പ്രതീകാത്മക ചിത്രം Source: News Malayalam 24x7
NEWSROOM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ വണ്ടൂര്‍ സ്വദേശിനിയായ 54കാരിക്ക്

ഈ നിമിഷത്തെ പ്രധാന വാർത്തകള്‍ വായിക്കാം...

ന്യൂസ് ഡെസ്ക്

കൊച്ചിയിൽ വെർച്വൽ അറസ്റ്റ് തട്ടിപ്പ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്. 59 വയസുകാരിയെ വിർച്ച്വൽ അറസ്റ്റ് ചെയ്ത് തട്ടിയെടുത്തത് രണ്ട് കോടി 88 ലക്ഷം രൂപ. മട്ടാഞ്ചേരി സ്വദേശി ഉഷകുമാരിയാണ് തട്ടിപ്പിനിരയായത്. മലയാളികൾ ഉൾപ്പെട്ട സംഘമാണ് വെർച്വൽ അറസ്റ്റിന് പിന്നിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്.

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മോദി

ഉത്തരേന്ത്യയിലെ പ്രളയ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. ജമ്മുകശ്മീർ, ഹിമാചൽപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മോദി സന്ദർശിക്കുന്നത്.

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. നീതിഷിനെ ഉടൻ നാട്ടിലെത്തിച്ച് മൊഴിയെടുക്കും. അന്വേഷണ സംഘം വിപഞ്ചികയുടെ ഫ്ലാറ്റിലെ ഹോം മെയ്ഡിൻ്റെ മൊഴിയെടുത്തു. ഷാർജയിലെ കേസ് വിവരങ്ങൾ കൈമാറാൻ കോൺസുലേറ്റിനെ സമീപിക്കും.

വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണം

വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്. ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ്( 50) പരിക്കേറ്റത്. വീട്ടുമുറ്റത്ത് ശഷ്ദം കേട്ട് ലൈറ്റടിച്ച് നോക്കുന്നതിനിടയിൽ ആന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആറുവാരിയെല്ലുകൾക്കും, തോളിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊച്ചി വിദേശ വിദ്യാഭ്യാസ തൊഴിൽ സ്ഥാപനത്തിലെ തട്ടിപ്പ്

കൊച്ചിയിലെ വിദേശ വിദ്യാഭ്യാസ തൊഴിൽ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതരമായ പരാതികൾ. പ്രതികൾ നടത്തിയത് മനുഷ്യക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങൾ എന്നാണ് പരാതി. തട്ടിയെടുത്ത പണം പ്രതികൾ ആഡംബര ജീവിതത്തിന് ഉപയോഗിച്ചു. കൂട്ടുപ്രതികൾ ഒളിവിലിരുന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും തട്ടിപ്പിനിരയായ സ്ഥാപന ഉടമ.

പാതിവില തട്ടിപ്പ്; പ്രത്യേക അന്വേഷണം സംഘം ഇനി വേണ്ടെന്ന് സർക്കാർ

പാതിവില തട്ടിപ്പ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സർക്കാർ. അന്വേഷണ സംഘത്തലവനായ ക്രൈം ബ്രാഞ്ച് എസ്‌പി എം.ജെ. സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റി. പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാർ.

കൊടുവള്ളിയിൽ ഒഴുക്കിൽപ്പെട്ട 10 വയസുകാരിക്കായി തെരച്ചിൽ പുനരാരംഭിച്ചു

കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസുകാരി തൻഹ ഷെറിനായുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ വൈകീട്ടാണ് തൻഹ ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്‌സിൻ്റെയും സ്കൂബ ടീമിന്റെയും സന്നദ്ധ സേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് തെരച്ചിൽ.

പുതുനഗരം പൊട്ടിത്തെറി: ഷെരീഫിൻ്റെ മൊഴിയെടുക്കാൻ പൊലീസ്

പാലക്കാട് പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷെരീഫിൻ്റെ മൊഴിയെടുക്കും. ഷെരീഫ് അപകടനില തരണം ചെയ്തെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. പന്നി പടക്കം കൊണ്ടു വന്നത് പരിക്കേറ്റ ഷെരീഫാണെന്നാണ് പൊലീസ് നിഗമനം.

മണ്ണുത്തി കാർഷിക സർവകലാശാലയിലെ സെമസ്റ്റർ ഫീസ് കുത്തനെ ഉയർത്തി

തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലെ സെമസ്റ്റർ ഫീസ് കുത്തനെ ഉയർത്തി. വിദ്യാർഥികളുടെ പ്രതിഷേധത്തെ മറികടന്നു കൊണ്ടാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. വിദ്യാർഥി സമരത്തെ തുടർന്ന് സർവകലാശാല എക്സിക്യൂട്ടീവുമായി ചർച്ച ചെയ്ത ശേഷം മാത്രമേ ഫീസ് വർധിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെങ്കിലും വാഗ്ദാനങ്ങൾ പാഴായി.

ബിജെപിക്കെതിരെ വിമർശനവുമായി സെൻകുമാർ

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെൻകുമാർ. ഒബിസി മോർച്ച ശ്രീനാരായണഗുരു ജയന്തി പരിപാടി നടത്തുന്നതിനെതിരെയാണ് വിമർശനം. ഒബിസി മോർച്ചയെ പരിപാടി ഏൽപ്പിച്ചത് എന്തിനാണെന്ന് സെൻകുമാർ ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ടി.പി. സെൻകുമാറിന്റെ വിമർശനം.

കൊല്ലം കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തികൊന്നു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷ് പോലീസ് കസ്റ്റഡിയിൽ.

വെർച്വൽ തട്ടിപ്പ്: വീട്ടമ്മ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊച്ചിയിൽ വെർച്വൽ അറസ്റ്റ് ചെയ്ത് വീട്ടമ്മയിൽ നിന്ന് 2കോടി 88 ലക്ഷം രൂപ തട്ടിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെർച്വൽ അറസ്റ്റിൽ വീട്ടമ്മ നേരിട്ടത് കടുത്ത മാനസിക പീഡനം. ജെറ്റ് എയർവേയ്സ് സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം വിളിച്ചത്. തട്ടിപ്പ് സംഘം തന്നെ ഓൺലൈൻ കോടതിയിൽ ഹാജരാക്കിയെന്നും വീട്ടമ്മ.

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് മരിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കാസർഗോഡ് സ്വദേശിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

മദ്യപിച്ച് അഭ്യാസ പ്രകടനം;  കരുനാഗപ്പള്ളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു

കൊല്ലത്ത് മദ്യപിച്ച ശേഷം കാറിൽ അഭ്യാസപ്രകടനം. കാർ ഇടിച്ച് തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി സുബൈർ കുട്ടിയാണ് മരിച്ചത്. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു.

ഥാർ നിയന്ത്രണം വിട്ട് അപകടം; യുവാവിന് ഗുരുതര പരിക്ക്

കൊല്ലം കുളത്തുപുഴയിൽ നിയന്ത്രണംവിട്ട ഥാർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്. അമിത വേഗത്തിൽ എത്തിയ ഥാർ നിയന്ത്രണം വിട്ട് വന്ന് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ട്രംപിൻ്റെ വികാരത്തെ മാനിക്കുന്നു: നരേന്ദ്ര മോദി

ഇന്ത്യ യുഎസ് ബന്ധം ദൃഢമായി തുടരുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് നരേന്ദ്രമോദി. ട്രംപിൻ്റെ വികാരത്തെ മാനിക്കുന്നു എന്ന് മോദി എക്സിൽ കുറിച്ചു. മോദി നല്ല സുഹൃത്താണെന്നും മഹാനായ നേതാവ് ആണെന്നുമായിരുന്നും ട്രംപിൻ്റെ പ്രസ്താവന.

ഇടുക്കി ഇടമലക്കുടിയിൽ വയോധികയായ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു

ഇടുക്കി ഇടമലക്കുടി കൂടലാർകുടിയിൽ നിന്നും വയോധികയായ രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. പനിയും ചുമയും ബാധിച്ച രാജകന്നിയെയാണ് മാങ്കുളത്തെ ആശുപത്രിയിലേക്ക് ചുമന്നുകൊണ്ടുപോയത്. ഇടമലക്കുടിയിൽ നിന്ന് സഞ്ചാരയോഗ്യമായ പാത ഇല്ലാത്തതിനെ തുടർന്നാണ് രോഗിയെ ചുമക്കേണ്ടി വന്നത്.

ചേലക്കരയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ ചേലക്കരയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുലാക്കോട് നമ്പ്യാത്ത്കുന്ന് സ്വദേശിയായ പി.വി. പ്രജീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പനങ്കുറ്റിയിലെ നിർമാണം പൂർത്തിയാവാത്ത വീടിന് മുന്നിൽ ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്.

മീനങ്ങാടി വാഹനപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

വയനാട് മീനങ്ങാടി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. ഏച്ചോം കൈപ്പാട്ട്കുന്ന് കിഴക്കെ പുരക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. ഇതോടെ ഇന്നലെയുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഇന്നലെ വൈകീട്ട് കൃഷ്ണഗിരിക്ക് സമീപം ബൈക്കും സ്കൂട്ടറും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

പശ്ചിമ ബംഗാളിൽ രണ്ട് യുവാക്കളെ ആൾക്കൂട്ടം അടിച്ചുകൊന്നു

പശ്ചിമ ബംഗാളിൽ ആൾക്കൂട്ട കൊലപാതകം. രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ച് കൊന്നു. ആറ് വയസുകാരനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നാദിയ ജില്ലയിലെ നിഷിന്ദയിലാണ് സംഭവം.

ഞാൻ ആണെങ്കിൽ അങ്ങനെ ചെയ്യില്ല: വി.ഡി. സതീശനെ വിമർശിച്ച് കെ. സുധാകരൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരെ രൂക്ഷവിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കുന്നംകുളം പൊലീസ് മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രി നടത്തിയ ഓണവിരുന്നിൽ സതീശൻ പങ്കെടുത്തത് മോശമായെന്ന് സുധാകരൻ പറഞ്ഞു. താൻ ആണെങ്കിൽ അങ്ങനെ ചെയ്യിലായിരുന്നു എന്നും സുധാകരൻ.

ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനമൊഴിഞ്ഞ് വി.ടി. ബൽറാം

ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. പോസ്റ്റ് അംഗീകരിക്കാൻ ആകുന്നതല്ലെന്ന് വി. ടി. ബൽറാം പറഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്റുകൾ വരുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സമയം തനിക്കില്ല. വിഷയം കെപിസിസി അധ്യക്ഷനെ നേരിട്ട് അറിയിച്ചെന്നും ബൽറാം പറഞ്ഞു.

മധ്യസ്ഥ ചർച്ചയ്ക്കെത്തിയപ്പോൾ മർദിച്ചു; പൊലീസിനെതിരെ സിപിഐഎം നേതാവ്

പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കൊല്ലത്തെ സിപിഐഎം നേതാവ്. മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ പൊലീസ് മർദിച്ചെന്ന് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവ് പറഞ്ഞു. പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും അനുഭവമാണെന്നും സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വീണ്ടും അടിപിടി

വയനാട് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വീണ്ടും അടിപിടി. കഴിഞ്ഞദിവസം രാത്രിയിൽ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രാത്രിയിൽ വാഹനങ്ങൾ കയറാത്തതും പൊലീസ് പട്രോളിങ് ഇല്ലാത്തതുമാണ് പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ ഒരു വിദ്യാർഥിയെ ആളുകൾ കൂട്ടം ചേർന്ന് ആക്രമിച്ചിരുന്നു.

ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു

കൊല്ലം ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഒരു സ്ത്രീയെയും ഒരു പുരുഷനെയുമാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

"പരാതി പൊലീസ് അട്ടിമറിച്ചു"; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങി നടി ലക്ഷ്മി മേനോൻ

നടി ലക്ഷ്മി മേനോനും സുഹൃത്ത് സോനാ മോളും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. തങ്ങളുടെ പരാതി പൊലീസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. മാത്രമല്ല തങ്ങളെ പ്രതികൾ ആക്രമിച്ചെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടും. തങ്ങളെ പ്രതി ചേർത്തത് വ്യാജ പരാതിയിലാണെന്നും നടി ലക്ഷ്മി മേനോൻ മുഖ്യമന്ത്രിക്ക് നൽകുന്ന പരാതിയിൽ വ്യക്തമാക്കും.

അതേസമയം, ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയ കേസിൽ ലക്ഷ്മി മേനോൻ ഇപ്പോഴും ഒളിവിലാണ്. കേസിൽ ലക്ഷ്മി മേനോൻ്റെ മൂന്ന് സുഹൃത്തുക്കൾ പൊലീസ് പിടിയിലായിരുന്നു.

നാദാപുരത്ത് ടെക്സ്റ്റൈൽസ് ഷോപ്പിൽ അപകടം; അഞ്ച് കുട്ടികൾക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് ടെക്സ്റ്റൈൽസ് ഷോപ്പിൽ ഉണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. നാദാപുരത്തെ മെൻസ് സർ പ്ലസ് റെഡിമെയ്ഡ് സ്റ്റോറിലാണ് അപകടം. പ്രത്യേക ഓഫറിനെ തുടർന്ന് ആളുകൾ കടയിലേക്ക് തള്ളിക്കയറുകയായിരുന്നു. മുൻവശത്തെ ചില്ല് തകർന്നാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട്, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.

വനിതാ കെസിഎൽ ക്രിക്കറ്റ് പാഷനാക്കിയ പെൺകുട്ടികൾക്ക് മികച്ച അവസരമെന്ന് സജന സജീവൻ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയുണ്ടെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ. ക്രിക്കറ്റ് പാഷൻ ആയി എടുക്കുന്ന ഒരു പാട് പെൺകുട്ടികൾക്ക് ഇത് മികച്ച അവസരമാണ്. രാജ്യാന്തര മത്സരങ്ങൾ ജീവിതം മാറ്റിമറിച്ചു. വനിതാ പ്രീമിയർ ലീഗിൽ ദില്ലിക്കെതിരെ നേടിയ വിജയ സിക്സ് ജീവിതത്തിൻ്റെ ടേണിങ്ങ് പോയൻ്റ് ആയിരുന്നു എന്നും സജന ന്യൂസ് മലയാളത്തോട് പറഞ്ഞു.

പുലിക്കളി: തൃശൂർ താലൂക്കിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് സെപ്തംബർ എട്ടിന് (തിങ്കൾ) ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുലിക്കളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കി.

ആറന്മുളയിൽ സ്ത്രീ ആറ്റിൽ ചാടി ജീവനൊടുക്കി

പത്തനംതിട്ട ആറന്മുളയിൽ സ്ത്രീ ആറ്റിൽ ചാടി ജീവനൊടുക്കി. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് സ്ത്രീ പമ്പയാറ്റിലേക്ക് ചാടിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരിച്ചു. ഉച്ചക്ക് 12.30 ഓടെയാണ് ഇവർ ആറ്റിൽ ചാടിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

അതിവേഗം ഉദ്യോഗസ്ഥർക്കെതിരായ നടപടി ഫലത്തിൽ വരും: ഡിഐജി

കുന്നംകുളത്തെ പൊലീസ് മർദന കേസിൽ ഇന്ന് രാവിലെയാണ് കുറ്റാരോപിതരെ സസ്പെൻഡ് ചെയ്യാൻ ഉത്തരമേഖല ഐജിക്ക് ശുപാർശ നൽകിയതെന്ന് ഡിഐജി ഹരിശങ്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു. അതിവേഗത്തിൽ തന്നെ ഉദ്യോഗസ്ഥർക്കെതിരായ നടപടി ഫലത്തിൽ വരുമെന്നും ഡിഐജി വ്യക്തമാക്കി.

"സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതോടെയാണ് തീരുമാനം. കോടതി നേരിട്ട് ക്രിമിനൽ കേസ് എടുത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്ക് വീണ്ടും ശുപാർശ ചെയ്തത്. മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിലും അന്ന് ക്രിമിനൽ കേസ് ചാർജ് ചെയ്തിരുന്നില്ല. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഡിഐജി ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായങ്ങൾ തേടിയിരുന്നു," ഡിഐജി വ്യക്തമാക്കി.

"പൊലീസിൽ നിന്നും തദ്ദേശ വകുപ്പിലേക്ക് ജോലി മാറിയ ഉദ്യോഗസ്ഥനെതിരായ നടപടി സ്വീകരിക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. അക്കാര്യം സംബന്ധിച്ച് ഐജി തദ്ദേശ സ്വയംഭരണ വകുദ്യോഗസ്ഥരെ അറിയിക്കും. കോടതി നടപടികൾ സുതാര്യമായി നടക്കുന്നതിനാണ് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. കുറ്റാരോപിതരായ അഞ്ച് പേരുടെയും അച്ചടക്ക നടപടി പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്," ഡിഐജി ഹരിശങ്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ദൈവദാസി മദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

ദൈവദാസി മദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. നവംബർ 8ന് വത്തിക്കാനിൽ വച്ച് മാർപാപ്പ പ്രഖ്യാപനം നടത്തും. ഇന്ത്യയിലെ ആദ്യ സന്യാസിനി സഭയുടെ സ്ഥാപകയാണ്.

വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി

വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങള്‍ ചേര്‍ന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ട് മെഡിക്കല്‍ കോളേജുകളും സന്ദര്‍ശിക്കും. സമയബന്ധിതമായി എംബിബിഎസ് അഡ്മിഷന്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

കുന്നംകുളം മര്‍ദനം: മുഖ്യമന്ത്രിയുടെ മൗനം ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നതിന് പ്രേരണയാകുന്നു- രമേശ് ചെന്നിത്തല

പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്തെന്ന് രമേശ് ചെന്നത്തല. ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല. പൊലീസുകാരെ സര്‍വീസ് നിന്നും പുറത്താക്കണം. പ്രശ്‌നം പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. ഇനി കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ പാവപ്പെട്ടവനെ മര്‍ദ്ദിക്കരുത്. ഇത് അവസാനത്തെ സംഭവമാകണം. മുഖ്യമന്ത്രിയുടെ മൗനം ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നതിന് പ്രേരണയാകുന്നു. ഉത്തരവാദിത്തം ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും.

അയ്യപ്പസംഗമം പ്രായശ്ചിത്തമായി കൂട്ടിക്കോ,  ശബരിമലയെ ലോകം മുഴുവൻ അറിയാൻ ഉതകുന്ന തീരുമാനം: വെള്ളാപ്പള്ളി നടേശൻ

ശബരിമലയെ ലോകം മുഴുവൻ അറിയാൻ ഉതകുന്ന തീരുമാനമാണ് അയ്യപ്പസംഗമമെന്ന് വെള്ളാപ്പള്ളി നടേശൻ. അയ്യപ്പസംഗമം ഇന്ത്യക്ക് തന്നെ നേട്ടം കൊണ്ട് വരും. കക്ഷി രാഷ്ട്രീയവും സ്ത്രീ വിഷയവും പറഞ്ഞു ഇതിനെ എതിർക്കരുത്. ഭക്ത ജനങ്ങൾ ഇതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബിജെപിക്കാർ ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

മലബാർ കലാപ വിവാദപ്രസംഗം: നിലപാടിൽ ഉറച്ച് വെള്ളാപ്പള്ളി

മലബാർ കലാപ വിവാദപ്രസംഗത്തിൽ നിലപാടിൽ ഉറച്ച് വെള്ളാപ്പള്ളി നടേശൻ. പറഞ്ഞത് വർഗീയതയെങ്കിൽ, അങ്ങനെ തന്നെ കരുതിക്കോ. കുമാരനാശാൻ്റെ പുസ്തകം വായിച്ചിട്ട് സംസാരിക്കണം. പിണറായി വിജയൻ പിന്തുണയ്ക്കുന്നത് താൻ പറയുന്നത് നേര് ആയത് കൊണ്ടാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

അടിസ്ഥാനപരമായി ശബരിമല ലക്ഷ്യംവെക്കുന്നത് വികസനം: പി.എസ്. പ്രശാന്ത്

അടിസ്ഥാനപരമായി ശബരിമല ലക്ഷ്യംവെക്കുന്നത് വികസനമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. വിവാദങ്ങൾ സൃഷ്ടിച്ച് ശബരിമലയുടെ വികസനം ഇല്ലാതെ ആക്കരുത്. എസ്എൻഡിപിയെ ഒഴിവാക്കി അയ്യപ്പസംഗമം നടത്താൻ കഴിയില്ല, വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും പി.എസ്. പ്രശാന്ത് പ്രതികരിച്ചു.

കേരളത്തിൽ തുടർച്ചയായി പൊലീസ് മർദനം നടക്കുന്നു, അടിയന്തര നടപടി ഉണ്ടാകണം: ചാണ്ടി ഉമ്മൻ

തൃശൂർ കുന്നംകുളം പൊലീസ് മർദനത്തിൽ കേരളത്തിൽ തുടർച്ചയായി പൊലീസ് മർദനം നടക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ. വിഷയത്തിൽ നടപടി എടുക്കുന്നില്ല എന്നത് വ്യക്തമാണ്. ആ പൊലീസുകാർ പൊലീസ് സേനയ്ക്ക് നാണക്കേടാണ്, അടിയന്തര നടപടി ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി മരിച്ച നിലയിൽ

നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി മരിച്ച നിലയിൽ. കണ്ണൂർ കിഴുത്തള്ളി സ്വദേശി തച്ചോത്ത് ഷൈജുവിനെയാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയാണ് ഷൈജു. ഇയാൾക്കെതിരെ 50ലധികം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വയനാട്ടിൽ മിനി പുലികളി

അവിട്ടം നാളിൽ വയനാട് ചുണ്ടേൽ ടൗണിൽ പുലികളി. മഹാബലിയോടൊപ്പം പുലികൾ ഇറങ്ങി.

ഏളന്നൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു

കണ്ണൂർ ഏളന്നൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. ഇർഫാന ആണ് ഒഴുക്കിൽപ്പെട്ടത്. ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പി.എസ്. പ്രശാന്ത് എൻഎസ്എസ് ആസ്ഥാനത്ത്

ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് എൻഎസ്എസ് ആസ്ഥാനത്ത്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാനാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. അയ്യപ്പസംഗമത്തിൽ പ്രതിനിധിയെ അയക്കാൻ എൻഎസ്എസ് നേരത്തെ തീരുമാനിച്ചിരുന്നു. കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച ശേഷമാണ് പ്രശാന്ത് പെരുന്നയിൽ എത്തിയത്.

"ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്, പ്രതിനിധിയെ അയക്കും"; തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷണം സ്വീകരിച്ച് എൻഎസ്എസ്

അയ്യപ്പസംഗമത്തിൽ കോടതി ഉന്നയിച്ച ചോദ്യങ്ങൾ എന്ന പേരിൽ വരുന്ന വാർത്തകൾ തെറ്റ്: ദേവസ്വം ബോർഡ് മെമ്പർ അജികുമാർ

കുന്നംകുളം കസ്റ്റഡി മർദനം: പൊലീസുകാർക്ക് സസ്പെൻഷൻ 

കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പൊലീസുകാർക്ക് സസ്പെൻഷൻ. നാലു പൊലീസുകാർക്കാണ് സസ്പെൻഷൻ. ഉത്തരമേഖല ഐജിയാണ് സസ്പെൻഡ് ചെയ്തത്.

സുജിത്തിനെ തല്ലിയെ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണം, അതുവരെ സമരം: വി.ഡി. സതീശൻ

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മലപ്പുറം വണ്ടൂർ സ്വദേശിനിയായ അമ്പത്തിനാലുകാരിക്കാണ് രോഗബാധ. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുന്നംകുളം പൊലീസ് മർദനം: സിപിഒ ശശിധരൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഗുജറാത്തിൽ റോപ് വേ പൊട്ടി മരണം

ഗുജറാത്ത് പാവഗഢിൽ റോപ്‌വേ പൊട്ടി ആറ് മരണം. കാർഗോ റോപ്‌വേയാണ് പൊട്ടിവീണത്.

താമരശേരിയിൽ ചുമട്ടുതൊഴിലാളിയുടെ പണം തട്ടിയെടുത്തതായി പരാതി

കോഴിക്കോട് താമരശേരിയിൽ ചുമട്ടുതൊഴിലാളിയുടെ പണം തട്ടിയെടുത്തതായി പരാതി. പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കിയാണ് 5000 രൂപ തട്ടിയെടുത്തത്. താമരശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഹമീദ് താമരശേരി പൊലീസിൽ പരാതി നൽകി.

പട്ടാപ്പകല്‍ ജീന്‍സ് മോഷ്ടിച്ച് യുവാവ്

തൃശൂര്‍ ചാവക്കാട് മണത്തലയില്‍, വീട്ടിലെ അഴയില്‍ ഉണക്കാനിട്ട ജീന്‍സ് പാന്റ് പട്ടാപ്പകല്‍ മോഷ്ടിച്ച് യുവാവ്. മണത്തല കാറ്റാടി കടവ് റോഡിലെ വീടിന് മുന്നില്‍ ഉണക്കാനിട്ട ജീന്‍സ് പാന്റാണ് യുവാവ് മോഷ്ടിച്ചത്.

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം. ഫോറസ്റ്റ് വാച്ചറെ കാട്ടാന ആക്രമിച്ചു. പ്ലാന്റേഷൻ വാലിക്ക് സമീപമാണ് കാട്ടാന ആക്രമണം. ഫോറസ്റ്റ് വാച്ചർ സുഭാഷിനെയാണ് ആന ആക്രമിച്ചത്. സുഭാഷിനെ ചാലക്കുടി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പേരക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മുത്തശി മുങ്ങിമരിച്ചു

പേരക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മുത്തശി മുങ്ങിമരിച്ചു. എറണാകുളം കോതമംഗലം കണ്ണാടിക്കോട് സ്വദേശി ലീലയാണ് മരിച്ചത്. പരീക്കണ്ണി പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ മുങ്ങി പോയ പേരക്കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ലീല അപകടത്തിൽ പെടുകയായിരുന്നു.

മണ്ണാർമലയിൽ വീണ്ടും പുലി

മലപ്പുറം മണ്ണാർമലയിൽ വീണ്ടും പുലി. വൈകുന്നേരം 7:20 ഓടെയാണ് പുലി എത്തിയത്. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം എത്തിയ പുലി കൂട്ടിൽ കയറാതെ മടങ്ങി.

ക്രൂരത കോഴിക്കോടും! മുസ്ലിം ലീഗ് നേതാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

മുസ്ലിം ലീഗ് നേതാവിൻ്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. കുറ്റിക്കാട്ടൂർ സ്വദേശി മാമുക്കോയക്കാണ് പൊലീസിൻ്റെ മർദനമേറ്റത്. മുഖത്തടിച്ച ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും നടപടിയില്ല. 2023 ഡിസംബർ 23-നാണ് മാമുക്കോയക്ക് മുഖത്ത് അടിയേറ്റത്. സംഭവം നടന്ന് രണ്ടു വർഷമായിട്ടും നടപടിയില്ലെന്നും പരാതി.

വടകരയിൽ ബാറിൽ വെച്ച് ഒരാൾക്ക് കുത്തേറ്റു

കോഴിക്കോട് വടകരയിൽ ബാറിൽ വെച്ച് ഒരാൾക്ക് കുത്തേറ്റു. വടകര താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. ബാറിൽ വെച്ചുള്ള വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

വീണ്ടും പൊലീസ് അതിക്രമം; പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമയെയും മകനെയും പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പാകിസ്ഥാനിൽ ക്രിക്കറ്റ് മാച്ചിനിടെ സ്റ്റേഡിയത്തിൽ സ്ഫോടനം; ഒരു മരണം

"മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കാ... പിറന്നാൾ ആശംസകൾ"; പിറന്നാളാശംസകൾ നേർന്ന് മന്ത്രി വി. ശിവൻകുട്ടി

SCROLL FOR NEXT