മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ്. മുംബൈ പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായ ദീപക് കോത്താരി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
നിക്ഷേപവുമായി ബന്ധപ്പെട്ട് 60 കോടി വാങ്ങിയെന്നും ആ തുക പിന്നീട് വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നുമാണ് ദീപക് കോത്താരിയുടെ ആരോപണം. 2015 നും 2025 നും ഇടയിലാണ് പണം കൈപ്പറ്റിയത്. തുക പലിശയടക്കം തിരികെ നൽകുമെന്ന് നടി ശിൽപ ഷെട്ട് ഉറപ്പുനൽകിയിരുന്നുവെന്നും കോത്താരി വ്യക്തമാക്കി.
ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും യാത്രാ രേഖകൾ പൊലീസ് ഇപ്പോൾ അന്വേഷിച്ചുവരികയാണെന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കമ്പനിയുടെ ഓഡിറ്ററെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച ശിൽപ ഷെട്ടിയും ഭർത്താവും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.