ലോഞ്ച് ചെയ്തു വെറും ഒരു വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ആറ് മുഴുവൻ സമയ ന്യൂസ് ചാനലുകളെ പിന്തള്ളി ന്യൂസ് മലയാളം 24X7 റേറ്റിംഗ് ചാർട്ടിൽ നാലാമതെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ, 24 എന്നീ ചാനലുകൾ മാത്രമാണ് ഇനി ന്യൂസ് മലയാളത്തിന് മുന്നിലുള്ളത്. ഇപ്പോഴിതാ ന്യൂസ് മലയാളത്തിൻ്റെ വേറിട്ട വാർത്താ വിശകലനവുമായി ബന്ധപ്പെട്ട് ഷിബു ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
എന്തുകൊണ്ട് ന്യൂസ് മലയാളം മനോരമയെയും മാതൃഭൂമിയെയും കടത്തിവെട്ടി- എന്ന് കുറിച്ചായിരുന്നു ഷിബു ഗോപാലകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലനിൽക്കുന്ന മാതൃകകളെയൊന്നും പിന്തുടരാതെ, വ്യവസ്ഥാപിത ചർച്ചാ പരിപാടികൾ ഒഴിവാക്കി, വാർത്തകൾക്ക് ഒന്നാം പരിഗണന നൽകുന്ന വാർത്താ ശൈലിയുമായാണ് ന്യൂസ് മലയാളം വാർത്താപ്രേക്ഷകരുടെ പ്രധാന പരിഗണനയായി മാറിയത്. മൂന്ന് പതിറ്റാണ്ടായി ഏഷ്യാനെറ്റ് സൃഷ്ടിച്ചുവെച്ച വാർപ്പ് മാതൃകയെ പൊളിക്കാൻ ന്യൂസ് മലയാളത്തിന് കഴിഞ്ഞെന്ന് ഷിബു ഗോപാലകൃഷ്ണൻ കുറിച്ചു.
ഷിബു ഗോപാലകൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
എന്തുകൊണ്ട് ന്യൂസ് മലയാളം മനോരമയെയും മാതൃഭൂമിയേയും കടത്തിവെട്ടി?
1. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റിനു പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ന്യൂസ് മലയാളം, ഏഷ്യാനെറ്റിനെ അവരുടെ പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി. അൺലേണിങ് ഈസ് എ ഡിഫിക്കൽറ്റ് ടാസ്ക് ദാൻ ലേണിങ്.
2. ഏഷ്യാനെറ്റ് എന്ന ബെഞ്ച്മാർക്കിനെ മറികടക്കണമെങ്കിൽ അവരെ മാതൃകയാക്കിയാൽ ആജീവനാന്തം അതിനു കഴിയില്ല എന്നുതിരിച്ചറിഞ്ഞതാണ് റിപ്പോർട്ടറിന്റെയും ട്വന്റി ഫോറിന്റെയും കുതിപ്പിനു കാരണം. അവരുടെ അതിവൈകാരിക വാർത്താസമീപനത്തിലും വിശകലനത്തിനും നമുക്ക് തർക്കങ്ങൾ ആവാം, എന്നാൽ അവർ ഏഷ്യാനെറ്റിന്റെ വഴിയേ നടന്നില്ല എന്നുള്ളതാണ് ഇവിടുത്തെ തല്പരവിഷയം.
3. ഏഷ്യാനെറ്റ് സൃഷ്ടിച്ച വാർത്താ ചാനലിന്റെ വാർപ്പു മാതൃകയെ പിന്തുടരാൻ ന്യൂസ് മലയാളം ബോധപൂർവ്വം വിസമ്മതിച്ചതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം.
(i) വാർത്തയാണ് മുഖ്യയിനം, വിശകലനമോ വ്യാഖ്യാനമോ അതിനെ മറികടക്കുന്ന സമീപനം, ന്യൂസ് മലയാളത്തിൽ കണ്ടിട്ടില്ല. വാർത്തകളെ അവർ സമഗ്രമായി കവർ ചെയ്യും. മറ്റു പല ചാനലുകളിലും വരാത്ത വാർത്തകൾ ന്യൂസ് മലയാളത്തിൽ കണ്ടിട്ടുണ്ട്. ഇതൊക്കെ മലയാളം പ്രേക്ഷകർക്ക് ആവശ്യമുണ്ടോ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പക്ഷേ, മനുഷ്യർ വാർത്തകൾ കേൾക്കാനും അറിയാനും ആഗ്രഹിക്കുന്നു. ഈ അടിസ്ഥാന ചോദനയെ അവർ തിരിച്ചറിയുന്നു. ഒരേ വാർത്തയിൽ കറവ വറ്റുന്നതുവരെ കുറ്റിയടിച്ചു നിൽക്കാതെ അവർ അതിവേഗം അടുത്ത വർത്തയിലേക്ക് പോകുന്നു. അടുത്ത ചാനലിലേക്ക് പോകാതെ പ്രേക്ഷകർ അവിടെ തന്നെ നിൽക്കുന്നു.
(ii) ചെറിയ കണ്ടന്റുകളുടെ കാലമാണ്. മനുഷ്യരുടെ അറ്റൻഷൻ സ്പാൻ കുറവാണ്. അതിന്റെ വിജയമാണ് റീൽസും ഷോർട്ട്സും ആഘോഷിക്കുന്നത്. ദൈർഘ്യമേറിയ വലിയ കണ്ടന്റുകളിൽ നിന്നും ഷോർട്ടായ സ്മാർട്ടായ കണ്ടന്റുകൾ ഉണ്ടാക്കുക എന്ന പതിവുശൈലിയിൽ നിന്നും മാറി ന്യൂസ് മലയാളം അവരുടെ കണ്ടന്റുകൾ തന്നെ അങ്ങനെ ആക്കിയെടുത്തു. അരമണിക്കൂർ എന്ന മിനിമം നിഷ്കർഷയെ അവർ അട്ടിമറിച്ചു. ഒരു വാർത്ത വന്നാൽ ആ വാർത്തക്കപ്പുറം അറിയാൻ അവതരിപ്പിക്കുന്ന സ്പോട്ട് ലൈറ്റ് എന്ന പരിപാടിയുടെ ദൈർഘ്യം നോക്കുക, ചുരുങ്ങിയ സമയം കൊണ്ട് അവർ വാർത്തയെ അതിവേഗ വിശകലനത്തിനു വിധേയമാക്കുന്നു. സ്വന്തം രാഷ്ട്രീയ താല്പര്യം അല്ല, ആഴത്തിലുള്ള ഗവേഷണം ആണ് അതിനുവേണ്ടി കാത്തിരിക്കാൻ നമ്മളെ പിന്നെയും പ്രേരിപ്പിക്കുന്നത്.
(iii) മണിക്കൂറുകൾ നീളുന്ന ആസ്ഥാന വിദഗ്ധരും നിരീക്ഷകരും പങ്കെടുക്കുന്ന ചർച്ചകൾ അങ്ങനെ തന്നെ ഒഴിവാക്കാനുള്ള ചങ്കൂറ്റം. അത്രയും സമയം ആവശ്യപ്പെടാത്ത കുറുകിയ സംവാദങ്ങൾ, ഇരുഭാഗത്തിനും അവരുടെ പക്ഷം കൃത്യമായി അവതരിപ്പിക്കാനുള്ള അവസരം, ആ കണ്ടന്റ് അങ്ങനെ തന്നെ
ഷാർപ്പാണ് ക്രിസ്പ്പാണ്. ഷോർട് കണ്ടന്റിന്റെ പ്രമാണങ്ങളെ മുറുകെപ്പിടിക്കുന്നതാണ്. ഇതിപ്പോൾ കഴിയുമെന്നുള്ള അബോധം പ്രേക്ഷകരെ അവിടെ തന്നെ പിടിച്ചിരുത്തുന്നു.
(iv) RDX ന്റെ അവതരണം പോലും സൂക്ഷ്മമായി വിലയിരുത്തിയാൽ മനുഷ്യരുടെ സമയത്തെ ബഹുമാനിക്കുന്ന ഈ ഘടന കാണാം. 59 സെക്കൻഡിൽ അവസാനിക്കുന്ന ആമുഖം തുടങ്ങുമ്പോൾ അതുകഴിയാതെ അവിടെ നിന്നെഴുന്നേൽക്കാൻ കഴിയാതെ വരുന്നു. ഒരു വിഷയത്തെ അടിച്ചുപരത്തി ഒരു മണിക്കൂറിൽ എത്തിക്കുക എന്നതല്ല, എത്രയും ചടുലമായി ഒരു വിഷയത്തെ അവസാനിപ്പിക്കാമോ അത്രയും വേഗത്തിൽ അവസാനിപ്പിച്ച് അടുത്ത വർത്തയിലേക്കു പായുന്ന ഒരു റീൽ/ ഷോർട്ട് എഫക്ട് അവർ പരിപാടികളിലും ആവിഷ്കരിക്കുന്നു.
മറ്റു ചാനലുകൾ തുടങ്ങിയിടത്തു തന്നെ നിന്നു കിതക്കുകയോ അവരെ മാതൃകയാക്കി അവർക്കു പിന്നിൽ നിലയുറപ്പിക്കുകയോ ചെയ്യുമ്പോൾ മറ്റൊരു വഴിവെട്ടുക എന്ന ധീരതയാണ് ന്യൂസ് മലയാളം ചെയ്യുന്നത്. അതിന്റെ മുന്നേറ്റമാണ് ഒരു വർഷം എന്ന ചുരുങ്ങിയ കാലം കൊണ്ട് അവർ എത്തിപ്പിടിക്കുന്നത്.