
Inter Miami vs Nashville live | ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ കരുത്തിൽ മേജർ സോക്കർ ലീഗിലെ നാഷ്‌വില്ലെക്കെതിരായ മത്സരത്തിലും ഇൻ്റർ മയാമിക്ക് തകർപ്പൻ ജയം. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് മെസ്സി ഇരട്ട ഗോളുകളുമായി കളം നിറയുന്നത്.
മത്സരത്തിൻ്റെ 17ാം മിനിറ്റിലാണ് ലയണൽ മെസ്സിയുടെ തകർപ്പൻ ഇടങ്കാലൻ ഫ്രീ കിക്ക് ഗോൾ പിറന്നത്. ബോക്സിന് പുറത്ത് ഫൗളിനെ തുടർന്ന് റഫറി ഡുജിക് ഇൻ്റർ മയാമിക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. മെസ്സിയുടെ ട്രേഡ് മാർക്ക് ഇടങ്കാലൻ ഫ്രീകിക്ക് മാജിക്ക് ആവർത്തിക്കാൻ അനുയോജ്യമായിരുന്നു ഈ സ്പോട്ട്.
ലിയോയ്ക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാൻ നാഷ്‌വില്ലെ ഗോൾകീപ്പർ ജോ വില്ലിസ് ബുദ്ധിമുട്ടേറിയ പ്രതിരോധ മതിലാണ് തീർത്തത്. എന്നാൽ അർജന്റീനിയൻ ഫോർവേഡ് കൃത്യതയോടെ പോസ്റ്റിൻ്റെ ഇടത്തേ മൂലയിലേക്ക് കൃത്യതയോടെ വെടിയുതിർത്തു. പിന്നീട് മെസ്സിയുടെ ട്രേഡ് മാർക്ക് ഗോൾ സെലിബ്രേഷനും കാണാനായി.
രണ്ടാം പകുതിയുടെ തുടക്കത്തിലേ ഹാനി മുഖ്ത്തറിലൂടെ (49) ഒരു ഗോൾ മടക്കി സമനില പിടിച്ചു. എന്നാൽ 62ാം മിനിറ്റിൽ നായകൻ ലയണൽ മെസ്സിയിലൂടെ തന്നെ ഇൻ്റർ മയാമിയുടെ രണ്ടാം ഗോൾ പിറന്നു.
നാഷ്‌വില്ലെ ഗോൾകീപ്പർ ജോ വില്ലിസ് ഡിഫൻഡർക്ക് പന്ത് പാസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിണഞ്ഞ അബദ്ധമാണ് ഗോളിൽ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് ഗോളിയെ വെട്ടിയൊഴിഞ്ഞ് കബളിപ്പിച്ച ശേഷം മെസ്സി ഗോൾവല കുലുക്കി. സ്കോർ 2-1. പിന്നീട് സമനിലയ്ക്കായി നാഷ്‌വില്ലെ കിണഞ്ഞ് ശ്രമിച്ചെങ്കിലും മയാമിയുടെ പ്രതിരോധക്കോട്ട തകർക്കാനായില്ല.
കഴിഞ്ഞ നാലു മത്സരങ്ങളിലും ഇരട്ട ഗോളുകൾ നേടിയ മെസ്സിയുടെ അത്ഭുത പ്രകടനം ചേസ് സ്റ്റേഡിയത്തിലും തുടരുകയായിരുന്നു. നിലവിൽ അവസാനത്തെ അഞ്ച് മത്സരത്തിൽ നിന്നായി 10 ഗോളുകൾ മെസ്സി നേടിക്കഴിഞ്ഞു. നേരത്തെ മോൺട്രിയൽ, കൊളംബസ് ക്രൂ, കനേഡിയൻ സൈഡ്, ന്യൂ ഇംഗ്ലണ്ട് എന്നിവർക്കെതിരെയാണ് മെസ്സിയുടെ ഇരട്ട ഗോളുകൾ പിറന്നത്.
ന്യൂ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരം എംഎൽഎസ് ടൂർണമെൻ്റിൽ മെസ്സിയെ സംബന്ധിച്ചിടത്തോളം മറ്റൊരു ചരിത്ര നാഴികക്കല്ലായി മാറിയിരുന്നു. എംഎൽഎസ് ലീഗ് ചരിത്രത്തിലാദ്യമായി തുടർച്ചയായ നാല് മത്സരങ്ങളിൽ ഒന്നിലേറെ ഗോളുകൾ നേടുന്ന ആദ്യ താരമായി മെസ്സി അതോടെ മാറിയിരുന്നു. മയാമിക്കായി ഈ സീസണിൽ മെസ്സിയുടെ ഗോൾ നേട്ടം 21 ആയി ഉയർന്നു.