
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനമാണ് ഇന്ന് . ദലൈലാമയുടെ അനുയായികളും ബുദ്ധസന്ന്യാസിമാരും ഉള്‍പ്പെടെ ആയിരങ്ങളാണ് ആഘോഷത്തിൽ പങ്കെടുക്കാൻ ഹിമാചലിലെ ധരംശാലയിലേക്കെത്തുന്നത്. പ്രാർഥനകള്‍ക്ക് ശേഷം അനുയായികളെ അഭിസംബോധന ചെയ്ത ലാമ വീണ്ടും ചൈനയെ പ്രകോപിപ്പിച്ചു. 130 വയസ്സിനു മുകളിൽ ജീവിക്കാനും മരണശേഷം പുനർജന്മം നേടാനുമുള്ള തന്റെ പ്രതീക്ഷയെക്കുറിച്ചും ദലൈലാമ സംസാരിച്ചു.
"ബുദ്ധധർമത്തെയും ടിബറ്റിലെ ജീവജാലങ്ങളെയും ഇതുവരെ നന്നായി സേവിക്കാൻ എനിക്ക് കഴിഞ്ഞു. എന്നിട്ടും, 130 വർഷത്തിലധികം ഇനിയും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം നഷ്ടപ്പെട്ടു, ഇന്ത്യയിൽ പ്രവാസത്തിലാണ് ജീവിക്കുന്നത്. പക്ഷേ എനിക്ക് ജീവജാലങ്ങൾക്ക് ധാരാളം പ്രയോജനം ചെയ്യാൻ കഴിഞ്ഞു ," ലാമ ടിബറ്റൻ ഭാഷയിൽ കൂട്ടിച്ചേർത്തു.
കേവലം ഒരു ബുദ്ധ സന്ന്യാസി മാത്രമാണ് താനെന്ന് ദലൈലാമ തന്റെ ജന്മദിന സന്ദേശത്തില്‍ പറഞ്ഞു. സാധാരണയായി ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാറില്ല. എന്നാല്‍ തന്റെ ജന്മദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ, ചില ചിന്തകൾ പങ്കിടാൻ ആഗ്രഹിക്കുന്നതായി ലാമ അറിയിച്ചു.
"ഭൗതിക വികസനത്തിനായി പ്രവർത്തിക്കേണ്ടത് പ്രധാനമാണെങ്കിലും, ഒരു നല്ല ഹൃദയം വളർത്തിയെടുക്കുന്നതിലൂടെയും, അടുത്തവരോടും പ്രിയപ്പെട്ടവരോടും മാത്രമല്ല, എല്ലാവരോടും അനുകമ്പയുള്ളവരായിരിക്കുന്നതിലൂടെയും മനസ്സമാധാനം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ, ലോകത്തെ മികച്ച ഇടമാക്കുന്നതിനാണ് നിങ്ങൾ സംഭാവന ചെയ്യുന്നത്. മാനുഷിക മൂല്യങ്ങൾ, മതപരമായ ഐക്യം, മനസ്സിന്റെയും വികാരങ്ങളുടെയും പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന പുരാതന ഇന്ത്യൻ ജ്ഞാനം, മനസ്സമാധാനത്തിനും അനുകമ്പയ്ക്കും ഊന്നൽ നൽകുന്നതിലൂടെ ലോകത്തിന് സംഭാവന ചെയ്യാൻ വളരെയധികം സാധ്യതയുള്ള ടിബറ്റൻ സംസ്കാരം, പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എന്റെ പ്രതിബദ്ധതകളിൽ ഞാൻ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കും," ലാമ പറഞ്ഞു.
"ഇടം നിലനിൽക്കുന്നിടത്തോളം, ജീവൻ നിലനിൽക്കുന്നിടത്തോളം, ഞാനും നിലനിൽക്കട്ടെ, ലോകത്തിന്റെ ദുരിതങ്ങൾ അകറ്റാൻ. മനസമാധാനവും കാരുണ്യവും വളർത്തിയെടുക്കാൻ എന്റെ ജന്മദിനത്തിന്റെ അവസരം ഉപയോഗിച്ചതിന് നന്ദി," ലാമ കൂട്ടിച്ചേർത്തു.
ദലൈലാമയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ലോകത്തിൻ്റെ പല കോണുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ ധരംശാലയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ആറ് നൂറ്റാണ്ട് പിന്നിട്ട അധ്യാത്മിക പ്രസ്ഥാനത്തിൻ്റെ പുതിയ അമരക്കാരന്‍ ആരാന്നറിയാൻ എല്ലാവരും ആകാംക്ഷയിലാണ്.
ലാമയുടെ മരണശേഷം പിൻഗാമി ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് ശേഷം ആകാംക്ഷയോടെയാണ് പിറന്നാളാഘോഷത്തെ എല്ലാവരും ഉറ്റുനോക്കുന്നത്. ബുദ്ധസന്ന്യാസി സമൂഹവും ടിബറ്റൻ സംഘടനകളും ആവശ്യപ്പെട്ടതോടെയാണ് പിൻഗാമിയുമായി ബന്ധപ്പെട്ട കാര്യം ദലൈലാമ വ്യക്തമാക്കിയത്.
1959ലാണ് ടിബറ്റിൽ നിന്ന് തന്റെ അനുയായികള്‍ക്കൊപ്പം 14ാമത് ദലൈലാമ ഇന്ത്യയിൽ അഭയം പ്രാപിച്ചത്. അന്നു മുതല്‍ ടിബറ്റന്‍ ജനതയുടെ സ്വയംഭരണത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായ ഒരു 'മധ്യമാർഗ'ത്തിനായി വാദിക്കുന്ന വ്യക്തിയാണ് ലാമ.
ധരംശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദലൈലാമയുടെ പിൻഗാമി ആരെന്നറിയാൻ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ടിബറ്റ് കയ്യടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കു പിൻഗാമികള്‍ ഉണ്ടാകില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ദലൈലാമ പിന്നീട് മനസ് മാറ്റുകയായിരുന്നു.