ആർസിബിയെ ഐപിഎൽ ഫൈനലിലെത്തിച്ച വിജയശിൽപ്പി; ആരാണ് സുയാഷ് ശർമ?

മൂന്നോവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് സുയാഷ് പഞ്ചാബിൻ്റെ ആഴമുള്ള മധ്യനിരയെ തകർത്തെറിഞ്ഞത്.
ഡൽഹി സ്വദേശിയായ സുയാഷ് ശർമ ഇതുവരെ 26 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഐപിഎൽ ഒന്നാം ക്വാളിഫയറിൽ കളിയിലെ താരമായി മാറിയ സുയാഷ് ശർമX/ Mufaddal Vohra
Published on

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 18ാം സീസണിൽ ആദ്യമായി ഫൈനൽ ഉറപ്പിച്ച ടീമായി ആർസിബി മാറിയതിന് പിന്നാലെ... ചെമ്പടയുടെ മിന്നും താരമായി മാറിയിരിക്കുകയാണ് സുയാഷ് ശർമ. ആദ്യ ക്വാളിഫയറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായും ഈ ലെഗ് സ്പിന്നർ തെരഞ്ഞെടുക്കപ്പെട്ടു.

മൂന്നോവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് സുയാഷ് പഞ്ചാബിൻ്റെ ആഴമുള്ള മധ്യനിരയെ തകർത്തെറിഞ്ഞത്. നിർണായകമായ മിഡിൽ ഓവറുകളിൽ പഞ്ചാബ് ബാറ്റർമാരെ റണ്ണെടുക്കാൻ അനുവദിക്കാതെ തളച്ചിടാനും അതുമൂലം കളിയിൽ ടീമിന് മേൽക്കെ നേടിയെടുക്കാനും സുയാഷിന് സാധിച്ചു.

5.70 എക്കണോമിയിലാണ് അയാൾ പന്തെറിഞ്ഞത്. പഞ്ചാബിൻ്റെ മിഡിൽ ഓർഡറിൽ അപകടകാരികളായ ബാറ്റർമാരായ മാർക്കസ് സ്റ്റോയ്നിസ് (26), ശശാങ്ക് സിങ് (3), മുഷീർ ഖാൻ (0) എന്നിവരുടെ വിക്കറ്റുകളാണ് സുയാഷ് വീഴ്ത്തിയത്. ബെംഗളൂരുവിൻ്റേത് ഒരു ടീം ഗെയിം ആയിരുന്നുവെങ്കിലും, സുയാഷിൻ്റെ ഈ ബൗളിങ് പ്രകടനം ആർസിബി ഫാൻസ് ഏറെക്കാലം ഓർമയിൽ സൂക്ഷിച്ച് വെക്കും എന്നുറപ്പാണ്.

അനായാസമായിരുന്നു വ്യാഴാഴ്ച രാത്രിയിലെ ആർസിബിയുടെ ഫൈനൽ പ്രവേശം. എങ്കിലും ഒരു ടീമെന്ന നിലയിൽ വിയർപ്പൊഴുക്കി നേടിയതാണ് ഈ ജയം. ഇത്തവണയെങ്കിലും ആർസിബിക്കൊപ്പം വിരാട് കപ്പുയർത്തുന്നത് കാണാൻ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള ആരാധകർ.

സുയാഷ് ശർമയുടെ ഐപിഎൽ കരിയർ

2023 ഏപ്രിൽ 6ന് ഈഡൻ ഗാർഡൻസിൽ ആർസിബിക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പന്തെറിഞ്ഞാണ് സുയാഷ് ശർമ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്.

അന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നൈറ്റ് റൈഡേഴ്‌സിന് 81 റൺസിന്റെ തകർപ്പൻ ജയം നേടിക്കൊടുക്കാനുമായിരുന്നു. സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി തുടങ്ങിയ പരിചയസമ്പന്നരായ സ്പിന്നർമാരുടെ കൂടെ സുയാഷ് ശർമ മികച്ച സ്പെല്ലുകൾ എറിയുകയും എതിരാളികളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ആ സീസണിലാകെ 10 വിക്കറ്റുകൾ നേടി.

2025ലെ ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പായുള്ള മെഗാ താരലേലത്തിൽ 2.60 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അദ്ദേഹത്തെ സ്വന്തമാക്കി.
ആർസിബി നായകൻ രജത് പടിദാറിനൊപ്പം ആഹ്ളാദം പങ്കിടുന്ന ലെഗ് സ്പിന്നർ സുയാഷ് ശർമ.X/ Indian Premier League

കൊൽക്കത്ത കീരീടമണിഞ്ഞ 2024 സീസണിൽ, സുയാഷ് ശർമ അവർക്കായി രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂ. പക്ഷേ കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. 2025ലെ ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പായുള്ള മെഗാ താരലേലത്തിൽ 2.60 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അദ്ദേഹത്തെ സ്വന്തമാക്കി.

ഡൽഹി സ്വദേശിയായ സുയാഷ് ശർമ ഇതുവരെ 26 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 8.74 എക്കണോമിയിൽ 18 വിക്കറ്റുകളാണ് നേടിയത്. ഇന്ന് പഞ്ചാബിനെതിരെ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് ഐപിഎൽ കരിയറിലെ മികച്ച ബൗളിങ് പ്രകടനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com