കൊച്ചി: കേരളത്തിൽ കള്ളിൽ കഫ് സിറപ്പ് ചേർത്ത് വിൽക്കുന്നുണ്ടെന്ന വാർത്ത പുറത്തുകൊണ്ടുവന്നത് ന്യൂസ് മലയാളം ആയിരുന്നു. കഴിഞ്ഞ വർഷം ഞങ്ങൾ സംപ്രേഷണം ചെയ്ത വാർത്തയെ തുടർന്ന് എക്സൈസ് അധികൃതർ ഇടപെട്ടു. പാലക്കാട്ടെ നിരവധി ഷാപ്പുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം ഞങ്ങൾ വീണ്ടും അന്വേഷിക്കുകയാണ്. കള്ളിൽ മായം ചേർക്കുന്നത് ഇപ്പോഴും തുടരുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തൊക്കെയാണ് ചേർക്കുന്നത്?
കള്ളിൽ വ്യാപകമായി മായം ചേർക്കുന്നുണ്ട് എന്ന പരാതി ഇപ്പോഴും ഉയരുന്നുണ്ട്. യഥാർഥത്തിൽ കേരളത്തിലെ ഷാപ്പുകളിൽ വിൽക്കുന്ന കള്ള് പരിശുദ്ധമാണോ? ന്യൂസ് മലയാളം വിശദമായി ഈ വിഷയം അന്വേഷിക്കുകയാണ്.
ആദ്യം ഞങ്ങൾ തെങ്ങിൽ നിന്ന് ചെത്തിയിറക്കിയ ശുദ്ധമായ കുറച്ച് കള്ള് ശേഖരിച്ചു. പിന്നീട് എറണാകുളത്ത രണ്ട് ഷാപ്പുകളിൽ നിന്ന് കലക്ക് കള്ള് വേണമെന്ന് ആവശ്യപ്പെട്ട് ഷാപ്പിലെ കള്ളും വാങ്ങി. ശുദ്ധമായ കള്ള്, രണ്ട് ഷാപ്പിൽ നിന്നായി വാങ്ങിയ കള്ള്. ഈ മൂന്ന് സാമ്പിളുകളും പരിശോധനയ്ക്ക് നൽകി.
മായം ചേർത്തതെന്ന് ഉറപ്പിച്ച് തന്നെ വാങ്ങിയ കള്ളും ശുദ്ധമായ കള്ളുമാണല്ലോ കൊടുത്തത്. താരതമ്യം ചെയ്ത് മായത്തിൻ്റെ അളവറിയാം എന്ന് കരുതിയതാണ്. പരിശോധനാ ഫലം വന്നപ്പോൾ അന്തംവിട്ടുപോയി.കലക്ക് കള്ള് തന്നെ വേണമെന്ന് പ്രത്യേകം പറഞ്ഞു വാങ്ങിയ സാമ്പിളിലും ഒരു മായവും ഇല്ലെന്ന് ഫലം. സോഡിയം ലോറിൽ സൾഫേറ്റ്, ക്ലോറൽ ഹൈഡ്രേറ്റ് അങ്ങനെ സാധാരണഗതിയിൽ ചേർക്കുന്നത് എന്ന് പറയപ്പെടുന്ന യാതൊരു രാസവസ്തുക്കളുടേയും സാന്നിദ്ധ്യം ഇല്ല. സർവസാധാരണമായി ചേർക്കുന്നു എന്നെല്ലാവരും കരുതുന്ന സ്റ്റാർച്ചിന്റെ സാന്നിധ്യവുo കണ്ടെത്തിയില്ല. തെങ്ങിൽ നിന്ന് ചെത്തിയിറക്കിയ കള്ളിന്റെ അത്രപോലും ആൽക്കഹോൾ കണ്ടന്റ് കലക്ക് കള്ളിൽ ഇല്ല!
എന്തുകൊണ്ടാണ് കലക്ക് കള്ളിൽ പോലും മായം കണ്ടെത്താൻ കഴിയാഞ്ഞത്? ആ അന്വേഷണത്തിൽ ചില കാര്യങ്ങൾ വ്യക്തമായി. പണ്ട് പതിവായി ചേർത്തിരുന്ന രാസവസ്തുക്കളല്ല ഇപ്പോൾ ചേർക്കുന്നത്. നടത്തുന്ന പരിശോധനയോ അവ കണ്ടെത്താനും. കഫ് സിറപ്പ് അടക്കം ചേർക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നുമില്ല. കള്ളിൽ മായം ചേർക്കുന്നവരെ പിടികൂടാൻ കഴിയാത്തത് ഇതുകൊണ്ടാണെന്ന് വിദഗ്ധർ പറയുന്നു.
വെറുതേ പറഞ്ഞുപോയാൽ പോര, വ്യക്തമാകണമല്ലോ. മുമ്പ് വ്യാജ കള്ള് നിർമാണത്തിൽ പങ്കാളിയായിരുന്ന ഒരു തൊഴിലാളിയുടെ സഹായത്തോടെ നല്ല കള്ളിൽ സിറപ്പ് അടക്കം ന്യൂജെൻ മായങ്ങൾ ചേർത്ത് കലക്കിൻ്റെ ഒരു സാമ്പിൾ ഞങ്ങൾ നിർമിച്ചു.
നേരത്തെ നടത്തിയ അതേ പരിശോധനകൾ എല്ലാം ഒരിക്കൽ കൂടി നടത്തി നോക്കി. പ്രതീക്ഷ തെറ്റിയില്ല, എല്ലാം നോർമൽ. മായം ചേർത്തതിന് തെളിവില്ല. ആൽക്കഹോൾ കണ്ടൻ്റ് കൂടി നോക്കുക, വെറും 4.8 ശതമാനം.
ചുരുക്കത്തിൽ കള്ളിൽ മായം കണ്ടെത്താനുള്ള നിലവിലെ പരിശോധനാ രീതികൾ കാലഹരണപ്പെട്ടിരിക്കുന്നു. പരിശോധനയ്ക്ക് വലിയ ചിലവും ഉണ്ടെന്നതിനാൽ ആവർത്തിച്ച് പലവുരു പരിശോധന സാധ്യവുമല്ല.
കള്ളിൽ മായം ചേർക്കുന്ന സംഘങ്ങൾ ഇപ്പോൾ കൂടുതൽ അപ്ഡേറ്റഡ് ആയിരിക്കുന്നു. ഇക്കാര്യം തെളിയിക്കാൻ വേണ്ടി ഈ വാർത്തയുടെ ആവശ്യത്തിന് വേണ്ടി മാത്രമാണ് ഞങ്ങൾ കലക്കുകള്ളിൻ്റെ സാമ്പിൾ ഉണ്ടാക്കിയത്. ഈ വിധം കള്ളിൽ മായം കലർത്തുന്നത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് അറിയാതെയല്ല. കാലഹരണപ്പെട്ട പരിശോധനാ രീതികൾ മാറ്റി നമ്മുടെ സംവിധാനങ്ങളും അപ്ഡേറ്റഡ് ആയില്ലെങ്കിൽ ഒരു മായവും കണ്ടുപിടിക്കാനാകില്ല. കള്ളുഷാപ്പുകളിൽ വിഷക്കള്ള് വിറ്റുകൊണ്ടേയിരിക്കും.