"ഞാന്‍ സുരേഷ് കുമാറിനൊപ്പം"; സിനിമാ സമരം വന്നാല്‍ ആൻ്റണി ചേട്ടനും ഒപ്പം നില്‍ക്കുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

ആന്റണി ചേട്ടന്‍ പോസ്റ്റിടാന്‍ കാരണം സുരേഷ് കുമാര്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞതുകൊണ്ടാണെന്നും ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.
"ഞാന്‍ സുരേഷ് കുമാറിനൊപ്പം"; സിനിമാ സമരം വന്നാല്‍ ആൻ്റണി ചേട്ടനും ഒപ്പം നില്‍ക്കുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍
Published on


നിര്‍മാതാക്കളുടെ സംഘടനയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ സുരേഷ് കുമാറിനൊപ്പമാണെന്നും സിനിമ സമരം വന്നാല്‍ ആന്റണി പെരുമ്പാവൂര്‍ ഒപ്പമുണ്ടാകുമെന്നുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. ആന്റണി ചേട്ടന്‍ പോസ്റ്റിടാന്‍ കാരണം സുരേഷ് കുമാര്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞതുകൊണ്ടാണെന്നും ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍ :


സംഘര്‍ഷം പരിധിവിട്ട് പോകുന്നതുകൊണ്ടാണ് ഈ വാര്‍ത്താ സമ്മേളനം വിളിച്ചത്. സിനിമ ഒരു വിനോദമാണ്. അതില്‍ ഒരുപാട് പേര്‍ ജോലി ചെയ്യുന്നുണ്ട്. 2024 എന്ന് പറയുന്നത് മലയാള സിനിമയുടെ ഏറ്റവും നല്ല വര്‍ഷമായിരുന്നു. അങ്ങനെയൊരു വര്‍ഷത്തില്‍ നിന്ന് 2025ലേക്ക് എത്തുമ്പോള്‍ അതിന്റെ ബിസിനസ് സാധ്യത കുറഞ്ഞുവരുകയാണ്. ഞങ്ങളെ സംബന്ധിച്ച് നിര്‍മാണ ചിലവ് കൂടി പോയി. അത് ഓരോ എക്‌സിക്യൂട്ടീവിലും സംസാരിച്ചിരുന്നു. പിന്നീട് ഒരു സംയുക്ത മീറ്റിംഗ് നടത്തി. അതില്‍ ചേമ്പറും ഡിസ്ട്രിബ്യൂട്ടര്‍മാരും തിയേറ്റര്‍ ഉടമകളും പങ്കെടുത്തു. അതില്‍ പങ്കെടുക്കാന്‍ ആന്റണി ചേട്ടനെ വിളിച്ചിരുന്നു. പക്ഷെ തിരക്കു കാരണം പങ്കെടുക്കാനായില്ല. മീറ്റിംഗില്‍ അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കുന്നതെല്ലാം ചര്‍ച്ചയായിരുന്നു. അഞ്ച് ലക്ഷത്തിന് മുകളില്‍ പ്രതിഫലം ഉള്ള അഭിനേതാക്കള്‍ക്ക് ആദ്യം 30 ശതമാനവും പിന്നീട് ഡബ്ബിംഗ് സമയത്ത് 30 ശതമാനവും. റിലീസിന് ശേഷം 40 ശതമാനവും നല്‍കാമെന്ന തരത്തില്‍ ചര്‍ച്ച നടത്തി. ഇക്കാര്യം അറിയിച്ചുകൊണ്ട് AMMAയ്്ക്ക് കത്ത് അയച്ചിരുന്നു. ജനറല്‍ ബോഡി കൂടിയതിന് ശേഷം മറുപടി തരാമെന്നാണ് പറഞ്ഞത്. AMMAയുമായി മികച്ച ബന്ധമാണ്. AMMAയുമായി ഷോ നടത്തിയപ്പോഴാണ് നിര്‍മാതാക്കളുടെ സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മാറിയത്.

ALSO READ : സുരേഷ് കുമാറിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് കൂടുതൽ പ്രതിഷേധമുയരുന്നു; ആൻ്റണിയെ പിന്തുണയ്ക്കാൻ ലിസ്റ്റിൻ


സിനിമയ്ക്ക് ഡബിള്‍ ടാക്‌സേഷന്‍ ആണ് വരുന്നത്. അത് പ്രേക്ഷകരിലേക്കാണ് എത്തുന്നത്. അപ്പോള്‍ അവര്‍ ചൂസിയാകുന്നു. അങ്ങനെ ഹിറ്റാകുന്ന സിനിമ മാത്രം തിയേറ്ററില്‍ നിന്ന് കാണാമെന്ന് പറയുമ്പോള്‍ തിയേറ്ററുകള്‍ പൂട്ടി പോകേണ്ടി വരുന്ന അവസ്ഥയാണ്. സിനിമ തിയേറ്ററുകാരുടെ അവസ്ഥ എനിക്ക് നന്നായി അറിയാം. കേരളത്തില്‍ 17-18 തിയേറ്ററുകള്‍ സര്‍ക്കാരിന്റേതാണ്. സര്‍ക്കാരും നമ്മള്‍ ചെയ്യുന്ന ബിസിനസ് ചെയ്യുന്നുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞതുകൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതല്ലാതെ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. ആന്റണി ചേട്ടനോട് സംസാരിച്ചിരുന്നു. നാളെ സിനിമ സമരം വന്നാല്‍ അതിനൊപ്പം അദ്ദേഹം നില്‍ക്കും. സുരേഷ് കുമാര്‍ ഒരു താരത്തേ വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. സുരേഷേട്ടന്‍ ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാന്‍ ആയിട്ടോ അല്ലെങ്കില്‍് വ്യക്തിപരമായി വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഞാനും സുരേഷ് കുമാറിനൊപ്പമാണ്. അങ്ങനെ പറയുമ്പോള്‍ ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറിനൊപ്പമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com