
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 നാലാം ഏകദിന മത്സരത്തില്‍ റെക്കോർഡ് പ്രകടനവുമായി വൈഭവ് സൂര്യവന്‍ഷി. 52 പന്തില്‍ 100 അടിച്ച 14കാരന്‍ യൂത്ത് ഏകദിന മത്സരങ്ങളിലെ അതിവേഗ സെഞ്ച്വറി എന്ന റെക്കോർഡിന്റെ ഉടമയായി. 78 പന്തുകള്‍ നേരിട്ട ഈ ഇടംകൈയ്യന്‍ ബാറ്റർ 143 റണ്‍സെടുത്താണ് പുറത്തായത്.
53 പന്തുകളില്‍ സെഞ്ച്വറി നേടിയ പാകിസ്ഥാൻ താരം കമ്രാൻ ഗുലാമിന്റെ റെക്കോർഡാണ് പഴങ്കഥയായത്. 10 ഫോറിന്റെയും ഏഴ് സിക്സിന്റെയും അകമ്പടിയോടെയായിരുന്നു സൂര്യവന്‍ഷിയുടെ അതിവേഗ സെഞ്ച്വറി. ആകെ 13 ഫോറും 10 സിക്സുമാണ് വൈഭവ് സൂര്യവന്‍ഷി അടിച്ചെടുത്തത്.
കഴിഞ്ഞ വർഷം ചെന്നൈയില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന അണ്ടർ 19 മത്സരത്തില്‍ പുരുഷ യൂത്ത് ടെസ്റ്റിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി വൈഭവ് സൂര്യവന്‍ഷി സ്വന്തമാക്കിയിരുന്നു. 56 പന്തിലാണ് താരം മൂന്നക്കം കടന്നത്. 2005ല്‍ 56 പന്തില്‍ സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ മൊയീന്‍ അലി മാത്രമാണ് ഇന്ത്യന്‍ യുവതാരത്തിന് മുന്നിലുള്ളത്.
ഐപിഎല്‍ അരങ്ങേറ്റത്തിലൂടെ തന്നെ തന്റെ വരവ് സൂര്യവന്‍ഷി അറിയിച്ചിരുന്നു. ടൂർണമെന്റിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് വൈഭവ് സൂര്യവന്‍ഷി. ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടുമ്പോള്‍ 14 വയസ്സും 32 ദിവസവുമായിരുന്ന ഈ യുവതാരത്തിന്റെ പ്രായം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 35 പന്തുകളിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ബൗളർമാരെ വെറും നോക്കുകത്തികളാക്കി വൈഭവ് നൂറ് റണ്‍സ് നേടിയത്. അതും ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന സീരീസില്‍ മികച്ച ഫോമിലാണ് വൈഭവ് സൂര്യവന്‍ഷി. കഴിഞ്ഞ മത്സരത്തില്‍ 20 പന്തിലാണ് അർധ സെഞ്ച്വറി തികച്ചത്. യൂത്ത് ഏകദിനത്തിലെ വേഗതയേറിയ രണ്ടാമത്തെ അർധ സെഞ്ച്വറിയായിരുന്നു ഇത്. 31 പന്തില്‍ 86 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. മത്സരം ഇന്ത്യ നാല് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. പരമ്പര 2-1ന് ഇന്ത്യ മുന്നിലാണ്.
52 പന്തുകൾ- വൈഭവ് സൂര്യവംശി- ഇന്ത്യ U19 vs ഇംഗ്ലണ്ട് U19 വോർസെസ്റ്റർ (2025)
53 പന്തുകൾ- കമ്രാൻ ഗുലാം- പാകിസ്ഥാൻ U19 vs ഇംഗ്ലണ്ട് U19 ലെസ്റ്റർ (2013)
68 പന്തുകൾ- തമീം ഇഖ്ബാൽ - ബംഗ്ലാദേശ് U19 vs ഇംഗ്ലണ്ട് U19 ഫത്തുള്ള (2005/06)
69 പന്തുകൾ- രാജ് അംഗദ് ബാവ- ഇന്ത്യ U19 vs ഉഗാണ്ട U19 തരൂബ (2021/22)
70 പന്തുകൾ- ഷോൺ മാർഷ്- ഓസ്‌ട്രേലിയ U19 vs കെനിയ ഡുനെഡിൻ (2001/02)