
ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ച തിളക്കത്തിൽ നിൽക്കുകയാണ് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. തിയേറ്റർ റിലീസ് ആയപ്പോൾ അർഹിച്ച പ്രശംസയോ കൈയ്യടികളോ ലഭിച്ചില്ലെങ്കിലും, ചിത്രം ഒടിടിയിൽ എത്തിയപ്പോൾ നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് മുന്നോട്ട് വന്നിരുന്നു. ഇനിയും ഇത്തരത്തില്‍ സ്ത്രീകളുടെ കഥ പറയുന്ന സിനിമകള്‍ ചെയ്യണമെന്ന് കിരണ്‍ റാവു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
"കഥ എന്നോട് സംസാരിക്കുകയായിരുന്നു. ഈ കഥ, സ്വാതന്ത്ര്യവും, അവസരങ്ങളും , ശബ്ദവും തേടുന്ന രണ്ട് പെൺകുട്ടികളെ കുറിച്ചാണ്. എനിക്ക് തോന്നുന്നത് ഹിന്ദി സിനിമയിൽ സ്ത്രീകളെ കുറിച്ചുള്ള കൂടുതൽ സിനിമകൾ ആവശ്യമാണ് എന്നാണ്. കൂടുതൽ സ്ത്രീ സംവിധായകരും, നിർമാതാക്കളും, തിരക്കഥാകൃത്തുക്കളും, അഭിനേതാക്കളും എല്ലാം ആവശ്യമാണ്. എനിക്കിനിയും സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള കഥകൾ പറയാൻ ആഗ്രഹമുണ്ട്", കിരൺ റാവു പറഞ്ഞു.
സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നർമം കലർത്തി വേണം കഥ പറയാൻ. കാരണം ആരും സിനിമ തീയേറ്ററിൽ ലെക്ചർ ആഗ്രഹിച്ച് കേറില്ല. നർമം കലർത്തി പറയാനുള്ളത് പറഞ്ഞാലേ പ്രേക്ഷകർ ശ്രദ്ധിക്കു എന്നും കിരൺ റാവു പറഞ്ഞു.
ആമിർ ഖാൻ പ്രൊഡക്ഷൻസ് ആയിരുന്നു ലാപാത ലേഡീസ് നിർമിച്ചത്. "ഞങ്ങൾക്ക് വളരെ സന്തോഷം നൽകുന്നതാണ് ഈ വാർത്ത. കിരണിനും ടീമിനും അഭിനന്ദങ്ങൾ. ഞങ്ങളുടെ ചിത്രത്തെ ഓസ്കാറിലേക്ക് തിരഞ്ഞെടുത്ത ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലെക്ഷൻ കമ്മിറ്റിക്ക് നന്ദി", ആമിർ ഖാൻ പറഞ്ഞിരുന്നു.