ഒരാൾ തൻ്റെ എൺപതാം പിറന്നാൾ എങ്ങനെയാകും ആഘോഷിക്കുക. നടപ്പുരീതികളൊന്നും വേണ്ടെന്ന് തീരുമാനിച്ചു ശ്രദ്ധ ചൗഹാൻ എന്ന പിറന്നാൾക്കുട്ടി. 10000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് ചെയ്താണ് അവർ പിറന്നാൾ ആഘോഷമാക്കിയത്. പ്രായത്തിൻ്റെ ബുദ്ധിമുട്ടുകളും നട്ടെല്ലുവേദനയടക്കം ശാരീരിക പ്രയാസങ്ങളുമൊന്നും ശ്രദ്ധ ചൗഹാന് കുട്ടിക്കാലത്തേ തോന്നിയ മോഹം നടപ്പാക്കാൻ തടസ്സമായില്ല. ശ്രദ്ധയുടെ ഡൈവിങ് വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ആകാശം തൊടണം, വിമാനം പോലെ പാറി നടക്കണം. ഇതായിരുന്നു ശ്രദ്ധ ചൗഹാൻ്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. അത് സാധ്യമായതാകട്ടെ എൺപതാം വയസ്സിലും. സെർവിക്കൽ സ്പോണ്ടിലൈറ്റിസ്, നട്ടെല്ല് വേദന, പ്രായം നിരവധി പരിമിതികളും തടസ്സങ്ങളും ശ്രദ്ധ ചൗഹാനുമുന്നിലുണ്ടായിരുന്നു. നിശ്ചയദാർഢ്യത്തിനും ധൈര്യത്തിനും മുന്നിൽ അതെല്ലാം വഴിമാറി. 10000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ്ങെന്ന സ്വപ്നം ഡോ. ശ്രദ്ധ ചൗഹാൻ സാക്ഷാത്കരിച്ചു.
തൻ്റെ ഈ മോഹം പല തവണ കുടുബത്തോട് പറഞ്ഞെങ്കിലും അവർക്കെല്ലാം പേടിയായിരുന്നു. ആദ്യം അവരാരും ഒപ്പം നിന്നില്ല. 80ാം പിറന്നാളാഘോഷം എങ്ങനെയാകണമെന്ന് ചോദിച്ചപ്പോൾ ശ്രദ്ധ ചൗഹാൻ ആഗ്രഹം ആവർത്തിച്ചു. സ്കൈ ഡൈവിങ് ചെയ്യണം. അമ്മ സീരിയസാണെന്ന് ബോധ്യപ്പെട്ടപ്പോൾ എങ്കിൽപ്പിന്നെ ആ മോഹം നടക്കട്ടെയെന്ന് മകനും കരുതി. കൂടെ താനും വരുമെന്ന് മകൻ റിട്ടയേഡ് ബ്രിഗേഡിയർ സൗരഭ് സിംഗ് ഷെഖാവത്ത് പറഞ്ഞു.
വിമാനത്തിൽ കയറുമ്പോൾ ശ്രദ്ധയ്ക്ക് ഭയമേതുമുണ്ടായില്ല. എല്ലാ മുൻകരുതലുകളുമെടുത്തുകൊണ്ട് 10000 അടിയിൽ നിന്ന് അമ്മയും മകനും ഒരൊറ്റ കുതിപ്പ്. പിന്നീട് ആകാശത്തിലൂടെ തെന്നിപ്പാഞ്ഞ്, മേഘങ്ങളെ തഴുകി, പരസ്പരം ചേർത്തുപിടിച്ച് ഇരുവരും ഭൂമിയിലേക്ക് പറന്നിറങ്ങി. പാരച്യൂട്ടിൽ താണുവന്ന് ഭൂമിയെ തൊട്ടു.
ഹരിയാനയിലെ നാർനോൾ എയർസ്ര്ട്പിപ്പിലെ സ്കൈ ഹൈ ഇന്ത്യയിൽ വച്ചായിരുന്നു സ്വപ്ന സാക്ഷാത്കാരം. ഇതോടെ സ്കൈ ഡൈവിങ് നടത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന നേട്ടവും ഈ എൺപതുകാരിയുടെ കൈയിൽ ഭദ്രം. പ്രായം ഒരു നമ്പർ മാത്രമെന്നത് ശ്രദ്ധയമ്മൂമ്മയെ സംബന്ധിച്ച് ഒരു വെറും പറച്ചിലല്ല.