
2020 ഡൽഹി കലാപക്കേസിൽ പ്രതികളായ 10 പേരെ ഡൽഹി കോടതി വെറുതെവിട്ടു. ഗോകുൽപുരിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതി ചേർത്തവരെയാണ് വെറുതെ വിട്ടത്. ഡൽഹി കർകർദൂമ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചല സെപ്റ്റംബർ 12-നാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ഷാനു എന്ന മുഹമ്മദ് ഷാനവാസ്, ഛുത്വ എന്ന മുഹമ്മദ് ഷൊയ്ബ്, ഷാരൂഖ്, റാഷിദ് എന്ന രാജ, ആസാദ്, അഷ്‌റഫ് അലി, പർവേജ്, മൊഹമ്മദ് ഫൈസൽ, റാഷിദ് എന്നിവർക്കെതിരായ എല്ലാ കുറ്റങ്ങളും എഴുതിതള്ളുകയായിരുന്നു. ഇവരുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ സ്ഥാപിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കലാപം, തീകൊളുത്തൽ, കവർച്ച എന്നിവ ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങളിൽ നിന്നാണ് പ്രതികളെ ഒഴിവാക്കിയത്.
2020 ഫെബ്രുവരി 24 ന് ശിവ് വിഹാറിലെ ബ്രിജ്പുരി റോഡിലെ ചമൻ പാർക്കിൽ 1500 ഓളം വരുന്ന കലാപകാരികൾ തൻ്റെ സ്വത്ത് നശിപ്പിച്ചുവെന്നാരോപിച്ച് നരേന്ദർ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കലാപകാരികൾ സ്വർണവും വെള്ളിയും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു.വീടിന് തീയിടുകയും സാരമായ കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
2020 ജൂലായ് 14-നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്, തുടർന്ന് 2023 ജനുവരിയിലും സെപ്‌റ്റംബറിലും അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചു. തെളിവുകളും ഒന്നിലധികം കുറ്റപത്രങ്ങളും ഉണ്ടായിരുന്നിട്ടും, ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് 10 പ്രതികളെയും വെറുതെവിട്ടത്.