ഇന്നേക്ക് 12 വർഷങ്ങൾക്ക് മുമ്പാണ് എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള നീലപ്പട ഐസിസി ചാംപ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്.
2013 ജൂൺ 23നായിരുന്നു ആ ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്.
2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടാന്‍ കാരണം നായകന്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സി മികവായിരുന്നു. ഇംഗ്ലണ്ടിനോട് തോല്‍ക്കുമെന്ന് കരുതിയ മത്സരം ധോണിയുടെ മികവില്‍ ഇന്ത്യ ജയിക്കുകയായിരുന്നു.
മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച ധോണിയുടെ നീക്കത്തെ കുറിച്ച് സഹതാരമായിരുന്ന ആര്‍. അശ്വിന്‍ തുറന്നു പറഞ്ഞിരുന്നു.
"ധോണിയുടെ ചില നീക്കങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. ധോണി ഭായി അന്ന് എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ട്രോട്ട് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓവര്‍ ദി വിക്കറ്റ് ബോൾ എറിയരുതെന്നാണ് അദ്ദേഹം പറഞ്ഞത്," അശ്വിൻ ഓർത്തെടുത്തു.
"എറൗണ്ട് ദി വിക്കറ്റില്‍ പന്തെറിഞ്ഞാല്‍ അവന്‍ ഓഫ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിക്കും. പന്ത് സ്പിന്‍ ചെയ്താല്‍ സ്റ്റമ്പ് ചെയ്യാമെന്ന് ധോണി പറഞ്ഞു. ഇത് എങ്ങനെ കൃത്യം ധോണി പ്രവചിച്ചു എന്നാണ് ഇപ്പോഴും എനിക്ക് മനസിലാകാത്തത്," അശ്വിന്‍ അത്ഭുതത്തോടെ ഓർത്തെടുത്തു.
2013 ജൂൺ 23ന് ബർമിങ്ഹാമിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ, ഇംഗ്ലണ്ടിനെ അഞ്ച് റൺസിന് തോൽപ്പിച്ചാണ് മഹേന്ദ്ര സിങ് ധോണി നയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ജേതാക്കളായത്. ഈ ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയതിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം രവീന്ദ്ര ജഡേജയും, ഏറ്റവും അധികം റൺസ് നേടിയതിനുള്ള ഗോൾഡൻ ബാറ്റ് പുരസ്കാരവും, മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും ശിഖർ ധവാനും നേടി.
2013 ജൂൺ 6 മുതൽ 23 വരെയാണ് ഈ ടൂർണമെൻ്റ് നടന്നത്. ലണ്ടൻ, കാർഡിഫ്, ബർമിങ്ഹാം എന്നിവിടങ്ങളിലായാണ് ടൂർണമെന്റ് നടത്തപ്പെട്ടത്. വിജയിയായ ഇന്ത്യക്ക് നൽകിയ സമ്മാനത്തുക രണ്ട് മില്യൻ ഡോളറായിരുന്നു. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും മികച്ച് എട്ട് ടീമുകളാണ്, രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഈ ടൂർണമെൻ്റിൽ പോരടിച്ചത്.