IPL | Punjab Kings vs Royal Challengers Bengaluru | ഈ സാലാ കപ്പ്? കിങ്സിനെ തകർത്ത് ബെംഗളൂരുവിൻ്റെ റോയൽ ഫൈനൽ പ്രവേശം

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ബെംഗളൂരു ഐപിഎല്ലിൻ്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
ഐപിഎൽ 18ാം സീസണിൽ ആദ്യ ഫൈനലിൽ കടക്കുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു.
വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും മത്സരത്തിനിടെX/ Indian Premier League
Published on

ഐപിഎൽ 18ാം സീസണിൽ ആദ്യം ഫൈനലിൽ കടക്കുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. പ്ലേ ഓഫിലെ നിർണായകമായ ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ആർസിബി കലാശപ്പോരിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. 102 റൺസ് വിജയലക്ഷ്യം പത്തോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. സ്കോർ, പഞ്ചാബ് കിങ്സ് - 101 (14.1), ആർസിബി - 106/2 (10).

27 പന്തിൽ 56 റൺസെടുത്ത ഇംഗ്ലീഷ് ഓപ്പണർ ഫിലിഫ് സോൾട്ടാണ് ബെംഗളൂരുവിൻ്റെ വിജയശിൽപി. മൂന്ന് സിക്സും ആറ് ഫോറുകളും താരം പറത്തി. 200ന് മുകളിൽ സ്ട്രൈക്ക് റേറ്റിലായിരുന്നു പഞ്ചാബിനെതിരായ സോൾട്ടിൻ്റെ അസോൾട്ട്.

വിരാട് കോഹ്‌ലി (12), മായങ്ക് അഗർവാൾ (19), രജത് പടിദാർ (15) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പഞ്ചാബിനായി കൈൽ ജാമിസണും മുഷീർ ഖാനും ഓരോ വിക്കറ്റെടുത്തു. മുഷീർ ഖാനെറിഞ്ഞ പത്താം ഓവറിലെ അവസാന പന്ത് ഡീപ് സ്ക്വയർ ലെഗിലേക്ക് സിക്സർ പറത്തിയാണ് നായകൻ രജത് ബെംഗളൂരുവിൻ്റെ ഫൈനൽ പ്രവേശനം മാസ്സാക്കിയത്. അതെ ആർസിബി ഫിനിഷ്ഡ് ഓഫ് ഇൻ സ്റ്റൈൽ...

ആദ്യ ക്വാളിഫയർ മത്സരത്തിൽ പഞ്ചാബ് കിങ്സിന് തുടക്കം മുതലേ കണ്ടകശനിയായിരുന്നു. ടോസ് ഭാഗ്യം തൊട്ട് ഒന്നാമിന്നിങ്സിലെ പഞ്ചാബിൻ്റെ ബാറ്റിങ് പ്രകടനം വരെ പരിതാപകരമായിരുന്നു. ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ ടോസ് നേടിയ ആർസിബി നായകൻ രജത് പടിദാർ ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കൃത്യമായ ആക്ഷൻ പ്ലാനുകളുമായാണ് ആർസിബി ബൗളർമാർ കളത്തിലിറങ്ങിയത്. ജോഷ് ഹേസിൽവുഡ്, സുയാഷ് ശർമ എന്നിവർ മൂന്ന് വീതവും, യഷ് ദയാൽ രണ്ടും, ഭുവനേശ്വർ കുമാറും റൊമാരിയോ ഷെപ്പേർഡും ഓരോ വീതവും വിക്കറ്റുകളുമായി തിളങ്ങിയ മത്സരത്തിൽ, പഞ്ചാബിൻ്റെ പേരുകേട്ട ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുന്നതാണ് കണ്ടത്.

പഞ്ചാബ് നിരയിൽ മാർക്കസ് സ്റ്റോയ്നിസ് (26), പ്രഭ്‌സിമ്രാൻ സിങ് (18), അസ്മത്തുള്ള ഒമർസായ് (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 14.1 ഓവറിൽ അവർക്ക് 101 റൺസ് മാത്രമെ നേടാനായുള്ളൂ. അസ്വാഭാവികമായ പേസും ബൗൺസും ലഭിക്കുന്ന പിച്ചിൽ ബാറ്റിങ് അതീവ ദുഷ്ക്കരമായിരുന്നു.

ഹേസിൽവുഡിൻ്റെ നേതൃത്വത്തിൽ പേസർമാർ മുൻനിര വിക്കറ്റുകൾ പിഴുതപ്പോൾ, പഞ്ചാബിൻ്റെ വലങ്കയ്യൻ ലെഗ് സ്പിന്നർ സുയാഷ് ശർമ മധ്യനിരയെ തകർത്തെറിഞ്ഞു. മറ്റു ബൗളർമാരും പഞ്ചാബി ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ലെന്ന് വേണം പറയാൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com