അമർ ഹുണ്ടാലിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സർദാർ ജി 3 ട്രെയിലർ റിലീസിന് പിന്നാലെ ഗായകനും നടനുമായ ദിൽജിത് ദോസഞ്ജിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെ സർദാർ ജി 3യുടെ ട്രെയിലറിൽ പാകിസ്ഥാൻ നടി ഹാനിയ ആമിറിനോടൊത്ത് അഭിനയിച്ചതിനെ തുടർന്നാണ് ദിൽജിത് ദോസഞ്ജിനെതിരെ വിമർശനം ഉയരുന്നത്.
റെഡ്ഡിറ്റിൽ ഒരാൾ ധൈര്യം തന്നെ എന്ന തലക്കെട്ടോട് കൂടി ഒരു പോസ്റ്റ് പങ്കുവെച്ചു. "സംഘർഷം ഉണ്ടായപ്പോൾ ഒരു വാക്കുപോലും മിണ്ടിയില്ല... ഇപ്പോൾ നമുക്കറിയാം എന്തുകൊണ്ടെന്ന്... എനിക്ക് അവനെ ഇഷ്ടമായിരുന്നു, പക്ഷേ ഇപ്പോൾ അഭിപ്രായം വളരെയധികം മാറിക്കൊണ്ടിരിക്കുന്നു" എന്ന് ഒരാൾ കമൻ്റ് ചെയ്തു. "സത്യം പറഞ്ഞാൽ, ദിൽജിത്തിന് ഇന്ത്യയോട് ഒരു അടുപ്പമോ സ്നേഹമോ ഇല്ലെന്ന് ഞാൻ കരുതുന്നു" എന്ന് മറ്റൊരു കമൻ്റ്.
"ദിൽജിത്തിൽ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കാനാവില്ല. അദ്ദേഹം എപ്പോഴും തന്റെ പ്രത്യയശാസ്ത്രങ്ങളെ കുറിച്ച് വളരെ ബോധവാനാണ്" ഇങ്ങനെയായിരുന്നു റെഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു കമൻ്റ്. "ഒരിക്കലും അവനെ ഇഷ്ടപ്പെട്ടിട്ടില്ല, ഇഷ്ടപ്പെടുകയുമില്ല. അവനോട് വെറുപ്പ് തോന്നുന്നു," മറ്റൊരാളും കുറിച്ചു.
യുകെയിലെ ഒരു മാളികയിൽ നിന്ന് ഒരു ആത്മാവിനെ നീക്കം ചെയ്യാൻ ചുമതലപ്പെടുത്തിയ പ്രേത വേട്ടക്കാരാണ് സർദാർ ജി 3 എന്ന ചിത്രത്തിലെ ഹാനിയയുടെയും ദിൽജിത്തിന്റെയും കഥാപാത്രങ്ങൾ. ട്രെയിലർ റിലീസിന് പിന്നാലെ "സർദാർ ജി 3 ജൂൺ 27ന് വിദേശത്ത് മാത്രം റിലീസ് ചെയ്യുന്നു" എന്ന് ദിൽജിത്ത് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. മാനവ് വിജ്, ഗുൽഷൻ ഗ്രോവർ, ജാസ്മിൻ ബജ്‌വ, സപ്‌ന പബ്ബി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.