
ആരാധകരുടെ മാത്രമല്ല, സിനിമ ഇന്‍ഡസ്ട്രിയുടെ മൊത്തം ശ്രദ്ധ രാം ചരണ്‍ നായകനാകുന്ന സ്പോര്‍ട്സ് ഡ്രാമയിലേക്കാണ്. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ഗെയിം ചെയ്ഞ്ചറിനുശേഷമുള്ള രാം ചരണിന്റെ സിനിയാണിത്. വമ്പൻ താരനിര ഉണ്ടായിരുന്നെങ്കിലും ഗെയിം ചെയ്ഞ്ചര്‍ ബോക്സ് ഓഫിസിൽ തകര്‍ന്നടിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ രാം ചരണ്‍ ആരാധകര്‍ക്ക് ആശങ്കയും ആകാംക്ഷയും ഒരുപോലെയാണ്.
ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായിക. ജാന്‍വി ആദ്യമായാണ് രാം ചരണിനൊപ്പം എത്തുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രീകരണം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഷെഡ്യൂളില്‍ ഡല്‍ഹിയാണ് പ്രധാന ലൊക്കേഷന്‍. ഡല്‍ഹി ജുമാ മസ്ജിദ്, പാര്‍ലമെന്റ് എന്നിവിടങ്ങളിലായാകും ചിത്രീകരണം. ഷൂട്ടിങ്ങിന് അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അഭിനേതാക്കളോ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
സ്പോര്‍ട് ഡ്രാമയ്ക്കുവേണ്ടി രാം ചരണ്‍ വലിയ ശാരീരിക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. കായികതാരത്തിന് സമാനമായ രീതിയില്‍ ശരീരം പരുവപ്പെടുത്തി. ക്രിക്കറ്റും ഗുസ്തിയും പോലുള്ള കായിക ഇനങ്ങള്‍ താരം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. താടിയും നീണ്ട തലമുടിയുമുള്ള പരുക്കന്‍ ലുക്കിലും താരം ചിത്രത്തിലെത്തിയേക്കും. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മാണം.