fbwpx
എവിടേക്കും ഒളിച്ചോടിയിട്ടില്ല, എല്ലാ ചോദ്യത്തിനും AMMA അല്ല മറുപടി നല്‍കേണ്ടത്: മോഹന്‍ലാല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Aug, 2024 04:23 PM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്നും അമ്മയിലെ വിവാദങ്ങളില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു

MALAYALAM MOVIE


മലയാള സിനിമയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്ന് മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമുള്ള നടന്‍റെ ആദ്യത്തെ പരസ്യപ്രതികരണം ആണിത്. AMMA യിലെ വിവാദങ്ങളില്‍ ദുഃഖമുണ്ട്. മാധ്യമങ്ങില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. പ്രതികരണം വൈകിയത് ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്‍റെ ജോലികളും കൊണ്ടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. രണ്ട് തവണ കമ്മിറ്റിയോട് സംസാരിച്ചിരുന്നു. AMMA ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള സംഘടനയല്ല, കുടുംബം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ മലയാള സിനിമ ഒന്നടങ്കമാണ് മറുപടി നല്‍കേണ്ടത്. എന്തിനും ഏതിനും AMMAയെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്, എല്ലാത്തിനും AMMAയല്ല മറുപടി നല്‍കേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വളരെ കഷ്ടപ്പെട്ട് ഉണ്ടായ ഇന്‍ഡസ്ട്രിയാണ് മലയാളം. മറ്റ് ഭാഷകളിലേക്ക് പോകുമ്പോഴാണ് മലയാളത്തിന്‍റെ മഹത്വം മനസിലാകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരും കോടതിയും അന്വേഷണം നടത്തുന്നുണ്ട്. അതിന് മറുപടി നല്‍കാന്‍ തനിക്ക് കഴിയില്ലെന്നും നടന്‍ കൊച്ചിയില്‍ പറഞ്ഞു.

ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മമ്മൂട്ടി ഒന്നും പറഞ്ഞില്ല, മൗനം സങ്കടകരം : സജിത മഠത്തില്‍

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വൈദഗ്ധ്യമുള്ള ആളല്ല ഞാന്‍. കോടതിയുടെ മുന്നിലുള്ള കാര്യങ്ങളില്‍ എനിക്ക് മറുപടിയില്ല. ഒരു ദിവസം കൊണ്ട് ഞങ്ങള്‍ അനന്യന്മാരായോ, മോശം കാര്യങ്ങള്‍ സംഭവിച്ചു. ഇനി ഉണ്ടാകാതിരിക്കാന്‍ നോക്കാമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

'ഞങ്ങളെന്താണ് ചെയ്യേണ്ടത്. ഒരു ഇൻഡസ്ട്രി തകർന്നുപോകുന്ന കാര്യമാണിത്. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നു. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണിത്. ഒരുപാട് നല്ല ആക്ടേഴ്സ് ഉണ്ടായിരുന്നു, ഉള്ള, ഉണ്ടാകാൻ പോകുന്ന ഇൻഡസ്ട്രിയാണിത്. സിനിമ ഇൻഡസ്ട്രിയെ തകർക്കരുത്', മോഹൻലാൽ പറഞ്ഞു.

താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല, അതിനെ കുറിച്ച് അറിയില്ല. എല്ലാവരുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു ഒരുമിച്ചുള്ള രാജിവെക്കല്‍. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല. കേരളത്തിൽ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകൾ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാൻ ശ്രമിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.


NATIONAL
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികവ് പുലർത്തി പെണ്‍കുട്ടികള്‍, 93.66% വിജയം
Also Read
user
Share This

Popular

KERALA
KERALA
സാത്താൻ സേവയുടെ മറവിലൊരു സൈക്കോ കൊലപാതകം; നന്തൻകോട് കേസിൻ്റെ നാൾവഴികൾ...