ayatollah ali khamenei X post Trending
പഴയ കാല ഓർമകളും ദൈനംദിന ചിന്തകളും പങ്കുവെക്കുന്നവയായിരുന്നു ആയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റുകളിൽ ഭൂരിഭാഗവും.Source: X/@IvankaNews_

'സ്ത്രീകളുടെ വൈകാരികാവസ്ഥയെ തള്ളികളയരുത്!"; വൈറലായി ആയത്തൊള്ള അലി ഖമേനിയുടെ 'ഫെമിനിസ്റ്റ്' പോസ്റ്റ്

പരമോന്നത നേതാവ് സ്ഥാനം രാജിവെച്ചുകൊണ്ട് മുഴുവൻ സമയ 'വിവാഹ കൗൺസിലറായി' മാറണമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പരിഹാസം
Published on

ഇറാൻ-ഇസ്രയേൽ സംഘർഷത്തിനൊപ്പം സോഷ്യൽ മീഡിയയിലും ചർച്ചകളും തർക്കങ്ങളും വർധിക്കുകയാണ്. ഇരുപക്ഷത്തെയും വിമർശിച്ചും പിന്തുണച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ എക്സ് പ്ലാറ്റ്ഫോമിൽ ഇപ്പോൾ നടക്കുന്നത് വളരെ വിചിത്രമായ 'കുത്തിപ്പൊക്കലാണ്'. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പത്ത് വർഷത്തിലധികം പഴക്കമുള്ള എക്സ് പോസ്റ്റുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പഴയ കാല ഓർമകളും ദൈനംദിന ചിന്തകളും പങ്കുവെക്കുന്നവയായിരുന്നു ആയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റുകളിൽ ഭൂരിഭാഗവും. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണെന്നും, കുസൃതി കാണിച്ചുകൊണ്ട് പണ്ട് സ്കൂളിൽ പുരോഹിത വസ്ത്രം ധരിച്ച് പോയിരുന്നെന്നും അലി ഖമേനി പോസ്റ്റുകളിൽ പങ്കുവെക്കുന്നു.

ayatollah ali khamenei X post Trending
"45,000 രൂപ നഷ്ടമായി, എനിക്ക് സംഭവിച്ചത് നിങ്ങൾക്കുണ്ടാകരുത്"; വാട്സ്‌ആപ്പ് തട്ടിപ്പിനിരയായതായി അമൃത സുരേഷ്

എന്നാൽ സ്ത്രീ-പുരുഷ ബന്ധം ദൃഢപ്പെടുത്താനായി ആയത്തൊള്ള അലി ഖമേനി നൽകിയ ഒരു ഉപദേശമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2013ൽ പങ്കുവെച്ച പോസ്റ്റിന് താഴെയുള്ള ഭൂരിഭാഗം കമൻ്റുകളും കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യക്ഷപ്പെട്ടവയാണ്.

"എല്ലാ ജോലികളും ഭാര്യയെ ഏൽപ്പിച്ച് നിങ്ങൾക്ക് അവളെ വിമർശിക്കാൻ കഴിയില്ല. അവൾ ഒരു ശാസ്ത്രജ്ഞനോ രാഷ്ട്രീയക്കാരിയോ ആണെങ്കിൽ പോലും, കുടുംബത്തിനുള്ളിൽ, അവൾ ഇപ്പോഴും ഒരു പുഷ്പമാണ്," 2013 സെപ്റ്റംബറിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

അതേ വർഷം തന്നെ വന്ന മറ്റൊരു ട്വീറ്റ് വൈവാഹിക ബന്ധത്തിലെ ഭർത്താവിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടുള്ളതാണ്. "സ്ത്രീയുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കാൻ പുരുഷന് ഉത്തരവാദിത്തമുണ്ട്, അവളുടെ വൈകാരികാവസ്ഥ ഒരിക്കലും അവഗണിക്കരുത്," ഖമേനി എഴുതി.

ayatollah ali khamenei X post Trending
ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനെ കൊലപ്പെടുത്തി ഇസ്രയേല്‍; രണ്ട് ഐആർജിസി കമാന്‍ഡർമാർ കൂടി കൊല്ലപ്പെട്ടു

ഇറാനിലെ നിലവിലെ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ആയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റുകളെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. അലി ഖമേനിയെ 'ഫെമിനിസ്റ്റ്' എന്ന് വിളിച്ചാണ് ചിലരുടെ പരിഹാസം. പരമോന്നത നേതാവ് സ്ഥാനം രാജിവെച്ചുകൊണ്ട് മുഴുവൻ സമയ 'വിവാഹ കൗൺസിലറായി' മാറണമെന്നും ഉപയോക്താക്കൾ എക്സിൽ കുറിച്ചു. "ഒരു വിവാഹ ഉപദേഷ്ടാവാകാൻ ജനിച്ചു, ഒരു ആയത്തൊള്ളയാകാൻ നിർബന്ധിതനായി", മറ്റൊരു ഉപയോക്താവ് കുറിച്ചു.

അതേസമയം ഇറാനിലെ സ്ത്രീകളുടെ ജീവിതവും ആയത്തൊള്ള അലി ഖമേനിയുടെ എക്സ് പോസ്റ്റുകളും തമ്മിൽ ബഹുദൂരം വ്യത്യാസമുണ്ടെന്ന് പല ഉപയോക്താക്കളും വിമർശിച്ചു. പോസ്റ്റിലെ ഉപദേശങ്ങളൊന്നും ഭരണത്തിൽ പ്രതിഫലിക്കുന്നില്ലെന്നാണ് പ്രധാന വിമർശനം. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റിലായ ശേഷം പൊലീസ് കസ്റ്റഡിയിൽ മരിച്ച 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ പരാമർശിച്ചുകൊണ്ടും ഉപയോക്താക്കൾ എക്സിൽ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com