ഫിഫ ക്ലബ് ലോകകപ്പിന് തുടക്കം; മത്സരം എപ്പോൾ, എവിടെ കാണാം? അറിയേണ്ടതെല്ലാം...
നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന ഇൻ്റർ മയാമിക്ക് ആഫ്രിക്കൻ ചാംപ്യന്മാരായ ഈജിപ്തിലെ അൽ അഹ്ലി എഫ്സിയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ 5.30ന് ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം.
ഗ്രൂപ്പ് എയിലാണ് ഇരു ടീമുകളുമുള്ളത്. ഇൻ്റർ മയാമി ക്ലബ്ബാണ് ഇത്തവണ ക്ലബ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. ആതിഥേയരെന്ന നിലയിലാണ് മെസ്സിയും സംഘവും ടൂർണമെൻ്റിന് യോഗ്യത നേടിയത്. രാത്രി 9.30ന് ടിക്യുഎൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ബയേൺ മ്യൂണിക് ഓക്‌ലൻഡ് സിറ്റിയെ നേരിടും. സി ഗ്രൂപ്പിലാണ് ഈ ടീമുകളുള്ളത്. ഞായറാഴ്ച രാത്രി 12.30ന് ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജി അത്ലറ്റികോ മാഡ്രിഡിനെ നേരിടും. അന്ന് പുലർച്ചെ 3.30ന് പാൽമെറാസ് പോർട്ടോയേയും, രാവിലെ 7.30ന് ബൊട്ടഫോഗോ സീറ്റിൽ സൗണ്ടേഴ്സിനെയും നേരിടും
ക്ലബ്ബ് ലോകകപ്പിൻ്റെ ഘടന
ആറ് വൻകരകളിലേയും മുൻനിര ഫുട്ബോൾ ക്ലബ്ബുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റാണ് ഫിഫ ക്ലബ്ബ് ലോകകപ്പ്. ഈ ചാംപ്യൻഷിപ്പ് ആരംഭിച്ചത് 2000ൽ ബ്രസീലിലാണ്. ഇൻ്റർകോണ്ടിനെൻ്റൽ കപ്പിന് സമാന്തരമായാണ് ഈ ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
യൂറോപ്പിൽ നിന്ന് പന്ത്രണ്ട് ടീമുകളും, ആഫ്രിക്ക-ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് നാല് വീതം ടീമുകളും, തെക്കെ അമേരിക്കയിൽ നിന്ന് ആറ് ടീമുകളും, വടക്കേ-മധ്യ അമേരിക്കയിൽ നിന്ന് അഞ്ച് ടീമുകളും, ഓഷ്യാനയിൽ നിന്ന് ഒരു ക്ലബ്ബ് എന്നിങ്ങനെയാണ് ഫിഫ ക്ലബ് ലോകകപ്പിൽ മത്സരിക്കുന്നത്. ജൂലൈ 13നാണ് കലാശപ്പോരാട്ടം. മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ.
ഗ്രൂപ്പ് എ:
പാൽമിറാസ്, എഫ്.സി പോർട്ടോ, അൽ അഹ്ലി, ഇൻ്റർ മയാമി
ഗ്രൂപ്പ് ബി:
പിഎസ്‌ജി, അത്ലറ്റികോ മാഡ്രിഡ്, ബോട്ടാഫോഗോ, സിയാറ്റിൽ സൗണ്ടേഴ്സ്
ഗ്രൂപ്പ് സി:
ബയേൺ മ്യൂണിക്, ഓക്ലാൻഡ് സിറ്റി, ബോക്ക ജൂനിയേഴ്സ്, ബെൻഫിക്ക
ഗ്രൂപ്പ് ഡി:
ചെൽസി, ഫ്ലമെംഗോ, എസ്പെറൻസ് സ്പോർട്ടീവ് ഡി ടുണീസി, ക്ലബ് ലിയോൺ
ഗ്രൂപ്പ് ഇ:
ഇൻ്റർ മിലാൻ, റിവർ പ്ലേറ്റ്, ഉറാവ റെഡ് ഡയമണ്ട്സ്, മോണ്ടെറി
ഗ്രൂപ്പ് എഫ്:
ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്ലുമിനെൻസ്, ഉൽസാൻ, മമെലോഡി സൺഡൗൺസ്
ഗ്രൂപ്പ് ജി:
മാഞ്ചസ്റ്റർ സിറ്റി, യുവൻ്റസ്, വൈഡാഡ്, അൽ ഐൻ
ഗ്രൂപ്പ് എച്ച്:
റയൽ മാഡ്രിഡ്, അൽ ഹിലാൽ, പച്ചൂക്ക, സാൽസ്ബർഗ്
ഫുൾ ഷെഡ്യൂൾ കാണാം...
കേബിൾ ടിവി അല്ലെങ്കിൽ ഡിടിഎച്ച് സബ്‌സ്‌ക്രിപ്‌ഷനുള്ള ആളുകൾക്ക് ക്ലബ് വേൾഡ് കപ്പ് കാണാനാകുമോ?
റിപ്പോർട്ടുകൾ പ്രകാരം, WBD ഇന്ത്യയുമായി ബന്ധമുള്ള യൂറോ സ്‌പോർട്ട് ഇന്ത്യക്കാണ് ഇന്ത്യയിലെ ടൂർണമെൻ്റിൻ്റെ ടിവി സംപ്രേക്ഷണാവകാശം ലഭിച്ചിരിക്കുന്നത്. എന്നാലും തിരഞ്ഞെടുത്ത മത്സരങ്ങൾ മാത്രമേ അവർ സംപ്രേഷണം ചെയ്യൂ. എല്ലാ മത്സരങ്ങളും കാണാനാകില്ലെന്ന് ചുരുക്കം.
ഫിഫ ക്ലബ് ലോകകപ്പ് ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുമോ?
അതെ, ഇന്ത്യയിൽ മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യുന്നതിനുള്ള ഡിജിറ്റൽ അവകാശങ്ങൾ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് നേടിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം മുഴുവൻ ടൂർണമെൻ്റും തത്സമയം സംപ്രേഷണം ചെയ്യും.
ഇന്ത്യൻ പ്രേക്ഷകർക്ക് ലഭ്യമായ മറ്റു മാർഗങ്ങൾ എന്താണ്?
ഫാൻകോഡിന് പുറമെ ഫിഫയുടെ ഔദ്യോഗിക ആഗോള സ്ട്രീമിങ് പങ്കാളിയായ DAZN, ഫുട്ബോൾ ഗവേണിങ് ബോഡിയുടെ സ്വന്തം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ FIFA+ എന്നിവയിലും ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങൾ കാണാം. പ്ലാറ്റ്‌ഫോമിനെ ആശ്രയിച്ച് സൈൻ അപ്പ് ചെയ്‌തോ അല്ലാതെ സൗജന്യമായോ ആരാധകർക്ക് മത്സരം കാണാം. ഇതിനായി FIFAplus.com സന്ദർശിക്കുകയോ, അല്ലെങ്കിൽ ഔദ്യോഗിക FIFA+ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം.