
എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് യോഗ്യത ചാംപ്യൻഷിപ്പിൽ ഇന്ത്യ ഇന്നിറങ്ങും.ആദ്യ മത്സരത്തിൽ മംഗോളിയ ആണ് എതിരാളികൾ. മലയാളി താരം മാളവിക ഇന്ത്യൻ ടീമിൽ ഇടം നേടി. തായ്‌ലന്‍ഡിലെ ചിയാങ് മായ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം.
ഫിഫ റാങ്കിങ്ങില്‍ 70-ാം സ്ഥാനത്താണ് ഇന്ത്യന്‍ വനിതാ ടീം. ഗ്രൂപ്പ് ബിയിൽ ലോക റാങ്കിങ്ങില്‍ 126-ാം സ്ഥാനത്തുള്ള മംഗോളിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍, ജൂലൈ 5ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരമാകും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഫിഫ റാങ്കിങ്ങില്‍ 46-ാം സ്ഥാനത്തുള്ള തായ്‌ലൻഡിനെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ അവസാന ഗ്രൂപ്പ് മത്സരം. റാങ്കിങ്ങില്‍ 158-ാം സ്ഥാനത്തുള്ള തിമോർ ലെസ്റ്റെയും 173-ാം സ്ഥാനത്തുള്ള ഇറാഖുമാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍.
2003-ലെ എഎഫ്‌സി വനിതാ ഏഷ്യൻ കപ്പിലാണ് ഇന്ത്യന്‍ വനിതാ ടീം അവസാനമായി ടൂർണമെന്റിന് യോഗ്യത നേടിയത്. യോഗ്യതാ ഘട്ടം കടന്ന് എഎഫ്‌സി വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ടീമായി മാറുക എന്നതാണ് ക്രിസ്പിൻ ഛേത്രിയുടെ ടീം ലക്ഷ്യമിടുന്നത്. ഈ ലെവലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുഞ്ഞ ടീമുകളില്‍ ഒന്നുമായാണ് ഇന്ത്യ ഇത്തവ ഇറങ്ങുന്നത്. 23.6 വയസ് മാത്രമാണ് ഈ ടീമിന്റെ ശരാശരി പ്രായം.
2026 ലെ എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സിൽ, എട്ട് ഗ്രൂപ്പുകളിലായി ആകെ 34 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് എയിലും ബിയിലും അഞ്ച് ടീമുകൾ വീതവും, ബാക്കിയുള്ളവയിൽ നാല് ടീമുകളുമാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയികളാകുന്ന ടീമുകള്‍ മാർച്ച് 1 മുതൽ 26 വരെ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് 2026ലേക്ക് യോഗ്യത നേടും.
12 ടീമുകളാണ് എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് 2026ല്‍ പങ്കെടുക്കുക. ഓസ്‌ട്രേലിയ ആതിഥേയ രാജ്യമായും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിലെ ചാമ്പ്യന്മാരായും യോഗ്യത നേടി. റിപ്പബ്ലിക് ഓഫ് കൊറിയയും ജപ്പാനും ഇന്ത്യ ആതിഥേയത്വം വഹിച്ച 2022 പതിപ്പിൽ നിന്ന് റണ്ണേഴ്‌സ്-അപ്പും മൂന്നാം സ്ഥാനക്കാരുമായും ടൂർണമെന്റിൽ സ്ഥാനം നേടി. 2026ലെ എഎഫ്‌സി വനിതാ ഏഷ്യൻ കപ്പിലെ മികച്ച ആറ് ടീമുകൾ ബ്രസീലില്‍ നടക്കുന്നന 2027 ഫിഫ വനിതാ ലോകകപ്പിലേക്ക് യോഗ്യത നേടും.
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം: ഇലങ്‌ബാം പന്തോയ് ചാനു, മൊയ്‌രംഗ്‌തെം മൊണാലിഷ ദേവി, പായൽ ബസുഡെ, ഹേമം ഷിൽക്കി ദേവി, കിരൺ പിസ്‌ദ, മാർട്ടിന തോക്‌ചോം, നഗാങ്‌ബാം സ്വീറ്റി ദേവി, ഫാൻജൂബം നിർമല ദേവി, പൂർണിമ കുമാരി, സഞ്ജു, സോറോഖൈബം അൻജനാ ചാനു, അഞ്ജു ഡി രഞ്ജന ചാനു, അഞ്ജു ഡി രഞ്ജന ചാനു നോങ്മൈതേം രതൻബാലാ ദേവി, പ്രിയദർശിനി സെല്ലദുരൈ, സംഗീത ബാസ്ഫോർ, ലിൻഡ കോം സെർട്ടോ, മാളവിക പി, മനീഷ കല്യാൺ, പ്യാരി സാക്സ, റിമ്പ ഹൽദാർ, സൗമ്യ ഗുഗുലോത്ത്.
മുഖ്യ പരിശീലകൻ: ക്രിസ്പിൻ ചേത്രി