
കാണികളില്‍ ആരോ അജ്ഞാത പദാർത്ഥം വിതറിയതിനെ തുടർന്ന് അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിൻ്റെ പ്രദർശനം തടസപ്പെട്ടു . മുംബൈ ഗെയ്റ്റി ഗാലക്‌സി തിയേറ്ററില്‍ ഇന്നലെ രാത്രി നടന്ന പ്രദർശനത്തിനിടെയാണ് സംഭവം. തിയേറ്ററിലുണ്ടായിരുന്നവർക്ക് ചുമയും തൊണ്ടയിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് സിനിമ പ്രദർശനം നിർത്തിവച്ചത്.
അജ്ഞാത പദാർഥം വിതറിയതിനെ തുടർന്ന് അസ്വസ്ഥരായ കാണികള്‍ തിയേറ്ററിനുള്ളില്‍ നിന്നും വെളിയിലേക്കിറങ്ങാന്‍ തിരക്കുകൂട്ടുന്ന വീഡീയോ പുറത്തുവന്നിട്ടുണ്ട്. "സിനിമ നിർത്തൂ. ആരോ എന്തോ സ്പ്രേ ചെയ്തു, എല്ലാവരും ചുമക്കുന്നു," കാണികളില്‍ ഒരാള്‍ വീഡിയോയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം ഉടൻ തീയറ്ററിലെത്തിയെങ്കിലും ആർക്കെതിരെയും കേസെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം, ഹൈദരാബാദിൽ പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തിയ ഒരു സ്ത്രീ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ അല്ലു അർജുൻ തിയേറ്ററിൽ സിനിമ കാണാനെത്തിയതിനെ തുടർന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ അല്ലൂ അർജുനെതിരെ കേസെടുത്തിട്ടുണ്ട്.
Also Read: 29ാമത് ഐഎഫ്എഫ്കെ: 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് പായല്‍ കപാഡിയക്ക്
ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് (39) വ്യാഴാഴ്ച രാവിലെ മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് രേവതി സന്ധ്യാ തിയേറ്ററില്‍ പ്രീമിയര്‍ ഷോ കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. അല്ലു അർജുനെ കാണാനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധംകെട്ട് നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീഴുകയും നില ഗുരുതരമാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.