ആറന്മുള ക്ഷേത്രത്തിലെ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി എത്തി. കാട്ടൂർ ക്ഷേത്രത്തിൽ നിന്നും ഇന്നലെ വൈകിട്ട് ആരംഭിച്ച യാത്രയാണ് പുലർച്ചെ ആറുമണിയോടെ ആറന്മുള ക്ഷേത്രക്കടവിൽ എത്തിയത്. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കൊല്ലം തിരുവോണത്തോണിക്ക് നായകത്വം വഹിച്ചത്.
കേരള ക്രിക്കറ്റ് ലീഗ് ഫൈനലിസ്റ്റുകളെ ഇന്നറിയാം. സെമി ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ആണ് എതിരാളികള്‍.
ആദ്യ സെമിയിൽ തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയ്ലേഴ്സിനെ നേരിടും.
കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കരയിൽ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകൾ രാവിലെ ആരംഭിച്ചു. വിശേഷാൽ പൂജകൾ പുലർച്ചെ തന്നെ ആരംഭിച്ചിരുന്നു.
വാമനമൂർത്തിയുടെ എഴുന്നള്ളത്ത് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. തുടർന്ന് ഓണസദ്യയും നടക്കും. ചടങ്ങുകളിൽ പങ്കെടുക്കാനായി ആയിരത്തോളം പേരാണ് പുലർച്ചെ എത്തിയത്
ആചാരപെരുമയിൽ പത്മനാഭസ്വാമിക്ക് ഓണവില്ല് സമർപ്പിക്കുകയാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ഓണവില്ല് സമർപ്പണം. ഐതിഹ്യവും ആചാരവും സമന്വയിക്കുന്ന ഓണവില്ലുകൾ തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബമാണ് തയ്യാറാക്കിയത്. പത്മനാഭസ്വാമിയുടെ ചിത്രത്തിൽ മൂന്നടി വലുപ്പത്തിൽ നിർമ്മിച്ച അനന്ത ചൈതന്യ വില്ലാണ് ഇത്തവണത്തെ പ്രത്യേക.
തൃശൂർ മാരാങ്കോട് കുടിൽ കെട്ടി ആദിവാസികൾ. വീരൻകുടി ഉന്നതിയിലെ അഞ്ചു കുടുംബങ്ങളാണ് കുടിൽ കെട്ടിയത്. വന്യജീവി ഭീഷണിയും, പ്രകൃതി ദുരന്ത ഭീഷണിയും നേരിടുന്ന ഇവരെ മാറ്റിപ്പാർപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ, വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മാരാങ്കോട് കണ്ടെത്തിയ ഭൂമി കൈമാറാൻ സാധിച്ചിരുന്നില്ല. ഒരു നടപടിയും ഉണ്ടാകാതെ ആയതോടെ ഇന്ന് പുലർച്ചെ കുടിൽ കെട്ടിയത്. ഇവർക്കായി ജില്ലാ കളക്ടർ കണ്ടെത്തിയ ഭൂമിയിലാണ് കുടിൽ കെട്ടിയത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ യുവാവ് ബൈക്കോടിച്ചത് ബെറ്റിങ്ങിൻ്റെ ഭാഗമായി. സാഹസികത നിറഞ്ഞ സാഹചര്യങ്ങളിൽ ബൈക്കോടിച്ച് ബെറ്റിങ്ങ് നടത്തുന്ന സംഘത്തിൻ്റെ ഭാഗമാണ് അജ്മലെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇയാൾ സംസ്ഥാനം വിട്ടതായും അന്വേഷണ സംഘം
തുല്യതയുടെയും മൈത്രിയുടെയും ആദർശ ചിന്തകളാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങളുടെ കാതൽ. ഉന്നതമായ മാനവികതയിലൂന്നിക്കൊണ്ട് സന്തോഷപൂർണമായ സാമൂഹികജീവിതം നയിക്കാനുള്ള ഊർജ്ജം നബിസ്മരണ പകർന്നുനൽകുന്നു. ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കാനും ഏവർക്കും നിറവോടെ ഒത്തൊരുമിച്ച് ജീവിക്കാനുള്ള ഇടമാക്കി തീർക്കാനും നമുക്കൊരുമിച്ചു പ്രയത്നിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.
ഈ ഓണം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം സമൂഹത്തിൽ സൗഹാർദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെയെന്നും മോദി എക്സില്‍ കുറിച്ചു.
ഓണാശംസകള്‍ നേർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ ഉത്സവകാലം എല്ലാവർക്കും സന്തോഷവും, സമാധാനവും, സമൃദ്ധിയും നൽകട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ്.
ഓണം സ്നേഹവും കാരുണ്യവും ഐക്യവും നിറയ്ക്കട്ടെയെന്ന് വയനാട് എംപി പ്രയിങ്കാ ഗാന്ധി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അശ്വിനി കുമാർ ഉപാധ്യായ ആണ്ഹർജി നൽകിയത്. കേരളത്തിലും എസ്ഐആർ വേണം എന്നാണ് ആവശ്യം.
കേരളം, തമിഴ്നാട്, അസം , ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം വേണമെന്നാണ് ഹർജിയില്‍ പറയുന്നത്.
കുന്നംകുളം പോലീസ് സ്റ്റേഷൻ മർദനത്തില്‍ തൃശൂർ റേഞ്ച് ഡിഐജി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.ഡിഐജി ആർ. ഹരിശങ്കറിന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധ ഓണസദ്യ ഒരുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചേർത്തോട് ആണ് സംഭവം. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണെന്നാണ് പൊലീസ് നിഗമനം.
മലയാളത്തില്‍ ഓണാശംസകള്‍ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഓണം ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണെന്നും ഇരു സംസ്ഥാനങ്ങളുടെയും ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സ്റ്റാലിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
"എന്റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ!
ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ്. നമ്മുടെ ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.അതുപോലെ തന്നെ നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശമാണ് നമ്മുടെ ആഘോഷങ്ങളിൽ പ്രതിധ്വനിക്കുന്നത്.
ഓണം പൂക്കളങ്ങളും സദ്യയും ആഘോഷങ്ങളും മാത്രമല്ല,
എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന,സ്വാഭിമാനം
എല്ലാവർക്കും തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ്. ഒരു നാടിന്റെ സമൃദ്ധി എല്ലാവരോടും കൂടെ തുല്യമായി പങ്കിടുമ്പോൾ മാത്രമാണ് അർത്ഥവത്താകുന്നത് എന്ന ഓർമ്മപ്പെടുത്തലുമാണ്.
ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ, എല്ലാ കുടുംബങ്ങളും സന്തോഷത്താൽ നിറയട്ടെ, ഒരുമിച്ച് തുല്യവും നീതിയുക്തവും മാന്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ!," സ്റ്റാലിന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു. അത്താണി മാച്ചോട്ടിൽ വീട്ടിൽ സ്വദേശി നൗഷാദ് ഉമ്മർ ആണ് മരിച്ചത്. കുഴൽ കിണർ നിർമാണത്തിനിടെ ഷോക്കേറ്റതാണെന്നാണ് വിവരം . യുവാവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവോണ ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥി. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് പെൺകുഞ്ഞിനെ ലഭിച്ചത്. നാല് ദിവസം പ്രായമായ കുഞ്ഞിന് അധികൃതർ തുമ്പ എന്ന് പേരിട്ടു.
തിരുവനന്തപുരത്ത് പൂ കച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേല്‍പ്പിച്ചു. തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാറിനാണ് കുത്തേറ്റത്. കടയിലെ ജീവനക്കാരൻ കുമാർ എന്ന കട്ടപ്പ കുമാറിനെ പൊലീസ് പിടികൂടി.
കൊല്ലം കുളത്തൂപ്പുഴയിൽ ജീപ്പ് മറിഞ്ഞ് വൃദ്ധക്ക് ദാരുണാന്ത്യം. ആര്യങ്കാവ് നെടംപാറ സ്വദേശി ഓമന (65) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് പോസ്റ്റിലിടിച്ച് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റു.
എറണാകുളത്ത് ഓട്ടോറിക്ഷ മരത്തിലിടിച്ച് ഡ്രൈവർ കിണറ്റിലേക്ക് വീണു. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. യുവാവിനെ രക്ഷപ്പെടുത്തി. ഇയാൾക്ക് കാര്യമായ പരിക്കില്ല.
കുന്നംകുളം സ്റ്റേഷനിലെ കാക്കി ഭീകരതയിൽ സർക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുജിത്തിനെ മർദിച്ച പൊലീസുകാർ ആരും യൂണിഫോം അണിഞ്ഞ് ജോലി ചെയ്യില്ല. അടിയന്തര നടപടി ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. ആരും കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രതികരണം ആകും ഇനി കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നും സർക്കാരിന് മുന്നറിയിപ്പ്.
കൊല്ലം: കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് വൃദ്ധ മരിച്ചു. ആര്യങ്കാവ് നെടംപാറ സ്വദേശി ഓമന (65) ആണ് മരിച്ചത്.
കോഴിക്കോട് കൊടുവള്ളി ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. മാതാവിനൊപ്പം കുളിക്കാനെത്തിയ 10, 12 വയസുള്ള കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പടുത്തി. 12 വയസുള്ള മകനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മെഗാ ഡ്രോൺ ഷോ കാണാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാത്രി 8.15 മണി മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ഇന്ന് രാത്രി 8.45നാണ് മെഗാ ഡ്രോൺ ഷോ ആരംഭിക്കുന്നത്.
നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു. വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കൽ നഗറുകളിലെ കുട്ടികൾ അടക്കമുള്ളവരാണ് പുഴയിൽ വീണത്. പുന്നപ്പുഴ കടക്കുമ്പോഴായിരുന്നു ചങ്ങാടത്തിൻ്റെ കയര്‍ പൊട്ടിയത്. 25 മീറ്ററോളം ദൂരം അപകടത്തിൽപ്പെട്ടവര്‍ ഒഴുകിപ്പോയി. സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
മലപ്പുറം: പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ബീഹാർ സ്വദേശി താഹിറി (18) ന് ആണ് ഷോക്കേറ്റത്. പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ കെട്ടിടത്തിൽ ജോലിക്കിടെയായിരുന്നു അപകടം. ഷോക്കേറ്റ താഹിർ തെറിച്ച് വീണു. മലയാളിയായ മറ്റൊരു തൊഴിലാളി സിപിആർ നൽകിയത് തുണയായി. താഹിർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചകിത്സ തേടി.
കൃഷിമന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം. ചേർത്തല താലൂക്ക് ആശുപത്രിയിൽ മന്ത്രി ചികിത്സ തേടി. ഓണപരിപാടി കഴിഞ്ഞു മടങ്ങവേയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മന്ത്രി ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു.
തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന ഡ്രോൺ ഷോ ആരംഭിച്ചു. 1000 ഡ്രോണുകളാണ് ആകാശവിസ്മയം തീർക്കുക. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിന്നും പൊതുജനങ്ങൾക്ക് പരിപാടി കാണാനാകും.
പാലക്കാട് അട്ടപ്പാടി അഗളിയിലെ ജനവാസമേഖലയിൽ ഒറ്റയാൻ. ഇന്ന് പുലർച്ചെ ഒറ്റയാനെത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത്.
പാലക്കാട് മലമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചേമ്പന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. മദ്യലഹരിയിലായിരുന്നു ഉണ്ണികൃഷ്ണനെന്ന് പൊലീസ് പറയുന്നു. നിസാര പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരിക്ക് ഗുരുതരമല്ല.
നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ പാലത്തിന് സമീപം ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ബാബു കുട്ടൻ (43) ആണ് മരിച്ചത്. ഇയാൾ സ്ഥിര മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു.
മഞ്ചേശ്വരത്ത് 86കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മഞ്ചേശ്വരം സ്വദേശി സുബ്ബണ്ണ ഭട്ടാണ് മരിച്ചത്.
കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിൽ. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 15 റൺസിന് തോൽപ്പിച്ചു. ഫൈനലിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ നേരിടും.