

അഹമ്മദാബാദ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം സീസണിലും കിരീടം ചൂടി ആർസിബിയുടെ റോയൽ പ്രകടനം. 19ാം സീസണിലെ കലാശപ്പോരിൽ ഓൾറൗണ്ട് പ്രകടന മികവിൽ ഗുജറാത്തിനെ മറുപടിയില്ലാത്ത വിധം നിശബ്ദരാക്കിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും ജേതാക്കളായത്. അഞ്ച് വിക്കറ്റിൻ്റെ ജയമാണ് ആർസിബി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. സ്കോർ, ഗുജറാത്ത് ടൈറ്റൻസ് - 155/8 (20), ആർസിബി - 161/5 (18).
ഇതോടെ തുടരെ രണ്ട് സീസണുകളിൽ ഐപിഎൽ ജേതാക്കളാകുന്ന മൂന്നാമത്തെ ടീമായും ആർസിബി മാറി. 2010, 11 സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സും.. 2019, 2020 സീസണുകളിൽ മുംബൈ ഇന്ത്യൻസും സമാനമായ രീതിയിൽ കിരീടം ചൂടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ 155 റൺസിൽ എറിഞ്ഞൊതുക്കിയ ശേഷം അനായാസമായാണ് ആർസിബി വിജയലക്ഷ്യത്തിലേക്ക് കുതിച്ചെത്തിയത്. 42 പന്തിൽ നിന്ന് 75 റൺസെടുത്ത് അവസരത്തിനൊത്ത് ഉയർന്ന വിരാട് കോഹ്ലിയുടെ ബാറ്റിങ്ങാണ് ആർസിബിക്ക് വീണ്ടും വിജയതിലകം സമ്മാനിച്ചത്. ഐപിഎല്ലിൻ്റെ തുടർച്ചയായ നാല് സീസണുകളിൽ 600ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യത്തെ കളിക്കാരനായും കോഹ്ലി മാറി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 156 റൺസിൻ്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ആർസിബി 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിരാട് കോഹ്ലിയും (42 പന്തിൽ 75) ജിതേഷ് ശർമയും (11) പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. നേരത്തെ ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും (32) വിരാട് കോഹ്ലിയും ചേർന്ന് 27 പന്തിൽ നിന്ന് 62 റൺസുമായി ആർസിബിക്ക് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. അയ്യർ മടങ്ങിയതിന് പിന്നാലെ മൂന്നാം വിക്കറ്റിൽ കോഹ്ലി രജത് പടിദാറിനൊപ്പം ചേർന്ന് 26 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.
ഓപ്പണറായെത്തിയ വെങ്കിടേഷ് അയ്യർ വെടിക്കെട്ട് തുടക്കമാണ് ബെംഗളൂരുവിന് സമ്മാനിച്ചത്. രണ്ടാം ഓവർ എറിഞ്ഞ കഗീസോ റബാഡയുടെ ഒരോവറിൽ മാത്രം പിറന്നത് 18 റൺസാണ്. 16 പന്തിൽ 32 റൺസെടുത്ത വെങ്കടേഷ് അയ്യരെ മുഹമ്മദ് സിറാജ് കഗീസോ റബാഡയുടെ കൈകളിലെത്തിച്ചു. നാല് പന്തിൽ നിന്ന് ഒരു റൺസെടുത്ത ദേവ്ദത്ത് പടിക്കലിനെ കഗീസോ റബാഡ മടക്കി. അർഷാദ് ഖാനായിരുന്നു ക്യാച്ചെടുത്തത്. രജത് പടിദാറിനെ (15) റാഷിദ് ഖാൻ്റെ പന്തിൽ കഗീസോ റബാഡ ക്യാച്ചെടുത്ത് പുറത്താക്കി. ക്രുണാൽ പാണ്ഡ്യയെ (1) റാഷിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുരുക്കി. ടിം ഡേവിഡ് 24 റൺസെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയക്കപ്പെട്ട ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 155/8 റൺസാണ് നേടിയത്. ഗുജറാത്തിനായി വാഷിങ്ടൺ സുന്ദർ (50) ഫിഫ്റ്റിയുമായി ഒറ്റയാൾ പോരാട്ടമാണ് നയിച്ചത്. മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. നിർണായക മത്സരത്തിൽ മോശം ഷോട്ട് സെലക്ഷനുകളുമായി ഗുജറാത്ത് ബാറ്റർമാർ ആരാധകരെ നിരാശരാക്കി. ബെംഗളൂരുവിനായി രാസിക് സലാം ധർ മൂന്നും ജോഷ് ഹേസിൽവുഡും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ (10) ഹേസിൽവുഡിൻ്റെ പന്തിൽ രജത് പടിദാറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയിരുന്നു. ഇതോടെ ഗുജറാത്തിൻ്റെ ശനിദശയും ആരംഭിച്ചു. തൊട്ടുപിന്നാലെ സായ് സുദർശനെ (11) ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്ത് പുറത്താക്കി. നിഷാന്ത് സിന്ധുവിനെ (20) രാസിക് സലാം ധറിൻ്റെ പന്തിൽ ദേവ്‌ദത്ത് പടിക്കൽ ക്യാച്ചെടുത്ത് മടക്കിയയച്ചു. ജോസ് ബട്‌ലറെ (19) ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ ജിതേഷ് ശർമ ക്യാച്ചെടുത്ത് പുറത്താക്കി. അർഷദ് ഖാനെ (15) ജോഷ് ഹേസിൽവുഡാണ് മടക്കിയത്. രാസിക് സലാം ധറിന് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്.
ജേക്കബ് ഡഫി എറിഞ്ഞ പത്താം ഓവറിലെ അവസാന പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച വാഷിങ്ടൺ സുന്ദർ പുറത്തായെന്ന് കരുതിയതാണ്. എന്നാൽ ക്യാച്ചെടുത്ത ഫീൽഡർക്ക് പിഴച്ചു. പന്ത് നിലത്ത് തട്ടുന്നതായി ടിവി റീപ്ലേകളിൽ നിന്ന് വ്യക്തമായതോടെ അമ്പയർ തീരുമാനം പിൻവലിച്ചു. 19ാം ഓവറിലെ മൂന്നാം പന്തിൽ ജേസൺ ഹോൾഡറും (7) വീണു. റാഷിദ് ഖാനെ (7) രസിക് സലാം ധർ റൊമാരിയോ ഷെപ്പേർഡിൻ്റെ കൈകളിലെത്തിച്ചു.
ജേക്കബ് ഡഫി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ സായ് സുദർശനെതിരെ മികച്ചൊരു അപ്പീലാണ് ഉയർന്നത്. അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുജറാത്ത് ഓപ്പണർ റിവ്യൂവിൻ്റെ സഹായം തേടിയതോടെ പന്ത് ബാറ്റിൽ കൊള്ളാതെയാണ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലേക്ക് എത്തിയതെന്ന് വ്യക്തമായി. അതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൻ്റെ ഗ്യാലറികളിൽ തിങ്ങിനിറഞ്ഞ ഗുജറാത്തി ആരാധകർക്ക് ശ്വാസം നേരെ വീണു!
ഫൈനലിൽ ജയിക്കുന്ന ജേതാക്കളെ കാത്തിരിക്കുന്നത് 20 കോടി രൂപയുടെ ക്യാഷ് പ്രൈസ് ആണ്. ടോസ് നേടിയ ആർസിബി നായകൻ രജത് പടിദാർ ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്യും. ഈ സീസണിൽ 13 മത്സരങ്ങളിൽ നായകനായ പടിദാർ ടോസ് വിജയിച്ചിരുന്നു. അതിൽ 11 മത്സരങ്ങളും ആർസിബി ജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് ടീം തോറ്റത്. ഒരു മത്സരം ഫലമില്ലാതെ പോയി.
ആർസിബി നിരയിൽ ഓപ്പണർ ഫിൽ സോൾട്ടിന് ഇടം കണ്ടെത്താനായിട്ടില്ല. പകരം വിരാട് കോഹ്ലിയും ദേവ്‌ദത്ത് പടിക്കലും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. ഗുജറാത്ത് ടീമിൽ ഒരു മാറ്റമുണ്ട്. സായ് കിഷോറിന് പകരം അർഷാദ് ഖാൻ ടീമിലെത്തി.
ഗുജറാത്ത് ടൈറ്റൻസ് സ്ക്വാഡ്:
സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രാഹുൽ തേവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്ക്വാഡ്:
വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, രജത് പടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസിൽവുഡ്, റാസിഖ് സലാം ദാർ.
രണ്ടാം കിരീടമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. 19ാം സീസൺ ഐപിഎൽ ഫൈനൽ ഒന്നാം ക്വാളിഫയറിൻ്റെ ആവർത്തനമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകൾ തന്നെ ഫൈനലിലും നേർക്കുനേർ വരികയാണ്. നിലവിലെ ചാംപ്യന്മാരായ ബെംഗളൂരുവിന് ഒത്ത എതിരാളികളാണ് ശുഭ്മാൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസ്.
നിലവിലെ ചാപ്യന്മാരുടെ പകിട്ട് കൊണ്ട് മാത്രമല്ല, കുട്ടി ക്രിക്കറ്റിന് ചേർന്ന ഒന്നൊന്നര ടീമുമായാണ് ബെംഗളൂരു ഫൈനലിന് ഇറങ്ങുന്നത്. കിങ് കോഹ്ലിയിൽ തുടങ്ങി എട്ട് ബാറ്റർമാരെ ലഭിക്കുന്ന ആഴവും പരപ്പുമുള്ള കൂറ്റനടിക്കാരുടെ ബാറ്റിങ് ലൈനപ്പാണ് ആർസിബിയുടേത്... വെങ്കിടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, രജത് പടിദാർ തുടങ്ങി ഫിനിഷറായ ടീം ഡേവിഡടങ്ങുന്ന ലോകോത്തര താരനിര. ഓൾറൗണ്ടർമാരായി ക്രുണാൽ പാണ്ഡ്യയും റൊമാരിയോ ഷെപ്പേർഡുമുണ്ട്. ഭുവനേശ്വർ കുമാറിൻ്റെയും ജോഷ് ഹേസിൽവുഡിൻ്റെയും നേതൃത്വത്തിലുള്ള ആർസിബി ബൗളിങ് നിരയും അതിശക്തമാണ്.
ശക്തമായ പേസ് നിരയുമായി ഈ സീസണിൽ മുന്നേറിയ ടീമാണ് ഗുജറാത്ത്. കാഗിസോ റബാഡയും മുഹമ്മദ് സിറാജും നൽകുന്ന ഓപ്പണിംഗ് സ്പെൽ മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഗുജറാത്തിന് മുൻതൂക്കം നൽകിയിരുന്നു. ജേസൺ ഹോൾഡറും പ്രസിദ്ധ് കൃഷ്ണയും മധ്യ ഓവറുകളിൽ കളി നിയന്ത്രിക്കും. 700ൽ അധികം റൺസുമായി റൺ വേട്ടക്കാരിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് സായ് സുദർശനും ശുഭ്മാൻ ഗില്ലും. ഓപ്പണർമാർ നൽകുന്ന ഈ തുടക്കമാണ് ഗുജറാത്തിൻ്റെ നട്ടെല്ല്. മൂന്നാം നമ്പറിലെത്തുന്ന ജോസ് ബട്ട്ലറും മികച്ച ഫോമിൽ. ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് ഗുജറാത്തിന് മുൻതൂക്കം നൽകുന്നുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ഒന്നാം ക്വാളിഫയറിലെത്തിയപ്പോൾ 92 റൺസിൻ്റെ ആധികാരിക ജയമാണ് ബംഗളുരു സ്വന്തമാക്കിയത്. കിരീടം നേടിയാൽ ചെന്നൈക്കും മുംബൈക്കും ശേഷം കിരീടം നിലനിർത്തുന്ന ടീമും രണ്ട് കിരീടം നേടുന്ന നാലാമത്തെ ടീമുമാകും ബംഗളുരു. മൂന്നാം ഫൈനലിനിറങ്ങുന്ന ഗുജറാത്തിന് ജയിച്ചാൽ രണ്ട് കിരീടമെന്ന റെക്കോർഡ് പുസ്തകത്തിലും ഇടം നേടാം.