടത്തി.
ഇറ്റാലിയൻ കലാകാരി നിക്കോള ബൊള്ള നിർമ്മിച്ചതാണ് സ്വരോവ്സ്കി മെഷീൻ കട്ട് ക്രിസ്റ്റലുകൾ പതിച്ച വാൻഗോഗ് ചെയർ. കലാസൃഷ്ടി കാണാനെത്തുന്നവരോട് തൊടരുതെന്ന് മുന്നറിയിപ്പ് നൽകിയാലും ആളുകൾ കേൾക്കില്ല. ഇതാണ്, കലയെ സ്നേഹിക്കുക എന്ന് അഭ്യർത്ഥിക്കാനുള്ള കാരണം. വാൻഗോഗിന്റെ സിപിംൾ ചെയർ എന്ന വിഖ്യാത പെയിന്റിങ്ങിനുള്ള ആദരവാണ് പ്രചോദനം.
ബൊള്ളയുടെ കലാസൃഷ്ടിയുടെ മൂല്യം മ്യൂസിയം അധികൃതർ വെളിപ്പെടുത്തിയില്ലെന്ന് ബിബിസി. സംഭവം നടന്നത് രണ്ട് മാസം മുൻപാണെന്നും എന്നാൽ കഴിഞ്ഞദിവസമാണ് മ്യൂസിയം അധികൃതർ വീഡിയോ പുറത്തുവിട്ടതെന്നും ബിബിസി. 2020 ൽ തുറന്ന പലാസോ മഫെ മ്യൂസിയത്തിൽ പിക്കാസോയുടെ വിഖ്യാത ചിത്രങ്ങളും പുരാതന ഈജിപ്ഷ്യൻ കലാസൃഷ്ടികളുമടക്കം 650 അധികം രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.