ടെക്‌സസിലെ മിന്നൽ പ്രളയം: 15 കുട്ടികൾ ഉൾപ്പെടെ 43 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചതായി റിപ്പോർട്ട്. സംഭവസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. ഇതുവരെ ഏകദേശം 850 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. 1700 അധികം ആളുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. "എല്ലാവരെയും കണ്ടെത്തുന്നതുവരെ പ്രവർത്തനം തുടരുന്നു, തുടരും," കെർ കൗണ്ടിയിലെ ഷെരീഫ് ലാറി ലീത വാഗ്ദാനം ചെയ്തു.
നദിക്കരയിലുള്ള ഒരു ക്രിസ്ത്യൻ യുവജന ക്യാമ്പിൽ നിന്ന് 27ഓളം കുട്ടികളെ കാണാതായതായി കൗണ്ടി ഉദ്യോഗസ്ഥർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. "സംഭവത്തിന് ഇരയായ ഓരോ വ്യക്തിയെയും കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ അക്ഷീണം ശ്രമിക്കും. ഇതിന് ശേഷമേ അവർ അവരുടെ ജോലി നിർത്തുകയുള്ളൂ", ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാൻ തൻ്റെ ഭരണകൂടം പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തിരച്ചിൽ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഫെഡറൽ സർക്കാർ കോസ്റ്റ് ഗാർഡിനെ വിന്യസിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
ഈ വാരാന്ത്യത്തിലും സെൻട്രൽ ടെക്സസിൽ കൂടുതൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്യാമ്പ് മിസ്റ്റിക് എന്ന പെൺകുട്ടികൾ മാത്രമുള്ള ഒരു ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പിലാണ് രക്ഷാപ്രവർത്തനത്തിൻ്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്. കാണാതായ 27 പെൺകുട്ടികളിൽ പലരും 12 വയസ്സിന് താഴെയുള്ളവരാണെന്ന് ടെക്സസ് ലെഫ്റ്റനൻ്റ് ഗവർണർ ഡാൻ പാട്രിക് ബിബിസിയുടെ റേഡിയോ പ്രോഗ്രാമിലൂടെ പറഞ്ഞു.
മണിക്കൂറുകൾ പിന്നിടുംന്തോറും അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന് ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെൻ്റ് മേധാവി നിം കിഡ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചയോടെ നദിയിൽ 26 അടി (8 മീറ്റർ)ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. നിരവധി വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി.
"വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് തിരച്ചിൽ നടത്തുന്നവർ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചു. മരണസംഖ്യ ഉയരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചിലരെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നു. അവർ ഒരു മരത്തിൽ കുടുങ്ങിയതോ അല്ലെങ്കിൽ ആശയവിനിമയം നഷ്ടപ്പെട്ടതോ ആവാം", ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
വെള്ളപ്പൊക്ക മേഖലയിൽ നിന്നും മാറ്റിയവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും, അതിനുവേണ്ട സൈനികവാഹനങ്ങളെ ഉടൻ തന്നെ വിന്യസിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
"ആ വെള്ളപ്പൊക്കം 1987 ഉണ്ടായതിനെക്കാൾ വളരെ വലുതാണ്. വെള്ളപ്പൊക്കം വരുമെന്ന് ഞങ്ങൾ അറിഞ്ഞില്ലായിരുന്നു. ആരും അത്തരമൊരു മുന്നറിയിപ്പ് നൽകിയതുമില്ല", കൗണ്ടിയിലെ ഉന്നത ഉദ്യോഗസ്ഥനായ കെർ കൗണ്ടി ജഡ്ജി റോബ് കെല്ലി പറഞ്ഞു. പതിവായി വെള്ളപ്പൊക്കമുണ്ടാകുന്ന ആ പ്രദേശത്ത് മുന്നറിയിപ്പ് സംവിധാനം പോലുമില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.