മെസി വരുന്നു... ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജൻ്റീന ടീമും ഇന്ത്യയിലെത്തുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ മെസിയെ എത്തിക്കാൻ ആലോചനയുണ്ടെന്നാണ് വിവരം. ഡിസംബർ 13 മുതൽ 15 വരെ കൊൽക്കത്ത, ഡൽഹി, മുംബൈ നഗരങ്ങൾ മെസി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.
ഫുട്ബോളിൻ്റെ പ്രചാരത്തിനായുള്ള പരിപാടികളിൽ സൂപ്പർതാരം ഭാഗമായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുമായുള്ള കൂടിക്കാഴ്ചയും സംഘാടകരുടെ ആലോചനയിലുണ്ട്. മെസി നയിക്കുന്ന അർജൻ്റീന ടീം ഒക്ടോബർ, നവംബർ മാസങ്ങളിൽ സൗഹൃദമത്സരത്തിന് കേരളത്തിലെത്തുമെന്ന പ്രതീക്ഷയ്ക്കിടെയാണ് വിവിധ സംസ്ഥാനങ്ങളിലും പരിപാടികൾ ആലോചിക്കുന്നത്.
നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ മെസിയും ടീമും കേരളത്തിൽ വരുമെന്ന് അറിയിച്ചിരുന്നു. മെസി വരും ട്ടാ, എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഈ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്തുമെന്നും അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ പോസ്റ്റ്.