
മലയാള സിനിമയിലെ നടി നടന്‍മാരെയും അണിയറ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് പുതിയ സംഘടന രൂപീകരിക്കാന്‍ നീക്കം. ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കാൻ നീക്കം തുടങ്ങിയിരിക്കുന്നത്. നിലവിലെ സംഘടനകളിലെ അതൃപ്തരെ ഒന്നിച്ചു ചേര്‍ത്ത് ചർച്ചയ്ക്ക് തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിക്കും. നിലവില്‍ ബിഎംഎസിന് സിനിമ മേഖലയില്‍ തൊഴിലാളി യൂണിയനുള്ള വിവരം ശ്രദ്ധയില്‍പ്പെടുത്തും. മുന്‍പ് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ സിനിമ മേഖലയിൽ യൂണിയൻ കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഫെഫ്ക ഇടപെട്ട് ഈ നീക്കം പൊളിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ AMMAയിലും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിലും ഉണ്ടായ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിലാണ് പുതിയ സിനിമ സംഘടനയ്ക്ക് രൂപം നല്‍കാനുള്ള ചര്‍ച്ചകള്‍ സജീവമായത്. അംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള AMMA എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള ലാഘവത്തോടെയുള്ള നിലപാടില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.