
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ പേരുകളും പുറത്തുവിടണമെന്നാണ് ഫെഫ്കയുടെ നിലപാടെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായി ബി ഉണ്ണികൃഷ്ണന്‍. ആരോപണ വിധേയരായ ഫെഫ്ക അംഗങ്ങളെ അറസ്റ്റ് ചെയ്താല്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം.
ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത് :
ഇതിനകത്ത് മൗനം പാലിക്കുക എന്ന സംഗതിയാണല്ലോ ഇപ്പോള്‍ പറയുന്നത്. അതിനെ കുറിച്ച് ഞങ്ങള്‍ക്കുള്ള ഒരു അഭിപ്രായം ഈ പറയുന്ന 21 യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറി ഇത്രയും ദുരവ്യാപകമായിട്ടുള്ള അനന്തരഫലങ്ങളുള്ള ഒരു റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും ഒരു അഭിപ്രായം എല്ലാവരുടെയും കേട്ടിട്ട് സംസാരിക്കണമെന്നുള്ള നിര്‍ബന്ധം ഈ കമ്മിറ്റിക്കകത്ത് ഇവിടെ നില്‍ക്കുന്നവരെല്ലാം കൂടി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആ സംസാരം ഞാന്‍ മാറ്റി വെക്കുന്നത്. മറ്റൊന്ന് ആദ്യ ഘട്ടത്തില്‍ 19ന് റിപ്പോര്‍ട്ട് വന്നപ്പോള്‍ ഏതാണ്ട് രണ്ട് മണിക്കൂറുകള്‍ കൊണ്ട് ഞാന്‍ അതൊന്ന് ഓടിച്ച് വായിച്ചുനോക്കി. പിന്നീടാണ് പലവട്ടം വായിക്കുന്നത്. അത് വായിച്ചപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രതിനിധികളും AMMAയുടെ പ്രതിനിധികളും അന്ന് അവരുടെ ഒരു ഷോയുമായി ബന്ധപ്പെട്ട് മാരിയറ്റില്‍ ഉണ്ടായിരുന്നു. അവരെന്നെ രാത്രിയില്‍ ബന്ധപ്പെട്ടിട്ട് എന്നെ കാണണം എന്ന് പറഞ്ഞു. ഇത് ഇന്‍ഡസ്ട്രിയെ ബാധിക്കുന്ന കാര്യമായതുകൊണ്ട്, അപ്പോള്‍ അന്ന് ഞാന്‍ അവിരോട് പങ്കുവെച്ചത്, നമുക്ക് ഇന്‍ഡസ്ട്രിയിലെ എല്ലാ സംഘടനകള്‍ക്കും ഒരുമിച്ച് വേണമെങ്കില്‍ മാധ്യമങ്ങളെ നാളെയൊന്ന് കാണാം എന്നായിരുന്നു. കണ്ടിട്ട് നമുക്ക് അവിരോട് പറയാം ഇതിനകത്ത് വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടെന്ന്. ൃഇതിനകത്തുള്ള ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണ്. അത് അഡ്രസ് ചെയ്യപ്പെടണം എന്നും പറഞ്ഞു.
പക്ഷെ ഇതിനെ ആക്ടേഴ്‌സ് അസോസിയേഷനിലെ ചില ആക്ടേഴ്‌സ് അതിനെ ശക്തിയുക്തം എതിര്‍ത്തു. അതുകൊണ്ടാണത് നടക്കാതെ പോയത്. അതില്‍ പ്രസിഡന്റ് ആയ ശ്രീ മോഹന്‍ലാലും ശ്രീ മമ്മൂട്ടിയും അവിടെയുണ്ടായിരുന്നു. അവര്‍ക്ക് ബെയിസിക്കലി ഇത് സംസാരിക്കുന്നതിന് വലിയ കൊഴപ്പം ഇല്ലായിരുന്നു. പക്ഷെ ചിലര്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. പിന്നീട് ആ എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി നിങ്ങളുടെ മുന്നില്‍ വരുന്നതും നമ്മള്‍ കണ്ടു. അത്തരം നിലപാടുകളാണ് നമ്മളെ ഈ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നതെന്നും നമുക്ക് തോന്നുന്നുണ്ട്. മറ്റൊന്ന് നിങ്ങള്‍ക്ക് കിട്ടിയ പത്രകുറിപ്പില്‍ ഞങ്ങള്‍ പറയുന്നുണ്ട്. അത് ഒരു സംഘടനയെ അത് പറഞ്ഞിട്ടുള്ളു. മുഴുവന്‍ പേരുകളും പുറത്തുവരണം എന്ന്. അതാണ് ഫെഫ്‌കെയുടെ നിലപാട്. മുഴുവന്‍ പേരുകളും പുറത്തുവരുകയും ലീഗലായ പ്രൊസസിലൂടെ അവര്‍ കടന്ന് പോണം.
ALSO READ : 'എവിടെക്കും ഒളിച്ചോടിയിട്ടില്ല, എല്ലാ ചോദ്യത്തിനും AMMA അല്ല മറുപടി നല്‍കേണ്ടത്' : മോഹന്‍ലാല്‍
തുറന്ന് പറച്ചിലിലൂടെ ഫെഫ്ക അംഗങ്ങള്‍ ആരോപണ വിധേയരായിട്ടുണ്ട്. അതില്‍ ഫെഫ്കയ്ക്ക് കോമണായ ഒരു സ്റ്റാന്റ് ഉണ്ട്. സംവിധായകന്‍ ലിജു കൃഷ്ണ ഒമര്‍ ലുലു തുടങ്ങിയവര്‍ക്കെതിരെയൊക്കെ ആരോപണം ഉണ്ടായിട്ടുണ്ട്. എഫ്‌ഐആര്‍ ഇട്ടാല്‍ ഞങ്ങളൊരു നടപടിയിലേക്ക് പോകില്ല. കാരണം എഫ്‌ഐആര്‍ ഇതില്‍ മാത്രമല്ല പല വിഷയത്തിലും ഉള്ള അംഗങ്ങള്‍ ഫെഫ്കക്കകത്ത് ഉണ്ട്. പക്ഷെ പൊലീസ് അന്വേഷണത്തിന്റെ പുരോഗതിയില്‍ പൊലീസ് അവരുടെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ കോടതി പരാമര്‍ശം നടത്തുകയോ അറസ്‌റ്റോ ഉണ്ടായാല്‍ ആ നിമിഷം ആ അംഗം സസ്‌പെന്റഡാകും. പിന്നീട് അദ്ദേഹം അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയച്ചതിന് ശേഷം മാത്രമെ അംഗത്വത്തിലേക്ക് മടങ്ങി വരാന്‍ കഴിയുകയുള്ളൂ.
പ്രാധമികമായിട്ട് നിങ്ങളുടെ അറിവിലേക്ക് ഒരു കാര്യം പറയാം. ഇതിനകത്ത് ഒരു നിര്‍ദ്ദേശമുണ്ട്. ഡ്രൈവര്‍മാര്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ളവരാവരുത് എന്നൊരു നിര്‍ദ്ദേശമുണ്ട്. ഈ കമ്മിറ്റി ഗൗരവകരമായി മലയാള സിനിമയിലെ ഡ്രൈവേഴ്‌സ് യൂണിയനെ കുറിച്ച് പഠിച്ചിരുന്നെങ്കില്‍ ആ പരാമര്‍ശം വരില്ല. കാരണം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുള്ള ആളുകള്‍ക്കെ ഇതില്‍ അംഗത്വമുള്ളൂ. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഡ്രൈവര്‍ ഞങ്ങളുടെ അംഗമല്ല.